Middle East

ദുബൈ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് വിനോദ സഞ്ചാര പരിപാടികള്‍ ഒരുങ്ങുന്നു

യാത്രാ മധ്യേ (ട്രാൻസിറ്റ്) ദുബായിലെത്തുന്ന യാത്രക്കാരുടെ സമയം വിനോദ സഞ്ചാരത്തിനുള്ള അവസരമാക്കി മാറ്റാൻ പദ്ധതിയുമായി ദുബായ് രാജ്യാന്തര വിമാനത്താവളം. നാലു മണിക്കൂറിലേറെ സമയമുള്ള യാത്രക്കാർക്കു നഗരത്തിന്‍റെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കും. നാലുമണിക്കൂറിൽ താഴെ സമയമുള്ളവർക്കു വിമാനത്താവളത്തിൽ വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ നഗരത്തിന്‍റെ ദൃശ്യാനുഭവം ലഭ്യമാക്കും.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശപ്രകാരം ആരംഭിച്ച 10 എക്സ് സംരംഭത്തോട് അനുബന്ധിച്ചാണു വിനോദസഞ്ചാരികളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താൻ സൗകര്യമൊരുങ്ങുന്നത്. രാജ്യാന്തര വിമാനത്താവളത്തിൽ 14.9 ദശലക്ഷം വിനോദ സഞ്ചാരികളാണു പ്രതിവർഷം എത്തുന്നത്. 2020ൽ 20 ദശലക്ഷമാകുമെന്നാണു പ്രതീക്ഷ.

46 ദശലക്ഷം ട്രാൻസിറ്റ് യാത്രക്കാരാണ് ഒരു വർഷം ദുബായ് വഴി കടന്നുപോകുന്നത്. ഇവരാരും ദുബായ് സന്ദർശിക്കുന്നില്ല. വിമാനത്താവളത്തിനുള്ളിൽ സാധാരണ ഷോപ്പിങ്ങിനാണ് ഇവർ സമയം ചെലവിടുന്നത്. ഒൻപതു ദിർഹമാണ് ശരാശരി ഒരു ട്രാൻസിറ്റ് യാത്രക്കാരൻ ദുബായ് വിമാനത്താവളത്തിൽ ചെലവാക്കുന്നത്.