Hospitality

നക്ഷത്രമെണ്ണിക്കേണ്ട: നക്ഷത്രം നിരത്തണം

ടിഎന്‍എല്‍ ബ്യൂറോ

ന്യൂഡല്‍ഹി : നക്ഷത്ര ഹോട്ടലുകള്‍ ഇനി ഏതു നക്ഷത്രമെന്ന് പ്രദര്‍ശിപ്പിക്കണം. റിസപ്ഷനിലും  ഹോട്ടല്‍ വെബ്സൈറ്റിലും പ്രദര്‍ശിപ്പിക്കണം. ഈ വ്യവസ്ഥ അടക്കം നിരവധി പരിഷ്കാരങ്ങളുമായി ടൂറിസം മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു.

Crowne Plaza, Kochi

ഹോട്ടലുകള്‍ക്ക് പദവി നല്‍കല്‍ പുതിയ മാര്‍ഗരേഖ പ്രകാരം സുതാര്യവും ലളിതവുമാവുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

സൗകര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ നക്ഷത്ര ഹോട്ടലുകള്‍ക്ക് ഒന്ന് മുതല്‍ അഞ്ചു വരെ എന്ന നിലയില്‍ പദവി നല്‍കിയിട്ടുണ്ട്. നേരത്തെ നക്ഷത്ര പദവിക്കുള്ള അപേക്ഷക്കൊപ്പം ഡിമാണ്ട് ഡ്രാഫ്റ്റ് സമര്‍പ്പിക്കണമായിരുന്നു. മാര്‍ഗ രേഖ പ്രകാരം ഓണ്‍ലൈന്‍ മുഖേനയാണ് ഇനി അപേക്ഷിക്കേണ്ടത്. പണം അടക്കേണ്ടത് ഓണ്‍ലൈന്‍ ഇടപാട് വഴിയും.

മാനുഷിക ഇടപെടലിലൂടെ അപേക്ഷ വൈകിക്കുന്നതും കൃത്രിമം കാട്ടുന്നതും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ ഇല്ലാതാക്കാനാവുമെന്നും മന്ത്രാലയം പറയുന്നു. അപേക്ഷയില്‍ മൂന്നു മാസത്തിനകം തീര്‍പ്പുണ്ടാക്കുമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

ഭേദഗതി പ്രകാരം ഹോട്ടലിലെ ബാര്‍ അല്ലാതെ മറ്റു മദ്യശാലകളെ  നക്ഷത്ര ഹോട്ടലുകളുടെ മദ്യശാലാ നിര്‍വചന പരിധിയില്‍പ്പെടുത്തില്ല.

മദ്യനിരോധനം പ്രാബല്യത്തിലുള്ള ഗുജറാത്തിന്‍റെ അപേക്ഷയിലാണ് തീരുമാനം. ഗുജറാത്തില്‍ പ്രത്യേകാനുമതിയോടെ ഹോട്ടല്‍ വളപ്പില്‍ അതിഥികള്‍ക്ക് മദ്യം നല്‍കാം. വളപ്പിലെ കച്ചവടം ബാര്‍ ആയി പരിഗണിക്കാതതിനാല്‍ നക്ഷത്ര ഹോട്ടല്‍ പദവി അപേക്ഷയില്‍ തടസങ്ങള്‍ക്ക് ഇടയാക്കിരുന്നു.