Asia

യാത്രക്കാരെ റേറ്റ് ചെയ്ത് ചൈന: പുതിയ സഞ്ചാരനിയന്ത്രണ നയങ്ങള്‍ നിലവില്‍ വന്നു

റെയില്‍വേ-വ്യോമയാന ടിക്കറ്റുകളുടെ വില്‍പനയില്‍ പുറപ്പെടുവിച്ച നിരോധനാജ്ഞയെ സംബന്ധിച്ച് ചൈനീസ് വികസന മന്ത്രാലയം നടപ്പിലാക്കിയ ഉത്തരവ് പ്രകാരം സാമൂഹ്യ അംഗീകാര  അനുസരിച്ച് റേറ്റ് ചെയ്യപ്പെട്ട പൗരന്‍മാര്‍ പ്രതിസന്ധിയിലാകുന്നു. മെയ് മാസത്തോടെ നയം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘സാമൂഹ്യ അംഗീകാര സംവിധാനം’ പ്രകാരം ചൈനീസ് ഗവര്‍ണമെന്റ് തങ്ങളുടെ പൗരന്മാരെ തരംതിരിക്കുന്നത് പല ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ്. വ്യക്തികളുടെ ക്രിമിനല്‍ സ്വാഭാവം, സാമ്പത്തിക ക്രമക്കേടുകള്‍, അവര്‍ കമ്പോളങ്ങളില്‍ നിന്നും എന്ത് വാങ്ങുന്നു, പൊതുസമൂഹത്തില്‍ എന്ത് പറയുന്നു, ചെയ്യുന്നു തുടങ്ങിയ സൂചകങ്ങള്‍ അതിലുള്‍പ്പെടുന്നു. ഈ ഉത്തരവ് പ്രകാരം താഴെക്കിടയിലുള്ള ജനങ്ങള്‍ക്കു മേല്‍ കൂടുതല്‍ പിഴ-ശിക്ഷാനടപടികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. 2020-ഓടെ ഈ സംവിധാനത്തെ പൂര്‍ണ്ണരൂപത്തില്‍ സജ്ജക്കമാക്കാനുള്ള ശ്രമത്തിലാണ് ചൈന  പ്രാരംഭ നടപടികളും തുടര്‍പ്രവര്‍ത്തനങ്ങളും മുന്നേ തുടങ്ങിക്കഴിഞ്ഞു.

പുതിയ നയത്തിനു മുന്‍പ് നിലവിലുണ്ടായിരുന്ന നയ പ്രകാരം വലിയ കടബാധ്യതകളുള്ള പൗരന്മാരുടെ നിരന്തരമായ യാത്രകളെ നിയന്ത്രിക്കുകയായിരുന്നു ചൈനീസ് ഗവണ്‍മെന്റ് ചെയ്തിരുന്നത്.ഈ നിയന്ത്രണപരിധിയില്‍ ചൈനീസ് പരമോന്നത കോടതിയായ സുപ്രീം പീപ്പിള്‍സ് കോര്‍ട്ട് ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ലെക്കോ ഫാരഡെ ഫ്യൂച്ചര്‍ തുടങ്ങിയ കുത്തക കമ്പനികളുടെ സ്ഥാപകനായ ജിയ യുവാതിങ് വരെ ഉള്‍പ്പെട്ടതാണ്.

രാജ്യത്തുടനീളം നിലവിലുള്ള സാമൂഹിക വ്യവസ്ഥകളെ ഉടച്ചുവാര്‍ക്കുന്നതിനുള്ള പദ്ധതി പരിപാടികളുടെ ഭാഗമായിട്ടു തന്നെയാണ് പുതിയ സഞ്ചാരനിയന്ത്രണ നയങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതുപ്രകാരം നിലവില്‍ ഏഴുലക്ഷത്തില്‍ പരം പൗരന്മാര്‍ നിയമനടപടികളോ ശിക്ഷാനടപടികളോ നേരിട്ട് കഴിഞ്ഞു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം; തീവ്രവാദ സംബന്ധമായ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യോമയാന യാത്രാമാര്‍ഗങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയോ, കാലാവധി കഴിഞ്ഞ യാത്രാ ടിക്കറ്റുകള്‍ ഉപയോഗിക്കുകയോ മാത്രമല്ല ട്രെയിനുകളില്‍ പുകയില ഉപകരണങ്ങള്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടവരെ വരെ മേല്‍പ്പറഞ്ഞ നിരോധനാജ്ഞാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ജനങ്ങളെ സംബന്ധിച്ചിടത്തോളം ‘സോഷ്യല്‍ ക്രെഡിറ്റ് സിസ്റ്റം’ ഒരു ഇരുണ്ടനയം എന്ന രീതിയിലാണ് നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ചെറിയ ക്രമക്കേടുകള്‍ക്കു പോലും ജനങ്ങള്‍ വലിയ രീതിയില്‍ വേട്ടയാടപ്പെടുന്നു. നടപ്പാതകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് തുടങ്ങി രാജ്യത്തോട് തരിമ്പു പോലും ആത്മാര്‍ത്ഥയില്ലാത്ത വിധം സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി മാപ്പുസാക്ഷിയാക്കപ്പെട്ട ജിയയെ പോലുള്ളവരുടെ കേസുകള്‍ വരെ ഇതില്‍പ്പെടുന്നു. കരിമ്പട്ടികയില്‍ പെടുത്തുന്ന ഇത്തരത്തിലുള്ളവര്‍ എത്ര വിദഗ്ദമായാണ് പ്രാരംഭഘട്ടത്തിലേ രക്ഷപ്പെടുന്നതെന്നത് പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നും വ്യക്തമല്ല.