ആനകളെ കാണാന്‍ ആനക്കുളം: ഗോപി കോട്ടമുറിക്കല്‍ എഴുതുന്നു

പകലും ആനകള്‍ വെള്ളം കുടിക്കാനെത്തുന്ന ആനക്കുളം ഓര് സഞ്ചാരികള്‍ക്ക് വിസ്മയമാണ്.  ആനക്കൂട്ടത്തെ കാണാന്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് അടിമാലി-മൂന്നാര്‍ റൂട്ടില്‍ മാങ്കുളത്തിനു സമീപമുള്ള ആനക്കുളം. സിപിഎം നേതാവ് ഗോപി കോട്ടമുറിക്കല്‍  ആനക്കുളത്തെക്കുറിച്ച് എഴുതുന്നു.

ഈറ്റച്ചോലയാറിന്‍റെ  ആനക്കുളം ഭാഗത്തെ വെള്ളം കുടിക്കാനാണ് ആനകൾ കൂട്ടത്തോടെ ഇറങ്ങിവരാറുള്ളത്. പുഴയുടെ നടുഭാഗത്തു അടിവശത്തുനിന്നും സദാ കുമിളകളായി വെള്ളം നുരയിടുന്നത് കാണാം. ഈ വെള്ളത്തിനു ഉപ്പുരസം കലർന്ന എന്തൊക്കെയോ സവിശേഷതകളുള്ളതിനാലാണ് ആനകൾ വനാന്തർഭാഗത്തു നിന്നും കൂട്ടമായി എത്തുന്നതെന്നാണ് ആനക്കുളത്തുകാർ പറഞ്ഞുകേട്ടത്.

ആനകൾക്കിഷ്ടമുള്ള വെള്ളം പുഴയുടെ നടുവിലുള്ള കുളം പോലുള്ള ഭാഗത്തുണ്ട്. അപൂർവ്വം ചില ദിവസങ്ങളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഒന്നും രണ്ടുമല്ല എഴുപതോളം ആനകൾ വരെ വന്ന ദിവസവുമുണ്ടത്രെ.

അങ്ങിനെ ഈ പ്രദേശം ആനക്കുളം സിറ്റിയായി മാറി. അടിമാലിയിൽ നിന്നും മൂന്നാറിലേയ്ക്കുള്ള റൂട്ടിൽ 14.5 കിലോമീറ്റർ എത്തുമ്പോൾ കല്ലാർ ജംഗ്ഷനായി.

മൂവാറ്റുപുഴ നിന്നും രാവിലെ 10 മണിക്ക് പുറപ്പെട്ടതാണ്. കുട്ടനും (അജേഷ് കോട്ടമുറിക്കൽ) കണ്ണനും (രജീഷ് ഗോപിനാഥ്) മാറിമാറിയാണു വണ്ടിയോടിക്കുന്നത്.
18 കിലോമീറ്റർ കൂടി ഞങ്ങളുടെ സ്വിഫ്റ്റ് കാർ ഓടി. മാങ്കുളം സിറ്റിയിലെത്തി. ഞാനും കെ.എം.ദിലീപും ബാക്ക്‌സീറ്റിലിരുന്നു.

“സുഗുണൻ പോകരുത്” മീശമാധവനിലെ ജഗതിയുടെ ഡയലോഗ്. കണ്ണന്‍റെ പ്രയോഗം.
“പുരുഷുവിന് ഇപ്പോൾ യുദ്ധമൊന്നുമില്ലേ ? പുരുഷു എന്നെ അനുഗ്രഹിക്കണം.” കുട്ടന്‍റെ  വക. മീശമാധവൻ ഡയലോഗുകൾ പൊടിപൊടിച്ചു. യാത്രയിലുടനീളം വണ്ടി ഒരു ‘ബഡായി ബംഗ്ലാവാ’യി മാറി. ഞങ്ങൾ മാങ്കുളം സിറ്റിയിലെത്തി.

മാങ്കുളം സിറ്റിയുടെ താഴെയുള്ള ബിവറേജസിനു മുമ്പിൽ വലിയ അക്ഷരത്തിലൊരു ബോർഡ്. ‘ജവാൻ ഇല്ല’. പാവം സാധാരണക്കാരുടെ വെള്ളം കുടിമുട്ടി.

“ജോസ് മോനെവിടെയുണ്ട്?.” ദിലീപ് ജീപ്പുമായി കാത്തുനിൽക്കുന്ന ജോസ്‌മോനെ ഫോണിൽ വിളിച്ചു.

“നേരെ താഴേയ്ക്കു പോരെ. താഴെ വരുമ്പോൾ വഴി രണ്ടായി പിരിയും. ലെഫ്റ്റു വഴി കോൺക്രീറ്റ് ചെയ്ത ചെറിയ റോഡിലൂടെ നേരെ കീഴോട്ടു വരുമ്പോൾ വീതി കുറഞ്ഞ ഒരു ഇരുമ്പുപാലം കാണം. തൊട്ടിപ്പുറെ ഞാൻ നിക്കണണ്ട്.” ജോസ്‌മോന്‍റെ  നിർദ്ദേശം കിട്ടി.

പാലം കടന്നപ്പുറെയെത്തി. ഞങ്ങളുടെ കാർ അവിടെ ജോസ്‌മോനു പരിചയമുള്ള ഒരു വീടിന്‍റെ  മുമ്പിൽ കയറ്റിയിട്ടു.

ബാഗുകളും മറ്റും ജോസ്‌മോന്‍റെ  ജീപ്പിലേയ്ക്കു മാറ്റി.

ആനക്കുളം വരെയുള്ള ഇനിയുള്ള യാത്ര ജീപ്പിലേ പറ്റൂ. ഞങ്ങൾ യാത്ര തുടർന്നു. എട്ടുകിലോമീറ്റർ പിന്നിട്ടുവേണം ആനക്കുളത്തെത്താൻ.

കയറ്റം കയറുമ്പോൾ ജോസ്‌മോൻ വലത്തേക്ക് ചൂണ്ടിക്കാണിച്ചു പറഞ്ഞു.
“ഈ ഹിറ്റാച്ചി വെട്ടിപ്പൊളിക്കുന്ന സ്ഥലത്തിന് കുവൈറ്റ് സിറ്റീന്നാ പറയണത്. ഈ ഭാഗം റോഡു വീതി കൂട്ടി നന്നാക്കുവാ.”

ജീപ്പിന്‍റെ  ടയറുകൾ ഉരുളൻ കല്ലുകളോരോന്നിലും ഏതിൽ തൊടണം, ഏതിൽ തൊടണ്ടായെന്നു കൃത്യമായി ജോസ്‌മോനറിയാം. കുണ്ടും കുഴിയും , പാറപൊട്ടിച്ച ചെരിവുകളും താണ്ടിയിറങ്ങി വണ്ടി ആനക്കുളം സിറ്റി പിന്നിട്ട് പടിഞ്ഞാറേ മൂലയിലുള്ള ഹോംസ്റ്റേയിലെത്തി.

ആൾപ്പാർപ്പില്ലാത്തയിടം. ഈറ്റച്ചോലയാർ ചേർന്നൊഴുകുന്നു. മറുവശം നിബിഡമായ വനം. പകൽ പോലും ഇരുട്ടുനിറഞ്ഞൊഴുകുന്ന കടുംപച്ചപ്പു നിറഞ്ഞ ചുറ്റുപാട്.

അലൂമിനിയും ഷീറ്റുകൊണ്ടു മേഞ്ഞ്, മരപ്പാളിപോലെയുള്ള പുതിയൊരുതരം മെറ്റീരിയലുപയോഗിച്ചു ഭംഗിയാക്കിയ സീലിംഗ്. മൂന്നുകട്ടിലും കിടക്കയും. നാലുപേർക്കു കിടക്കാം.

സമയം ഉച്ചകഴിഞ്ഞു രണ്ടേമുക്കാലായിരുന്നു. കത്തിക്കാളുന്ന വിശപ്പിന് തൃപ്തികരമായ ചോറും കറികളുമായി ഞങ്ങളെ കാത്ത് ഒരു സംഘം സുഹൃത്തുക്കൾ അവിടെ കാത്തുനിന്നിരുന്നു. എല്ലാം ഹോംസ്റ്റേയിലെ അടുക്കളയിൽ ജോസും കൂട്ടുകാരും ചേർന്നുണ്ടാക്കിയതാണ്.

പൈങ്ങോട്ടൂരിലെ സജീവപാർട്ടി പ്രവർത്തകനും വശ്യമായ പെരുമാറ്റത്തിന്‍റെ  ഉടമയുമായ സ.പീയൂസിന്‌ ആനക്കുളത്ത് കൃഷിസ്ഥലമുണ്ട്. പതിനഞ്ചാണ്ടുകൾ പിന്നിട്ടു ഇവിടെ കൃഷി തുടങ്ങിയിട്ട്. മാത്തൻചേട്ടനും പൈങ്ങോട്ടൂർകാരനാണ്. ഒന്നാംവാർഡ് മെമ്പർ ഷിജിയുടെ ഭർത്താവ് ബിനോയി, കാടിന്‍റെ  നാഡീസ്പന്ദനം പോലും തിരിച്ചറിയുന്ന അനീഷ്, എല്ലാകാര്യത്തിനും ഓടി നടക്കുന്ന ആടുകുഴി ജോസ്, ബാബു, പ്രിൻസ്. ഞങ്ങളെല്ലാമൊരുമിച്ചു ഭക്ഷണം കഴിച്ചു.

തിരക്കും ബഹളങ്ങളും പൊടിപടലങ്ങളും ഒഴിവായി. തീർത്തും നിശ്ശബ്ദമായ ഒരു താഴ്‌വരയുടെ പരിസരം. ‘ടെൻഷൻഫ്രീ’യായ മണിക്കൂറുകൾ.

“ഇന്നലെ ആനയിറങ്ങീല്ല. ഇന്നെന്തായാലും എറങ്ങാതിരിക്കൂല്ല. ദേ ഇവിടെ നിന്ന് നോക്കിയാക്കാണുന്ന ആ വലിയ മരത്തിന്‍റെ  പറ്റിയാ ആന കടന്നുവരണ്ത്. വന്നാൽ അപ്പെ ഇവിടെയിരുന്നറിയാം. അന്നേരം മാത്രം അങ്ങോട്ട് പോയാ മതി.” ബിനോയി അല്പമകലേയ്ക്കു ചൂണ്ടി കാണിച്ചുപറഞ്ഞു.

കാട്ടുപോത്ത് ആദിവാസിയെ വെട്ടിയതും കരടി മാർത്താണ്ഡംകാരനായ റബ്ബർവെട്ടുകാരന്‍റെ  തൊട കടിച്ചുപറിച്ചതും, ആനയോടിച്ചതും, കവുങ്ങ് മറിച്ച് വീടിനു മോളിലേയ്ക്കിട്ടതും സായിപ്പന്മാരു ന്യൂ ഇയറിനു വന്ന് ആനക്കുളത്തുകാർക്ക് ബിയർ വിളമ്പീതും എത്രയോ കഥകൾ, അനുഭവങ്ങൾ, കേട്ടറിവുകൾ. നേരം പോയതറിഞ്ഞില്ല.

“ശകലം മൂടലുണ്ട്. ഇരുട്ടിത്തുടങ്ങി. ഇന്നിനി വരൂന്നു തോന്നണില്ല. ചെലയാളുകൾ വന്നെറങ്ങുമ്പോളെ ആനേ കാണാമ്പറ്റും. ഒക്കെ ഭാഗ്യം പോലെയിരിക്കും.” മാത്തൻചേട്ടൻ സ്ഥിതിഗതി വിലയിരുത്തി.

“ഇന്നല്ലെങ്കിലെപ്പോഴാണോ ആനയിറങ്ങുന്നത് അതുവരെ കാത്തിരുന്നു ആനേ കണ്ടിട്ടേ ഞങ്ങൾ തിരിച്ചൊള്ളൂ.” ഞാനുറപ്പിച്ചു പറഞ്ഞു.

“എന്തായാലും കഞ്ഞീം കൂട്ടാനും റെഡി. അതു കഴിച്ചേച്ച് ഇരിക്ക്വോ കെടക്ക്വോ ചെയ്യ്.”
ജോസ് എല്ലാവരോടുമായി പറഞ്ഞു. ഞങ്ങൾ കൂട്ടം കൂടിയിരുന്ന് ഭക്ഷണം ആസ്വദിച്ച് കഴിച്ചു.

മൊബൈൽഫോണിന് ആ ഭാഗത്ത് റേഞ്ചില്ല. ഹോംസ്റ്റേയിലൊരു ലാൻഡ്‌ഫോൺ ജോസാണ് പിടിപ്പിച്ചത്. ജോസിന്‍റെ  വീട്ടിലുണ്ടായിരുന്ന ഫോണാണെന്ന് തോന്നുന്നു. അത് കൊണ്ടു നടക്കാവുന്ന ഫോണാണ്.

മാത്തൻചേട്ടനും ജോസും പീയൂസുമെല്ലാം ചേർന്നു ആനക്കുളത്തിന്‍റെ  പണ്ടുകാലത്തെ സ്ഥിതി അയവിറക്കി.

ആനക്കുളം സിറ്റിയിൽ നിന്നും ഒരു വിളിപ്പാടകലെയാണു കുട്ടമ്പുഴ പഞ്ചായത്ത്. ഇടുക്കി ജില്ലയുടെ മാങ്കുളം പഞ്ചായത്തിനും എറണാകുളത്തിന്‍റെ    കുട്ടമ്പുഴയ്ക്കും അതിരിടുന്നത് ഇവ രണ്ടിനെയും തൊട്ടുരുമ്മി പൊട്ടിച്ചിരിച്ച് ഒഴുകിയോടുന്ന ഈറ്റമലച്ചോലയാറാണ്.

പ്രകൃതിയ്‌ക്കെങ്ങിനെയാണ് ഇത്രയധികം മനോഹാരിത കിട്ടുന്നത് രാത്രിയാവുന്തോറും ഒരുമിച്ചൊന്നായി ഒരു സംഘഗാനം പോലെ പാടിക്കൊണ്ടിരിക്കുന്ന ചീവീടുകളും മറ്റു ജീവജാലങ്ങളും. ചില നിമിഷങ്ങളിൽ ഇതെത്രയായിരം ചീവീടുകൾ ചേർന്നാവും താളാത്മകമായി ഇങ്ങനെ പാടുന്നതെന്നാലോചിച്ചുപോകും. പഴശ്ശിരാജ സിനിമയുടെ വനമേഖല ചിത്രീകരിച്ചപ്പോൾ വിഖ്യാതനായ റസൂൽ പൂക്കുട്ടി എത്ര ശ്രദ്ധാപൂർവ്വമാണ് പ്രകൃതിയുടെ ശ്വാസനിശ്വാസങ്ങളൊപ്പിയെടുത്തത്.

കാടിന്‍റെ  അകത്തളങ്ങൾ കാണാൻ പകലത്തേക്കാൾ ഭംഗിയാണെന്നാണ് എന്‍റെ  വിശ്വാസം. ആടയാഭരണങ്ങളും സ്വർണ്ണക്കൊലുസ്സുമണിഞ്ഞ് നൃത്തത്തിനൊരുങ്ങി നിൽക്കുന്ന മനോഹരിയായ ഒരു പെൺകുട്ടിയെപ്പോലെ കാടങ്ങനെ ചമഞ്ഞൊരുങ്ങി നിൽക്കുകയാണ്.

ഒരു പച്ചിലപോലും നുള്ളിയെടുക്കാതെ, ഒരു ചുള്ളിക്കമ്പു പോലും ഒടിച്ചു നുറുക്കാതെ കാടിനെ കാണണം. കാടിന്‍റെ  പെരുവിരൽ മുതൽ നെറുകെ വരെ നോക്കിനിൽക്കാനെന്താണൊരു രസം.

ലാന്റ്‌ഫോണിൽ ആരോ ആടുകുഴിജോസിനെ വിളിച്ചു. സമയം രാത്രി പതിനൊന്നു മണി കഴിഞ്ഞു. ഞങ്ങളാരും ഉറങ്ങാൻ കിടന്നിരുന്നില്ല.

“ആരാ വിളിച്ചെ.?” പീയൂസ് ജോസിനോടാരാഞ്ഞു.

“അപ്പുറെ പുഴയോരത്തു താമസിക്കുന്ന റോയി. ആന തുമ്പികൈയിൽ വെള്ളമെടുത്ത് കുപ്ലിക്കുമ്പോലൊരു ഒച്ചകേട്ടൂന്ന്. നിങ്ങൾ റെഡിയായി നിൽക്ക്. ഞാനാദ്യം പോയി നോക്കീട്ടുവരാം.”

ജോസ് ടോർച്ചുമായി ഒരു മിന്നായം പോലെ പോയി. ക്ഷമിച്ചിരിക്കാനാവാതെ മൊബൈലിന്റെ വെട്ടത്തിൽ ദിലീപും കുട്ടനും ജോസിനു പിന്നാലെ ഇറങ്ങി. കണ്ണനും വൈകിയില്ല. ഇരുട്ടാണ്. പാതിവഴിയെത്തും മുമ്പ് ഈറ്റച്ചോലയാറും വനമേഖലയും കുലുങ്ങി വിറപ്പിച്ചുകൊണ്ട് കുറ്റാക്കൂരിരുട്ടത്ത് ആനയുടെ ചിന്നംവിളി.
മുമ്പേപോയവർ ഭയന്നു. ആന വഴിയ്ക്കു നിൽക്കുകയാണെന്നവർ കരുതി. ഇല്ല പുഴയിൽ തന്നെ.

നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ ആനക്കൂട്ടത്തിനടുത്തെത്തി. സിറ്റിയിലാരെയോ ഇറക്കാൻ വന്ന ജിപ്പിന്റെ ഹെഡ്‌ലൈറ്റുകൾ ആനകൾക്കു നേരെ തെളിയിച്ചു. കയ്യിലുണ്ടായിരുന്ന ടോർച്ചുകൾ ആകെ ഞങ്ങൾ ആനയ്ക്കുനേരെ തെളിയിച്ചു. അരണ്ടവെളിച്ചത്തിൽ ചമയങ്ങളണിയാത്ത ആനകളുടെ ഭംഗി വർണ്ണനകൾക്കപ്പുറെയാണ്.

ദിലീപും കുട്ടനും കണ്ണനും മാറിമാറി എണ്ണി. രാത്രിയിൽ വെള്ളത്തിൽ കൂത്താടുന്ന 12 ആനകൾ. ഭീമാകാരനായ ഒരു ലീഡർ. ആറ് പിടിയാനകൾ, അഞ്ച് കുഞ്ഞുങ്ങൾ. ആകെ പന്ത്രണ്ടുപേർ.

ലൈറ്റു കണ്ടപ്പോൾ അവർ കണ്ണിറുക്കി നിന്നു. കൂട്ടത്തിൽ ഏറ്റവും ചെറിയ കുരുന്നിന്, അമ്മ തന്നെ തുമ്പികൈയിൽ ആ പ്രത്യേകതയാർന്ന പുഴയ്ക്കു നടുവിലെ ഉറവപോലെ മേലോട്ടുയരുന്ന വെള്ളം ശേഖരിച്ച് പകർന്ന് കുടിപ്പിയ്ക്കുന്നു. കുട്ടികൾ അഞ്ചും മഹാവികൃതികളായ ആൺകുട്ടികളായിരുന്നു.

പാതിരാക്കോഴി കൂവിയിട്ടും ആ കാഴ്ചകളിൽ നിന്നും കണ്ണെടുക്കാനായില്ല. അതുകണ്ട് കണ്ട് മതിമറന്ന് മനസ്സില്ലാമനസ്സോടെ രാത്രിയിലേതോ സമയത്ത് ഉറക്കം തൂങ്ങി വീഴുന്ന കണ്ണുകളോടെ ഞങ്ങൾ ഹോംസ്‌റ്റേയിലെത്തി. ഉറക്കത്തിന്‍റെ  കാണാക്കയങ്ങളിലേക്കൂളിയിട്ടു.

കൂച്ചുവിലങ്ങണിയാതെ, കുടിയനായ പാപ്പാന്‍റെ  ഭീഷണിയില്ലാതെ, ചെവിയാട്ടി മസ്തകത്തിലടിച്ച് ഒച്ചകേൾപ്പിച്ച് തലയാട്ടി നിൽക്കുന്ന എത്രയോ ആനകൾ. തുമ്പിക്കൈ നിറയെ വെള്ളമെടുത്ത് ചീറ്റിയെറിഞ്ഞും തുരുതുരെ ചിന്നംവിളിച്ച് സന്തോഷം പങ്കിട്ടും ഈറ്റച്ചോലയാർ നിറയെ ആനക്കൂട്ടങ്ങളും കുട്ടിക്കുറുമ്പന്മാരും. കാടവരെ മാടിവിളിച്ച് മടിയിലിരുത്തി താരാട്ടുപാടുന്നു. കാടിന്‍റെ  മക്കളും കാടും പേടിക്കുന്നത് തോക്കിനെയും മഴുവിനെയുമാണ്.

അതുരണ്ടുമില്ലെങ്കിൽ നമുക്കവരോടുള്ള ഇഷ്ടത്തേക്കാൾ ഒരുനൂറു മടങ്ങ് ഇഷ്ടമാണ് അവർക്ക് നമ്മളെ.