News

ബജറ്റ് സ്ത്രീ സൗഹൃദം: നിറഞ്ഞത്‌ പെണ്ണെഴുത്ത്

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക് അവതരിപ്പിച്ച ബജറ്റില്‍ നിറഞ്ഞത്‌ സ്ത്രീ ശക്തി. സ്ത്രീ സൗഹൃദ ബജറ്റില്‍ ഉടനീളം വനിതാ എഴുത്തുകാരുടെ സൃഷ്ടി ശകലങ്ങള്‍ നിറഞ്ഞുനിന്നു. മിക്ക എഴുത്തുകാരികളുടെയും രചനകളിലെ ഭാഗങ്ങള്‍ ധനമന്ത്രി ബജറ്റ് പ്രസംഗത്തിലുടനീളം ഉദ്ധരിച്ചു. പൊരുതി വളരുന്ന മലയാളി സ്ത്രീത്വത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്.

കേരളത്തിലെ പുരുഷകോയ്മ തകര്‍ത്തേറിയണ്ടത്തിന്‍റെ ആവശ്യകത പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.വനിതാക്ഷേമത്തിന് 1267കോടി,കൊച്ചിയില്‍ 4 കോടി മുടക്കി ഷീ ലോഡ്ജ്,ഇരുപതാം വാര്‍ഷികത്തില്‍ കുടുംബശ്രീക്ക് ഇരുപതിന പരിപാടി എന്നിവ ബജറ്റിലുണ്ട്. വഴിയോരങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലും പോലീസ് സ്റ്റേഷന്‍ അടക്കമുള്ള പൊതു സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് ടോയ്ലറ്റുകള്‍ സ്ഥാപിക്കും.

സ്ത്രീ സുരക്ഷയ്ക്ക് 50കോടി നീക്കിവെച്ചു. ലിംഗ നീതി പ്രാവര്‍ത്തികമാക്കാന്‍ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി ആവിഷ്ക്കരിക്കും. അവിവാഹിതരായ അമ്മമാര്‍ക്ക് ധനസഹായം ഇരട്ടിയാക്കി-2000 രൂപ. സ്ത്രീ സൗഹൃദ പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകള്‍ക്ക് 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് അടിയന്തിര സഹായം നല്‍കുന്നതിനു മൂന്നു കോടി, പുനരധിവാസത്തിന് അഞ്ചു കോടി, സ്ത്രീകളുടെയും വയോജനങ്ങളുടെയും അഭയകേന്ദ്രങ്ങള്‍ നവീകരിക്കുന്നതിന് 20 കോടി അധികം വകയിരുത്തി. ബജറ്റിന്‍റെ 13.6% സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍2ക്കാണ്.2018-19 സാമ്പത്തിക വര്‍ഷം അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കുമെന്നും ബജറ്റ്  പ്രഖ്യാപിച്ചിട്ടുണ്ട്.