India

ഉലകം ചുറ്റി; ഇനി ആകാശം കടന്ന്..

ജംഷീന മുല്ലപ്പാട്ട്

‘സഞ്ചാര’ത്തിനോപ്പം മലയാളികള്‍ യാത്ര ആരംഭിച്ചിട്ട് 16 വര്‍ഷമായി. മലയാളിയുടെ സ്വീകരണ മുറിയില്‍ ലോക കാഴ്ച്ചയുടെ വിരുന്നൊരുക്കിയ സന്തോഷ്‌ ജോര്‍ജ് കുളങ്ങരയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു ബാക്ക്ബാഗും കാമറയും തൂക്കി ഉലകം ചുറ്റുന്ന ഈ വാലിബന്‍ ഭൂമിയിലെ സഞ്ചാരം താല്‍ക്കാലികമായി നിര്‍ത്തി ബഹിരാകാശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഓരോ തലമുറയും തങ്ങളുടെ യാത്രാ സ്വപ്‌നങ്ങള്‍ കുന്നുകൂട്ടുന്നത് സന്തോഷ്‌ ജോര്‍ജ് കുളങ്ങരയുടെ ‘സഞ്ചാര’ വിവരണങ്ങളിലൂടെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ സന്തോഷ്‌ ജോര്‍ജിന്‍റെ ആരാധകരാണ്. യത്രകള്‍ ട്രെന്‍ഡായ ഈ കാലഘട്ടത്തില്‍ സന്തോഷ്‌ ജോര്‍ജ് അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

  • കോട്ടയത്തെ മരങ്ങാട്ടുപ്പിള്ളി എന്ന ഗ്രാമത്തില്‍ നിന്ന് സന്തോഷ്‌ ജോര്‍ജ് എന്ന വ്യക്തി ഇത്രയും സഞ്ചാരപ്രിയനായതെങ്ങനെ?

ഗ്രാമീണര്‍ക്കാണ് യാത്രയോട് കൂടുതല്‍ താല്‍പ്പര്യം. തുറന്ന ലോകം കാണാന്‍ ഗ്രാമത്തിലുള്ളവര്‍ എപ്പോഴും ശ്രമിക്കും. ഗ്രാമീണര്‍ തന്നെയാണ് കൂടുതല്‍ യാത്രചെയ്യുന്നതും. എന്നെ സംബന്ധിച്ച് ചെറുപ്പം തൊട്ടേ യാത്രയോട് കമ്പമുണ്ട്. യാത്രചെയ്യുന്നതില്‍ അനുകൂല ഘടകം എന്‍റെ മാതാപിതാക്കളുടെ പിന്തുണയാണ്. യാത്ര ചെയ്യുന്നവര്‍ വഴിതെറ്റുമെന്ന ചിന്താഗതി അവര്‍ക്കില്ലായിരുന്നു.

  • എത്ര തവണ ലോകം ചുറ്റിയിട്ടുണ്ട്?

ഞാന്‍ യാത്ര ചെയ്തിട്ടുള്ള ദൈര്‍ഘ്യം കണക്കൂട്ടുകയാണെങ്കില്‍ 40 തവണ ലോകം ചുറ്റിയിട്ടുണ്ട്. 20 തവണ അമേരിക്കയില്‍ പോയിട്ടുണ്ട്. ഓരോ തവണ അമേരിക്കയില്‍ പോകുമ്പോഴും ഒരുപാട് രാജ്യങ്ങള്‍ ചുറ്റിയാണല്ലോ പോകുന്നത്. അമേരിക്ക എനിക്കിഷ്ട്ടമുള്ള ഒരു സ്ഥലമാണ്. വൈവിധ്യമായ കാഴ്ചകള്‍ അമേരിക്കയിലുണ്ട്. അലാസ്ക്ക പോലുള്ള നഗരങ്ങള്‍, കരീബിയന്‍ ദ്വീപുകള്‍ എല്ലാം വിസ്മയങ്ങളാണ്. ഇന്ത്യയുടെ ഇരട്ടിയിലധികം വലിപ്പമുണ്ട് അമേരിക്കയ്ക്ക്. അപ്പോള്‍ ഊഹിക്കാമല്ലോ എന്തെല്ലാം കാഴ്ചകള്‍ അവിടെയുണ്ടാവുമെന്ന്. കൂടുതല്‍ തവണ അമേരിക്കയില്‍ പോകാന്‍ മറ്റൊരു കാര്യംകൂടിയുണ്ട്. പത്തു വര്‍ഷത്തേക്കാണ് വിസ നല്‍കുക. അതുകൊണ്ട് ഒരുപാട് തവണ പോകുന്നു.

  • ഇനിയും കാണാനുള്ള രാജ്യങ്ങള്‍ ഏതൊക്കെ?

120 രാജ്യങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. 80 രാജ്യങ്ങളില്‍ പോകാനുണ്ട്. ഓരോ രാജ്യങ്ങളിലേക്ക് പോകുമ്പോഴും ആഴത്തിലുള്ള പഠനം ആവിശ്യമാണ്. സഞ്ചാരത്തിന്‍റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് ഈ രാജ്യങ്ങളിലൊക്കെ പോയിട്ടുള്ളത്. എല്ലാ രാജ്യങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എനിക്കിഷ്ട്മാണ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് ഒരു രാജ്യത്തെ കാണേണ്ടത്. സഞ്ചാരത്തിന്‍റെ അഞ്ച് എപ്പിസ്സോടാണ് ഒരു രാജ്യത്ത് നിന്നും ഷൂട്ട്‌ ചെയ്യുക. അപ്പോള്‍ തീര്‍ച്ചയായും ആ രാജ്യത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ അറിഞ്ഞിരിക്കണം. വഴികള്‍ കണ്ടെത്തണം, ചരിത്ര പ്രാധ്യാനം മനസ്സിലാക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍.

  • യാത്രചെയ്യാന്‍ ഇഷ്ട്മുള്ളവര്‍ ചെലവു കുറച്ച് യാത്ര ചെയ്യണമെന്നു എഴുതിയിരുന്നല്ലോ? യുവാക്കള്‍ക്ക് യാത്രയെക്കുറിച്ചറിയാനും യാത്രകള്‍  ചെയ്യാനും കൂട്ടായ്മ രൂപീകരിക്കണം എന്നും പറഞ്ഞിരുന്നല്ലോ?

അതെ. എന്‍റെ പോക്കറ്റില്‍ നിന്നും പൈസ എടുത്ത് ആളുകളെ രാജ്യം ചുറ്റിക്കാം എന്നല്ല അതിനര്‍ത്ഥം. ഒരു കൂട്ടായ്മ ഉണ്ടാക്കണം. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ഒരു പ്രസ്ഥാനത്തിന്ന് രൂപം നല്‍കിയിട്ടുണ്ട്. എന്‍റെ തിരക്കുകള്‍ കാരണം പദ്ധതികള്‍ മുമ്പോട്ടു പോവുന്നില്ല. ധാരാളം ഘടകങ്ങളും ഇതോടൊപ്പം ചേരേണ്ടതുണ്ട്. ദിവസവും 100 രൂപ നിങ്ങളുടെ വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ചാല്‍ നിങ്ങള്‍ക്കു വിദേശയാത്ര ചെയ്യാം.

  • ‘സഞ്ചാരം’ ഓരോ കാലഘട്ടത്തിലും ആളുകളെ സ്വാധീനിച്ചിട്ടുണ്ട്?

സഞ്ചാരം കണ്ടിരുന്ന കുട്ടികളാണ് ഇപ്പോള്‍ യാത്രചെയ്യുന്നവര്‍. കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ദുബൈയില്‍ നിന്നുമൊക്കെ എനിക്ക് കത്തുകള്‍ വരാറുണ്ട്. സഞ്ചാരം എന്നും കാണാറുണ്ടെന്നും ജോലി കിട്ടിയാല്‍ എല്ലാ സ്ഥലങ്ങളില്‍ പോകുമെന്നുമൊക്കെയുള്ള കത്തുകളാണ് അധികവും. സഞ്ചാരം ജനങ്ങള്‍ക്കിടയില്‍ കാഴ്ചയുടെ ലോകം തന്നെയാണല്ലോ തുറന്നിട്ടത്.

  • അതിരപ്പള്ളി, മലക്കപ്പാറ വഴി ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ ഹോണ്‍ അടിച്ചും ശബ്ദങ്ങളുണ്ടാക്കിയും യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. പൂര്‍ണമായും കാടുവഴിയുള്ള യാത്രയാണത്. ഇതൊരു മോശം പ്രവണതയല്ലേ?

നമ്മുടെ ആളുകള്‍ക്ക് ട്രാവല്‍ കള്‍ച്ചറില്ല. റോഡ്‌ നിയമങ്ങള്‍ പാലിച്ച് ആരും യാത്ര ചെയ്യുന്നതായി ഇതുവരെ കണ്ടിട്ടില്ല. റോഡില്‍ സിഗ്നല്‍ വരുന്നത് ഹോണ്‍ അടിക്കാനാണെന്ന് കരുതുന്നവരാണ് ഇവിടുള്ളവര്‍. കേരളത്തിന്‍റെ അത്രയും വികസനം ഇല്ലാത്ത പെറു, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ എത്ര ശാസ്ത്രീയമായാണ് റോഡ്‌ നിയമങ്ങള്‍ പാലിക്കുന്നത്. പല രാജ്യങ്ങളില്‍ നിന്നും ഞാന്‍ പരിഹാസ്യനാകേണ്ടി വന്നിട്ടുണ്ട്. കേരളം എന്നു പറയുമ്പോഴേ വിദേശികള്‍ മുഖം ചുളിക്കും. എന്തൊരു മോശം റോഡുകളാ അവിടെ എന്ന് പറയും. വനത്തിലൂടെ യാത്ര ചെയ്യുന്നവര്‍ വന നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

  • കേരളത്തിലെ ടൂറിസം വികസനത്തിന് എന്തൊക്കെ ചെയ്യണം?

കേരളത്തിലേക്ക് വരുന്ന യാത്രികര്‍ക്ക് എന്തൊക്കെ വേണം എന്നുള്ളത് നമ്മുടെ സര്‍ക്കാറിനറിയില്ല. യൂറോപ്പില്‍ നിന്നു വരുന്നവര്‍ക്ക് യൂറോപ്പ്യന്‍ മോഡല്‍ സംവിധാനങ്ങളല്ല ഒരുക്കേണ്ടത്. ആളുകള്‍ കേരളത്തില്‍ എന്തുകാണാനാണ് വരുന്നതെന്നറിയണം. കേരളത്തിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് ആദ്യം സര്‍ക്കാര്‍ മനസ്സിലാക്കണം. കേരളത്തിലെ കല, സംസ്കാരം, വാസ്തുവിദ്യ, ഭക്ഷണം, ഭൂപ്രകൃതി എല്ലാം ഉള്‍പ്പെടുത്തിയുള്ള ടൂറിസം ആലോചനകളാണ് വേണ്ടത്. വിദേശത്തൊക്കെ ടൂറിസം കോഴ്സ് പഠിക്കുന്ന വിദ്യാര്‍ഥികളെ സര്‍ക്കാറുകള്‍ വിനോദ യാത്രികരുടെ സര്‍വേ എടുക്കാന്‍ ഏല്‍പ്പിക്കും. അതില്‍ നിന്നും മനസ്സിലാക്കാം ഒരു ടൂറിസ്റ്റിന് എന്തൊക്കെയാണ് വേണ്ടതെന്ന്. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ നമ്മുടെ സര്‍ക്കാറും നടപ്പിലാക്കട്ടെ. ‘സഞ്ചാരം’ ഉള്ളതുകൊണ്ടാണ് ഞാന്‍ ലോകത്തെകുറിച്ചറിഞ്ഞത്. ലോകത്തെ വികസനത്തെ കുറിച്ചറിഞ്ഞത്. വലിയൊരു പ്രശ്നം എങ്ങനെയൊക്കെയാണ് മറ്റു രാജ്യങ്ങള്‍ പരിഹരിക്കുന്നതെന്ന് നമ്മള്‍ കണ്ടുപടിക്കണം. നമ്മുക്ക് വീക്ഷണബോധമുണ്ടാവണം. എന്നാലെ കാര്യങ്ങള്‍ നേരെയാക്കാന്‍ പറ്റൂ.

  • യാത്ര ചെയ്യാനുള്ള മുന്നൊരുക്കങ്ങള്‍ എന്തൊക്കെയാണ്?

നമ്മള്‍ യാത്രയെ പുനരാവിഷ്ക്കരിക്കേണ്ടതുണ്ട്.യാത്ര പോവേണ്ടത് കാഴ്ച്ചകളിലേക്കാവണം അല്ലാതെ ആഘോഷിക്കാനാവരുത്. പ്രകൃതിയും, ചരിത്രവും, സംസ്കാരവും, ജനജീവിതവുമൊക്കെ കണ്ടാവണം യാത്ര. റിട്ടയര്‍മെന്‍റ് ടൂറിസവും ആവരുത്. കണ്ണുതുറന്ന് ലോകത്തെ കാണാന്‍ ശ്രമിക്കണം. എപ്പോഴും തനിച്ച് യാത്രപോവുന്നതാണ് നല്ലത്. അപ്പോള്‍ നമ്മള്‍ കാഴ്ചകളുമായി സംവദിക്കും. പ്രകൃതിയുമായി സംവദിക്കും, നമ്മുടെ അനുഭവങ്ങളോട് സംവദിക്കും. ഒറ്റയ്ക്ക് പോവാന്‍ പറ്റാത്തവര്‍ രണ്ടോ മൂന്നോ അളുകളോടൊപ്പം പോവുക. അതാണ്‌ നല്ലത്.

എപ്പോഴും കുറഞ്ഞ ലഗേജ് കൊണ്ടുപോവുക. ടൂത്ത് പേസ്റ്റും, സോപ്പും കൊണ്ടു യാത്രചെയ്യുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. ലോകത്തിന്‍റെ ഏതു കോണിലും ഈ സാധനങ്ങള്‍ കിട്ടും. ഒരു ബാക്ക്ബാഗ്‌ മതി എത്രദിവസവും യാത്രചെയ്യാന്‍.  അല്ലാതെ ചുമടെടുക്കാനല്ലല്ലോ നമ്മള്‍ യാത്ര ചെയ്യുന്നത്. ഓരോ യാത്രയിലും നമ്മുക്ക് ആന്തരികമായ സംസ്ക്കരണം നടക്കണം. എന്നാലെ യാത്രകൊണ്ട് കാര്യമുള്ളൂ. ഞാന്‍ ഒരു ബാക്ക് ബാഗ്‌ കൊണ്ടും കാമറ ബാഗും കൊണ്ടാണ് യാത്ര ചെയ്യാറ്.

  • ബഹിരാകാശ യാത്രയുടെ ആകാംക്ഷയുണ്ടോ? തിയ്യതി നിശ്ചയിച്ചോ?

അടുത്ത യാത്ര എങ്ങോട്ടാണെന്ന് ആലോചിച്ചപ്പോഴാണ് ബഹിരാകാശ യാത്ര എന്ന ആശയമുണ്ടായത്. ഭൂമിയിലൂടെ ഒരുപാട് യാത്ര ചെയ്തില്ലേ ഇനി ബഹിരാകാശത്തില്‍ക്കൂടിയാവാം എന്ന് കരുതി. പരിശീലനങ്ങളൊക്കെ കഴിഞ്ഞു. തിയ്യതി ഇതുവരെ നിശ്ചയിട്ടില്ല.

  • ഞങ്ങള്‍ പുതിയൊരു സംരംഭത്തിന് തുടക്കമിടുകയാണ്. പൂര്‍ണമായും ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. തുടക്കക്കാരെന്ന നിലയില്‍ ഞങ്ങളോട് എന്താണ് പറയാനുള്ളത്?

യാത്ര ആളുകള്‍ക്ക് പാഷനാണ്. അവരുടെ അനുഭവങ്ങള്‍ തുറന്നുപറയാനുള്ള വേദിയാവണം നിങ്ങളുടെ ന്യൂസ്‌ പോര്‍ട്ടല്‍. യാത്രികരെക്കാളും ഉയര്‍ന്ന അറിവുണ്ടാവണം. പുതിയ അറിവുകള്‍ യാത്രികര്‍ക്ക് കൊടുക്കുക. അവര്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്ന സംരംഭമാവാന്‍ നോക്കണം. ചോദ്യം ചെയ്യപ്പെടാന്‍ അവസരമുണ്ടാക്കരുത്. കൃത്യതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. നിങ്ങളോട് കിടപിടിക്കാനും മത്സരിക്കാനും ആരും ഉണ്ടാവാതെ വരുമ്പോഴാണ് വിജയമുണ്ടാവുക.