ബിറ്റ് കോയിന്‍: ചില അക്കൌണ്ടുകള്‍ മരവിപ്പിച്ചു

;മുംബൈ : ബിറ്റ് കോയിന്‍ വിനിമയവുമായി ബന്ധപ്പെട്ട് സംശയാസ്പദ ഇടപാടുകള്‍ നടന്നെന്ന് കരുതുന്ന ചില അക്കൌണ്ടുകള്‍ ബാങ്കുകള്‍ മരവിപ്പിച്ചു.സസ്പെന്‍ഡ് ചെയ്യാത്ത അക്കൌണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എസ്ബിഐ, ആക്സിസ് , എച്ച്ഡിഎഫ് സി, യെസ്, ഐസിഐസിഐ ബാങ്കുകളാണ് അക്കൌണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തത്. ബിറ്റ് കോയിന്‍ ഇടപാടുകാരായ നൂറുകണക്കിന് പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. ക്രിപ്റ്റോകറന്‍സി ഇടപാട് നടത്തുന്ന എക്സ്ചെയ്ഞ്ചുകളില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയെത്തുടര്‍ന്നാണ്‌ നടപടി.

17 മാസത്തിനിടെ 22,400 കോടി രൂപയുടെ ഇടപാടാണ് ക്രിപ്റ്റോ എക്സ്ചെഞ്ചുകളില്‍ നടന്നതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

യുവനിക്ഷേപകര്‍, റിയല്‍എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍,സ്വര്‍ണാഭരണ ശാല ഉടമകള്‍ എന്നിവരാണ് ബിറ്റ്കോയിന്‍ ഇടപാടുകാര്‍ ഏറെയും.

മുംബൈ, ഡല്‍ഹി, ബംഗലൂരു, പുണെ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ക്രിപ്റ്റോകറന്‍സി ഇടപാട് ഇന്ത്യയില്‍ നിരോധിച്ചിട്ടില്ല. എന്നാല്‍ ഇത് രാജ്യത്തിന് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് ആര്‍ബിഐയുടെയും ധന മന്ത്രാലയത്തിന്റെയും മുന്നറിയിപ്പ്. മാര്‍ച്ചില്‍ അര്‍ജന്റീനയില്‍ ചേരുന്ന ജി20 സമ്മേളനം ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും