Festival and Events

തണുപ്പുകാലം ഖത്തറിന് ഉത്സവകാലം

ശൈത്യം പിറന്നാല്‍ ഖത്തറില്‍ ആഘോഷക്കാലമാണ്. ഖത്തറിന്‍റെ വാണിജ്യമേളകളും വസന്താഘോഷങ്ങളും നടക്കുന്നത് ശൈത്യക്കാലത്താണ്. സ്കൂള്‍ അവധി തുടങ്ങിയതോടെ ആഘോഷം ഇരട്ടിയായി.

രാജ്യത്തെ സ്വദേശികള്‍ക്കും, വിദേശികള്‍ക്കും, പ്രവാസികള്‍ക്കുമായി വിസ്മയിപ്പിക്കുന്ന കലാവിരുന്നുകളും, വിനോദ പരിപാടികളുമാണ് ഖത്തര്‍ ടൂറിസം അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്നത്. പ്രധാന വാണിജ്യമേളയായ ഷോപ്പ് ഖത്തര്‍ പതിമൂന്ന് ഷോപ്പിംഗ്‌ മാളുകളിലാണ് നടക്കുന്നത്. കൂടാതെ രാജ്യത്തിന്‍റെ സാംസ്കാരിക ഗ്രാമമായ കത്താറ കള്‍ച്ചറല്‍ വില്ലേജ്, വിനോദ വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫ്, അല്‍ വഖ്റ സൂഖ് എന്നിവിടങ്ങളിലും വസന്താഘോഷങ്ങള്‍ സജീവമാണ്. വ്യാപാര വിപണന മേളകളും, കലാപ്രദര്‍ശനങ്ങളും, അന്താരാഷ്‌ട്ര സമ്മേളനങ്ങളും, കായികപരിപാടികളും നടക്കുന്നുണ്ട്.

Picture curtasy: @whatsupdoha

ഷോപ്പ് ഖത്തറിന്‍റെ ഭാഗമായി രാജ്യത്തെ ഫാഷന്‍, വസ്ത്ര, സൗന്ദര്യ പ്രേമികള്‍ക്ക് മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നത്. വിഖ്യാത ഡിസൈനര്‍മാരുമായും മേക്കപ്പ് കലാകാരന്മാരുമായും നേരിട്ട് സംവദിക്കാനും പുത്തന്‍ വസ്ത്ര ഡിസൈനുകളെക്കുറിച്ച് മനസ്സിലാക്കാനും കഴിയും. വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം മാളുകളില്‍ അമ്പതുശതമാനംവരെ വിലക്കുറവുണ്ട്

അല്‍ വഖ്റ സൂഖില്‍ ഫെബ്രുവരി ഒന്നുവരെ നീളുന്ന വസന്താഘോഷത്തിന്‍റെ ആദ്യദിനം മുതലേ തിരക്കുണ്ട്. കടലിന് അഭിമുഖമായുള്ള സൂഖിന്‍റെ മനോഹാരിത ആസ്വദിച്ച് സര്‍ക്കസും, ഗെയിമുകളുമായി കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സമയം ചെലവഴിക്കാം. സൂഖ് വാഖിഫിലെ ആഘോഷങ്ങള്‍ ഏപ്രില്‍വരെ തുടരും. ഷോപ്പ് ഖത്തറിന് ഫെബ്രുവരി എട്ടിന് സമാപനമാകും

സൗദിസഖ്യത്തിന്‍റെ ഉപരോധമുണ്ടായിട്ടും രാജ്യത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും നിരവധിപേരാണ് എത്തുന്നത്. ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള സൗജന്യ ഓണ്‍ അറൈവല്‍ വിസ ഇളവുകള്‍ രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുന്നുണ്ട്. കപ്പല്‍ ടൂറിസം സീസണായതിനാല്‍ കടല്‍ കടന്നെത്തുന്ന സഞ്ചാരികളും ആഘോഷങ്ങള്‍ ആസ്വദിച്ചാണ് മടങ്ങുന്നത്.