Places to See

വരൂ..വയനാട്ടിലേക്ക്; കാണേണ്ട ഇടങ്ങള്‍

വയനാട്ടില്‍  ഏതെല്ലാം സ്ഥലങ്ങളാണ് കാണാനുള്ളത്? സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ്.കുറച്ചു പേരോട് പറഞ്ഞ ഉത്തരം ഇവിടെ കുറിയ്ക്കുന്നു.

കോഴിക്കോട് നിന്നും വയനാട്ടിലേക്കു വരുന്ന വഴിക്ക് ചുരം കയറി മുകളില്‍ വരുമ്പോള്‍, കാണുന്ന സ്ഥലമാണ് ലക്കിടിവ്യൂ പോയിന്റ്. മനോഹര കാഴ്ചയാണ്.

അടുത്തത് കരിന്തണ്ടന്‍റെ ചങ്ങല മരം. കല്പറ്റയിലേക്കുള്ള വഴിയിൽ റോഡിന്‍റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ചിരുന്ന ചങ്ങലമരം. താമരശ്ശേരി ചുരത്തിന്‍റെ പിതാവായ കരിന്തണ്ടനെ . ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാർ വെടിവെച്ചു കൊന്നെന്ന് കഥ.

ഇവിടെ നിന്നും 4 കിലോമീറ്റര്‍ . മുന്നോട്ടു പോകുമ്പോൾ പൂക്കോട് തടാകമായി. ഇവിടെ ബോട്ടിംഗ് സൗകര്യമുണ്ട്. വെറ്റിറിനറി യൂണിവേഴ്‌സിറ്റിയും പൂക്കോടുണ്ട്.

പൂക്കോട് നിന്നും, വൈത്തിരി വഴി, പടിഞ്ഞാറത്തറ വന്നാൽ, ബാണാസുരസാഗർ ഡാം സന്ദര്‍ശിക്കാം. പോകുന്ന വഴിയുള്ള കാഴ്ചകളും നല്ലതാണ്. ഡാമിന് അടുത്താണ്, മീൻമുട്ടി വെള്ളച്ചാട്ടം. ഇനിയും യാത്ര താല്‍പ്പര്യമെങ്കില്‍ തോട്ടപ്പുറം മനോഹരമായ കർലാഡ് തടാകം കാണാം. ഇതോടെ ആദ്യദിന യാത്ര അവസാനിപ്പിക്കാം. താമസം മാനന്തവാടിയിലാക്കാം.

രണ്ടാം ദിനം രാവിലെ തിരുനെല്ലിയ്ക്ക് വിടാം. (തിരുനെല്ലി പോകുന്ന വഴി, കുട്ടേട്ടന്‍റെ കടയിൽ നിന്ന് ഉണ്ണിയപ്പം, ഇഡലി ഒക്കെ കഴിക്കാം). തിരുനെല്ലി ക്ഷേത്രം, പക്ഷിപാതാളം, പാപനാശിനി ഒക്കെയുണ്ട് കാണാന്‍. തോൽപ്പെട്ടി/നാഗർഹോള എന്നിവിടങ്ങളില്‍ വന്യമൃഗങ്ങളെ കാണുകയുമാകാം. വനയാത്രക്ക് വാടക ജീപ്പ് കിട്ടും. വേനലിലും പ്രത്യേക സാഹചര്യങ്ങളിലും വന്യജീവിസങ്കേതത്തില്‍ പ്രവേശനം അനുവദിക്കില്ല. മാനന്തവാടിയില്‍ പഴശ്ശിയുടെ ശവകുടീരവുമുണ്ട്. അന്നോ അടുത്ത ദിവസമൊ കുറുവ ദ്വീപ് കാണാം. കൽപ്പറ്റ പോകുന്ന വഴി, ജൈന ക്ഷേത്രവുമുണ്ട്. പ്രാചീന ജൈന ക്ഷേത്രങ്ങളും ജൈന മത വിശ്വാസികളും വയനാട്ടിലുണ്ട്.

എടക്കൽ ഗുഹ സന്ദര്‍ശിക്കുന്നത് പുരാതന ശിലാലിഖിതങ്ങൾ കാണാനുള്ള മികച്ച അവസരം കൂടിയാണ്. ഇവിടെനിന്നും 5 കിലോമീറ്റർ അകലെയുള്ള അമ്പലവയൽ പൈതൃക മ്യൂസിയവും, കാർഷിക ഗവേഷണ കേന്ദ്രവും (Regional Agricultural Research Station) താൽപ്പര്യമുണ്ടെങ്കിൽ സന്ദര്‍ശന പരിപാടിയില്‍ ഉൾപ്പെടുത്താം.ഫാന്റം റോക്ക് എന്ന പാറയും കാണാൻ കഴിയും.. അവിടെ നിന്നും മേപ്പാടി എത്തി സൂചിപ്പാറ വെള്ളച്ചാട്ടം, മുണ്ടക്കൈ കൂടി സന്ദര്‍ശിച്ചു മടങ്ങാം. മനോഹരമായ തേയില തോട്ടങ്ങളുടെ കാഴ്ച്ച ഇവിടെയുണ്ട്.

കാരാപ്പുഴ ഡാം, ക്രിക്കറ്റ് സ്റ്റേഡിയം, സുൽത്താൻ ബത്തേരി പള്ളി, പൊൻകുഴി ക്ഷേത്രവും പരിസരവും, മുത്തങ്ങ വന്യ ജീവി സങ്കേതം എന്നിവയും താൽപ്പര്യം പോലെ തെരഞ്ഞെടുക്കാം.


ഇനി ട്രെക്കിംഗ് താല്പര്യമെങ്കിൽ, ചെമ്പ്ര മല, മേപ്പാടിയിൽ നിന്നും കയറാം. രാവിലെയാണ് സമയം. ഇവിടെ പ്രവേശനത്തിനു വിലക്കുള്ള സമയമുണ്ടെന്ന് ഓര്‍ക്കുക

കബനി നദിയും, ബന്ദിപ്പൂർ വന്യജീവി സാങ്കേതവും, ആവേശം തരുന്ന സാഹസിക യാത്രകളാണ്. ലക്കിടിയിൽ കൂടിയല്ലാതെ, നാടുകാണി ചുരം വഴിയും വയനാട് എത്തിച്ചേരാം. കണ്ണൂർ നിന്നും പാൽചുരം വഴിയും വരാം.

ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഗുണ്ടൽപേട്ടിൽ വിരിയുന്ന പൂക്കളുടെ കാഴ്ച്ച വിവരിക്കാൻ കഴിയില്ല. സുൽത്താൻ ബത്തേരിയിൽ നിന്നും 55 കിലോമീറ്റര്‍ ദൂരമുണ്ട്.

വയനാട്ടിലെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര ഏറെ ഭംഗിയുള്ളതാണ്. കളിമണ്ണ് ചുട്ടെടുക്കുന്ന ഇഷ്ടിക ചൂള മുതൽ കൃഷിയിടങ്ങൾ വരെയുണ്ട്. നെൽവയലുകളും വാഴത്തോപ്പുകളും കാപ്പിത്തോട്ടങ്ങളും തേയില എസ്റ്റേറ്റുകളുമായി വൈവിധ്യമാർന്ന പ്രകൃതിയും.

വയനാട്ടിലെ നൂൽ മഴയും, ആലിപ്പഴം പൊഴിയലും അനുഭവിക്കാന്‍ ഭാഗ്യവും വേണം.മഴക്കാലത്ത് വയനാടിനു പ്രത്യേക സൗന്ദര്യമാണ്. മാനന്തവാടിക്കപ്പുറം നീലോം എന്ന സ്ഥലത്തു, വാട്ടർ തീം പാർക്കും ഉണ്ട്.

ലക്കിടി, വൈത്തിരി, കൽപ്പറ്റ എന്നിവിടങ്ങളിലാണ് മറ്റു സ്ഥലത്തേക്കാള്‍ തണുപ്പ് കൂടുതല്‍.
നാട്ടുകാരുടെ നിർഭാഗ്യവും സഞ്ചാരികളുടെ ഭാഗ്യവും അനുസരിച്ചു വനയോര വഴികളില്‍ ആനയും മാനും കാട്ടുപോത്തുമൊക്കെയുണ്ടാകും.

യാത്രയേക്കാള്‍ സ്വസ്ഥമായ ഒഴിവുദിനങ്ങളാണ് ആഗ്രഹിക്കുന്നതെങ്കില്‍ (ഫാമിലോ റിസോർട്ടിലോ ഹോം സ്റ്റേയിലോ ഒക്കെ താമസിക്കാം. ഇവയ്ക്കു ചുറ്റുമുള്ള സ്ഥലങ്ങൾ ആസ്വദിച്ചു മടങ്ങാം.
ഇനി യാത്ര ചെയ്തു സ്ഥലം കാണലാണ് താല്‍പ്പര്യമെങ്കില്‍ സമയവും ബജറ്റും അനുസരിച്ചു യാത്ര പ്ലാൻ ചെയ്യാം. വഴിയോരങ്ങളില്‍ ധാരാളം ഭക്ഷണശാലകൾ ഉണ്ട്.

പ്രത്യേക ശ്രദ്ധക്ക് : അവധിക്കാലം വയനാട്ടില്‍ സഞ്ചാരികളുടെ തിരക്കാണ്. മിക്ക സ്ഥലത്തും ക്യൂനിന്ന് ടിക്കറ്റെടുത്ത് പോകേണ്ടി വരും. യാത്ര ആസ്വദിക്കാൻ നല്ലത് ഓഫ് സീസണാണ്. യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ, സുഗന്ധ നെല്ലിനങ്ങളുടെ അരി, തുറമാങ്ങ, സുഗന്ധവ്യഞ്ജനങ്ങൾ, പൈതൃക ഭക്ഷണ സാധനങ്ങള്‍ ഒക്കെ വാങ്ങി, ഇവിടുത്തെ കർഷകരെ കൂടി സഹായിക്കാന്‍ മറക്കേണ്ട.

 

ഹർഷ വി എസ്

അമ്പലപ്പുഴ സ്വദേശി. വയനാട്ടില്‍ ക്ഷീര വികസന ഓഫീസര്‍. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവം.