Aviation

വികസിക്കാന്‍ ഇടമില്ല : പുതിയ താവളം തേടി തിരുവനന്തപുരം

ടിഎന്‍എല്‍ ബ്യൂറോ

തിരുവനന്തപുരം: വികസിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വേണ്ടത്ര സ്ഥലം കിട്ടാത്തതിരുവനന്തപുരം വിമാനത്താവളം പുതിയ ഇടം തേടുന്നു. നിലവിലെ വിമാനത്താവള വികസനത്തിന്‌ സ്ഥലമെടുപ്പ് കീറാമുട്ടിയായതോടെയാണ്‌ അധികൃതര്‍ പുതിയ സ്ഥലം തേടുന്നത്. കേരള -തമിഴ്‌നാട് അതിര്‍ത്തിയിലെ പാറശാല, തിരുവനന്തപുരം- കൊല്ലം ജില്ലാ അതിര്‍ത്തിയിലെ നാവായിക്കുളം, കാട്ടാക്കട എന്നിവയാണ് പരിഗണനയില്‍. ആദ്യ രണ്ടു സ്ഥലങ്ങളും ദേശീയപാതയോരത്താണ് . പുതിയ വിമാനത്താവളത്തിന് 800 ഹെക്ടര്‍ സ്ഥലം വേണം.

Photo Courtesy: Wiki

വിമാനത്താവളം പുതിയ സ്ഥലത്തേക്ക് മാറ്റിയാല്‍ നിലവിലെ സ്ഥലം വ്യോമസേനക്ക് കൈമാറും. എയര്‍പോര്‍ട്ട്‌ അതോറിറ്റിക്ക് ഫ്രൈറ്റ് ടെര്‍മിനല്‍ പണിയാനുള്ള സ്ഥലമാണ് തദ്ദേശവാസികളുടെ എതിര്‍പ്പ് മൂലം ഏറ്റെടുക്കാന്‍ ആവാത്തത്. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിന് പുതിയ സ്ഥലം കണ്ടെത്താന്‍ നീക്കം തുടങ്ങിയത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ഗുരുപ്രസാദ് മോഹാപാത്ര ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു. നഗരത്തില്‍ ഉള്ളിലോട്ടാകണം വിമാനത്താവളം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വെച്ചിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖ സാമീപ്യം, കന്യാകുമാരി, നാഗര്‍കോവില്‍ ജില്ലകളുമായുള്ളഅടുപ്പം, നെയ്യാറ്റിന്‍കര വരെ തുടങ്ങുന്ന ലൈറ്റ് മെട്രോ എന്നിവയൊക്കെ കണക്കിലെടുത്താല്‍ പാറശാലക്ക് നറുക്ക് വീണേക്കും.

നിലവിലെ വിമാനത്താവളം 1932ല്‍ കേരള ഫ്ലൈയിംഗ് ക്ലബ് തുടങ്ങിയതാണ്‌ .