Short Escapes

കുതിരാൻ വരെ പോയാലോ? തുരങ്കവും കാണാം … വിസ്മയക്കാഴ്ചകളും നുകരാം

 

ഇതാ ലോകോത്തര നിലവാരമുള്ള തുരങ്ക പാത. ഇങ്ങ് കേരളത്തിലാണ് ഈ തുരങ്ക വിസ്മയം

തൃശൂർ -പാലക്കാട് ദേശീയപാതയിൽ വടക്കാഞ്ചേരിക്ക് സമീപമാണ് വിസ്മയം തീർക്കുന്ന കുതിരാൻ തുരങ്കം . നിരവധി തൊഴിലാളികൾ മാസങ്ങളോളം മല്ലിട്ടാണ് കുതിരാൻ മലയിലെ പാറ തുരന്ന് തുരങ്കം പൂർത്തിയാക്കിയത്. 968 മീറ്റർ ദൈർഘ്യമുള്ള ഇരട്ടക്കുഴൽ പാതയാണിത്.

ഹൈടെക് സൗകര്യം

തുരങ്കത്തിൽ സുരക്ഷിത യാത്രക്ക് ഹൈടെക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വെളിച്ചം , വായു, ചൂട് എന്നിവ ഓട്ടോമാറ്റിക് സംവിധാനത്തിൽ നിയന്ത്രിക്കും. വെളിച്ചത്തിൽ നിന്ന് തുരങ്കത്തിലേക്ക് കടക്കുമ്പോൾ കണ്ണുകൾ ഇരുട്ടിലാകുന്നത് മറികടക്കാൻ പ്രത്യേക ദീപവിതാനമാണ് ഉള്ളിൽ ക്രമീകരിച്ചിരിക്കുന്നത്.

പകൽ തുരങ്കത്തിലേക്ക് കടക്കുമ്പോൾ ആദ്യ നൂറു മീറ്ററിൽ പുറം വെളിച്ചത്തിന്റെ തീവ്രതയാകും. പുറത്തേക്ക് കടക്കുമ്പോഴും ഇതേ രീതിയാണ് പ്രകാശ വിന്യാസത്തിൽ അവലംബിച്ചിരിക്കുന്നത്. 30,60, 100, 150 വാട്ടുകളിലുള്ള 680 എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

വായു സഞ്ചാരം സുഗമമാക്കാനും വാഹനപ്പുക പുറന്തള്ളാനും പത്ത് എക്സ് ഹോസ്റ്റ് ഫാനുകൾ തുരങ്കത്തിനകത്തുണ്ട്.

സൗകര്യങ്ങൾ വേറെയും !

തുരങ്കത്തിനകത്ത് മൊബൈൽ ഫോണിന് റേഞ്ച് കിട്ടാൻ സാധ്യത കുറവാണ്. ഇത് മറികടക്കാൻ യാത്രക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടുന്നതിന് 15 ഫോണുകൾ തുരങ്കത്തിനുള്ളിൽ സ്ഥാപിക്കും. തുരങ്കത്തിലെ ചൂട്, കാർബൺ മോണോക്സൈഡിന്റെ അളവ് , വെളിച്ചം എന്നിവ അളക്കാൻ സെൻസറുകൾ ഘടിപ്പിക്കും. വ്യത്യാസമുണ്ടെങ്കിൽ കൺട്രോൾ റൂമിന് പരിഹരിക്കാനാവും . പ്രവേശന ഭാഗത്ത് രണ്ട് തുരങ്കങ്ങളുടെ മധ്യത്തായി എൽ ഇ ഡി ബോർഡിൽ തുരങ്കത്തിലെ ചൂട്, ഗതാഗത വിവരങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
സജ്ജീകരണങ്ങളുമായി കുതിരാൻ അവസാന ഒരുക്കത്തിലാണ്.
അപ്പോ… റെഡിയല്ലേ കുതിരാനിലേക്ക് ഒന്നു പോകാൻ ..

യാത്രാ വിവരം

റോഡ് മാർഗം: കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് വെളിയന്നൂർ

ട്രെയിൻ മാർഗം: വടക്കാഞ്ചേരി റയിൽവേ സ്റ്റേഷൻ

ആകാശമാർഗം: കൊച്ചി രാജ്യാന്തര വിമാനത്താവളം