Auto

ടി.വി.എസ് അപ്പാച്ചെ ആര്‍.ടി.ആര്‍ 160 4വി പുതിയ രൂപത്തില്‍ ഇന്ത്യയില്‍

രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ് അപ്പാച്ചെ ആര്‍.ടി.ആര്‍ 160 മോഡലിന്‍റെ പുതിയ പതിപ്പ് ആര്‍.ടി.ആര്‍ 160 4വി പുറത്തിറക്കി. മുന്ന് വകഭേദങ്ങളില്‍ ലഭ്യമാകുന്ന അപ്പാച്ചെയ്ക്ക് 81,490 രൂപ മുതല്‍ 89,990 രൂപ വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.  മുന്‍ മോഡലില്‍ നിന്ന് രൂപത്തിലും കരുത്തിലും കാര്യമായ മാറ്റങ്ങള്‍ സഹിതമാണ് ആര്‍.ടി.ആര്‍ 160 4വി എത്തിയത്.

അപ്പാച്ചെ ശ്രേണിയിലെ ആര്‍.ടി.ആര്‍ 200 4വി മോഡലിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഫ്യുവല്‍ ടാങ്ക് എക്‌സ്റ്റന്‍ഷനും എക്‌സ്‌ഹോസ്റ്റും. സുഖകരമായ യാത്രയ്ക്ക് മോണോഷോക്ക് സസ്‌പെന്‍ഷനും ഇതിലേക്ക് കടമെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ ആര്‍.ടി.ആര്‍ 160 ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ കരുത്ത് നല്‍കുന്ന ബൈക്കായിരിക്കും പുതിയ 160 അപ്പാച്ചെ എന്നാണ് കമ്പനി പറയുന്നത്.

മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ എന്‍ജിന്‍ കരുത്തും ഇതില്‍ ലഭിക്കും. 159.7 സി.സി എന്‍ജിന്‍ ഇ.എഫ്‌.ഐ മോഡലില്‍ 16.8 ബി.എച്ച്.പി പവറും 14.8 എന്‍.എം ടോര്‍ക്കും കാര്‍ബറേറ്റര്‍ പതിപ്പില്‍ 16.5 ബിഎച്ച്പി പവറും 14.8 എന്‍എം ടോര്‍ക്കും ലഭിക്കും. 5 സ്പീഡ് സൂപ്പര്‍-സ്ലിക്കാണ് ഗിയര്‍ബോക്‌സ്.

ഇ.എഫ്‌.ഐ ആര്‍.ടി.ആര്‍ മണിക്കൂറില്‍ പരമാവധി 114 കിലോമീറ്റര്‍ വേഗതയിലും കാര്‍ബറേറ്റര്‍ ആര്‍.ടി.ആര്‍ 113 കിലോമീറ്റര്‍ വേഗതയിലും കുതിക്കും. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ഇ.എഫ്‌.ഐക്ക് 4.8 സെക്കന്‍ഡും കാര്‍ബറേറ്ററിന് 4.73 സെക്കന്‍ഡും മതി. റേസിങ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ മുന്ന് നിറങ്ങളില്‍ വാഹനം സ്വന്തമാക്കാം.