Eco Tourism

അറുപത് ഏക്കറില്‍ ജലാശയം: പദ്ധതിക്ക് അനുമതി

കോഴിക്കോട് പാറോപ്പടിയില്‍ 60 ഏക്കര്‍ സ്ഥലത്ത് ജലാശയം നിര്‍മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും വിനോദസഞ്ചാര പ്രോത്സാഹനത്തിനും ഉതകുന്ന രീതിയില്‍ പദ്ധതി നടപ്പാക്കുന്നതിന് സ്ഥലമുടമകള്‍ക്ക് പങ്കാളിത്തമുളള കമ്പനി രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

പാറോപ്പടി-കണ്ണാടിക്കല്‍ കൃഷിചെയ്യാത്തതും വെളളം കെട്ടിനില്‍ക്കുന്നതുമായ സ്ഥലത്ത് സ്ഥലമുടമകളുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി-ടൂറിസം പദ്ധതി നടപ്പാക്കാനുളള നിര്‍ദേശം എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് മുന്നോട്ടുവെച്ചത്. ജലാശയമുണ്ടാക്കാന്‍ പറ്റിയ സ്ഥലമാണ് ഇതെന്ന് സി.ഡബ്യൂ.ആര്‍.ഡി.എം നടത്തിയ പ്രാഥമിക പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗതീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ സി.ഡബ്യൂ.ആര്‍.ഡി.എം വിശദമായ പഠനം നടത്തും. പദ്ധതി തയ്യാറാക്കുന്നതിന് കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

യോഗത്തില്‍ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കലക്ടര്‍ യു.വി. ജോസ്, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഡോ. സരേഷ് ദാസ്, കെ.ടി.ഐ.എല്‍. മാനേജിങ് ഡയറക്ടര്‍ മോഹന്‍ലാല്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവര്‍ പങ്കെടുത്തു.