Middle East

മാര്‍ക്കിടെക്ചര്‍ മികവില്‍ ഖത്തര്‍ മ്യൂസിയം

വ്യത്യസ്തമായ വിനോദ, സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കി കൊണ്ട് ആരംഭിച്ച മാര്‍ക്കിടെക്ചര്‍ വന്‍ വിജയമെന്ന് ഖത്തര്‍ മ്യൂസിയം.

മാര്‍ക്കിടെക്ചര്‍ എന്ന വേറിട്ട പരിപാടിയിലൂടെ രാജ്യത്തെ ഏറ്റവും സുന്ദരമെന്നറിയപ്പെടുന്ന കെട്ടിടങ്ങളും സാംസ്‌കാരികവും ചരിത്ര പ്രാധാന്യവുമുള്ള സ്ഥലങ്ങള്‍, സിനിമകള്‍ എന്നിവയുടെ പ്രദര്‍ശനവും, മറ്റുകലാപരിപാടികളും സംവാദവും കാണികള്‍ക്ക് പുത്തന്‍ അറിവ് സമ്മാനിക്കുന്നു. 630 ആളുകളാണ് ഈ മാസം ആദ്യവാരം ആരംഭിച്ച മാര്‍ക്കിടെക്ചറില്‍ പങ്കെടുത്തത്.

ഖത്തര്‍ മ്യൂസിയത്തിന്റെ സാംസ്‌കാരിക പാസുള്ളവര്‍ക്കായാണ് മാര്‍ക്കിടെക്ചര്‍ തുടങ്ങിയത്. സാംസ്‌കാരിക പാസ് പദ്ധതിക്ക് തുടക്കമിട്ടതിനുശേഷം ഇതുവരെ നടത്തിയ പരിപാടികളില്‍ ഏറ്റവും വിജയകരമായത് മാര്‍ക്കിടെക്ചറാണ്. 25 രാജ്യങ്ങളില്‍ നിന്നും 22000 പേര്‍ക്കാണ് സാംസ്‌കാരിക പാസുള്ളത്. സിനിമാപ്രദര്‍ശനം, ഇവന്റുകള്‍, പൊതുസംവാദങ്ങള്‍, രാജ്യത്തെ പ്രധാന കെട്ടിടങ്ങളിലേക്കും ചരിത്ര, പൈതൃക കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവയെല്ലാമാണ് മാര്‍ക്കിടെക്ചറിലുള്ളത്. എഴുപതിലധികം കലാ, സാംസ്‌കാരിക അനുഭവം മ്യൂസിയത്തിന്റെ സാംസ്‌കാരിക പാസ് ലോയല്‍റ്റി പ്രോഗ്രാം അംഗങ്ങള്‍ക്ക് നല്‍കാനായാണ് മാര്‍ച്ചിടെക്ചര്‍ നടത്തുന്നത്. ഖത്തര്‍ മ്യൂസിയം അധ്യക്ഷ ശൈഖ അല്‍ മയസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ മാര്‍ഗനിര്‍ദേശത്തിലാണ് മാര്‍ക്കിടെക്ചര്‍ നടക്കുന്നത്.

രാജ്യത്ത് താമസിക്കുന്നവരുടെയും സന്ദര്‍ശനത്തിനെത്തുന്നവരുടെയും ജീവിതം ആസ്വാദ്യകരമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പരിപാടികള്‍ നടത്തുന്നത്. നിരവധി പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഈ മാസം 31 വരെ നീളുന്ന മാര്‍ക്കിടെക്ചറിലൂടെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്ക്, ഖത്തര്‍ ദേശീയ വായനശാല, ഖത്തര്‍ സയന്‍സ്-ടെക്നോളജി പാര്‍ക്ക് ബില്‍ഡിങ്, അല്‍ ജസീറ മീഡിയ സമുച്ചയം, അല്‍ സുബാറ, 2022 ഫിഫ ലോകകപ്പിന്റെ അല്‍ ബിദയിലെ ലെഗസി പവിലിയന്‍ തുടങ്ങി ദോഹയുടെ ഏറ്റവും ജനകീയമായ കേന്ദ്രങ്ങളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും കഴിയും. രാജ്യത്തെ ആധുനികമായ ആര്‍ക്കിടെക്ചര്‍ അദ്ഭുതങ്ങളിലേക്ക് മാത്രമല്ല, മാര്‍ക്കിടെക്ചര്‍ ചെന്നെത്തുന്നത്. ബര്‍സാന്‍ ടവര്‍, യുനെസ്‌കോ വേള്‍ഡ് എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍കൊണ്ട് ഖത്തറിന്റെ സമ്പന്നമായ പൈതൃകത്തിലേക്കും ചരിത്രത്തിലേക്കും കൂടിയാണ് മാര്‍ക്കിടെക്ചര്‍ വെളിച്ചം വീശുന്നത്.