Middle East

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷയ്ക്ക് റോബോട്ടുകളും

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇനി സെക്യൂരിറ്റി റോബോട്ടുകളും. വിമാനത്താവള സുരക്ഷാ വകുപ്പാണ് ആഭ്യന്തര സുരക്ഷാ സേനയായ ലഖ് വിയയുടെ സഹകരണത്തില്‍ പുതിയ സെക്യൂരിറ്റി റോബോട്ടുകള്‍ വികസിപ്പിച്ചത്.

ഹമദ് വിമാനത്താവളത്തിലെത്തുന്ന യാത്രികരുടെ ഹൃദയമിടിപ്പ് അളക്കാനും മുഖം തിരിച്ചറിയാനും ശേഷിയുള്ളതാണ് സെക്യൂരിറ്റി റോബോട്ടുകള്‍. റോബോട്ടിലെ ക്യാമറകളും സെന്‍സറുകളും സംശയാസ്​പദമായവരേ വേഗത്തില്‍ തിരിച്ചറിയും. എല്ലാ ടെര്‍മിനലുകളിലും 24 മണിക്കൂറും സ്‌കൂട്ടര്‍ റോബോട്ട് പ്രവര്‍ത്തിക്കും.

വ്യാജ കറന്‍സികള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, നിരോധിത വസ്തുക്കള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങി രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളെ റോബോട്ടിലെ ക്യാമറക്കണ്ണുകള്‍ പകര്‍ത്തും. വിമാനത്താവള സുരക്ഷാ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ സെക്യൂരിറ്റി റോബോട്ടുകള്‍ക്ക് കഴിയുമെന്ന് സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇസ്സ അരാര്‍ അല്‍ റൊമൈഹി പറഞ്ഞു.

നൂറുമീറ്റര്‍ വരെ ചുറ്റളവിലുള്ള യാത്രികരുടെ ബാഗുകളിലെ നിരോധിത സാധനങ്ങള്‍ തിരിച്ചറിഞ്ഞ് ബാഗിനുള്ളിലെ വസ്തുക്കള്‍ സ്‌കാന്‍ ചെയ്ത് സുരക്ഷാ വകുപ്പിന്‍റെ ഓപറേറ്റിങ്ങ് മുറിയിലേക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും. നിരോധിത സാധനങ്ങള്‍ റോബോട്ടിലെ സ്‌ക്രീനില്‍ വ്യത്യസ്ത നിറങ്ങളിലാണ് കാണിക്കുന്നത്.  മൂന്ന് ചക്രങ്ങളുള്ള സ്‌കൂട്ടര്‍ റോബോട്ട് വലുപ്പത്തില്‍ ചെറുതായതിനാല്‍ വിമാനത്താവളത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും വളരെ എളുപ്പത്തില്‍ സഞ്ചരിക്കാം.

സ്‌കൂട്ടറിന്‍റെ ചക്രത്തിനോട് ചേര്‍ന്ന് പ്രത്യേക സ്റ്റാന്‍ഡില്‍ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. കടന്നുപോകുന്ന ഓരോ യാത്രക്കാരനേയും സ്‌കാന്‍ ചെയ്താണ് കടത്തിവിടുന്നത്. സ്‌കൂട്ടറില്‍ കാലുകള്‍ വെക്കുന്ന സ്ഥലത്ത് ചെറിയ സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. യാത്രികന്‍റെ ബാഗേജിലെ നിരോധിതസാധനങ്ങള്‍ തിരിച്ചറിയുന്നത് ഈ സെന്‍സറാണ്.