Kerala

മംഗളൂരുവില്‍നിന്ന് ചെന്നൈയ്ക്കും കൊച്ചുവേളിയിലേക്കും പ്രത്യേക ട്രെയിന്‍

മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിനുകള്‍. ഈ മാസം 28നും ഫെബ്രുവരി നാലിനും പുലര്‍ച്ചെ 3.40ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06054) അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചിന് കൊച്ചുവേളിയിലെത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്.

ഈ മാസം 26നും ഫെബ്രുവരി രണ്ടിനും കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06053) അടുത്ത ദിവസം രാവിലെ 5.10ന് മംഗളൂരു ജങ്ഷനിലെത്തും. ഈ സ്പെഷ്യല്‍ ട്രെയിനുകളില്‍ പ്രത്യേക നിരക്ക് ഈടാക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

അവധിക്കാല തിരക്ക് കണക്കിലെടുത്ത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മംഗളൂരു – ചെന്നൈ റൂട്ടില്‍ പ്രത്യേക പ്രതിവാര ട്രെയിന്‍ സര്‍വീസുണ്ടാകും. ഏപ്രില്‍ മൂന്നുമുതല്‍ ചൊവ്വാഴ്ചകളില്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് വൈകിട്ട് 6.20ന് പുറപ്പെടുന്ന ട്രെയിന്‍ (06055) അടുത്ത ദിവസം ഉച്ചയ്ക്ക് മംഗളൂരു ജങ്ഷനില്‍ എത്തും. ജൂണ്‍ 26വരെയാണ് സര്‍വീസ്.

ഏപ്രില്‍ നാലുമുതല്‍ ജൂണ്‍ 27വരെ ബുധനാഴ്ചകളില്‍ വൈകിട്ട് 4.30ന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06056) അടുത്ത ദിവസം രാവിലെ 10.30ന് ചെന്നൈ സെന്‍ട്രലില്‍ എത്തും. കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പുര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കട്ട്പാടി, അറക്കോണം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.