India

ഗോവന്‍ കാഴ്ചകള്‍; ഭഗവാന്‍ മഹാവീര്‍ ദേശീയോദ്യാനം

ഗോവന്‍ കാഴ്ചകളില്‍ ഒരിക്കലെങ്കിലും ആര്‍മ്മാദിക്കുവാന്‍ ആഗ്രഹിക്കാത്തവര്‍ കാണില്ല. രാവ് പകലാക്കുന്ന ബീച്ചുകളും നാവില്‍ കപ്പലോടിക്കുന്ന രുചികളും പൗരാണികമായ ദേവാലയങ്ങളും ഇവിടെ കണ്ടും അറിഞ്ഞും തീര്‍ക്കാം. എന്നാല്‍ അതിനുമപ്പുറം മറ്റൊരു ഗോവയുണ്ട്. കാടും മലകളും നിറഞ്ഞ് പഴമയുടെ കഥയുമായി നില്‍ക്കുന്ന ഗോവ. പുതിയ ഗോവയെ കാണാനിറങ്ങുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത ധാരാളം ഇടങ്ങള്‍ ഇവിടുണ്ട്. അത്തരത്തില്‍ ഗോവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിക്കുന്ന ഒരിടമുണ്ട്. ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനം. ഗോവയുടെ വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും കാണാന്‍ സഹായിക്കുന്ന ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനത്തിന്റെ വിശേഷങ്ങള്‍…


ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനം

ഗോവയിലെ വ്യത്യസ്തമായ കാഴ്ചകള്‍ തേടിപ്പോകുന്നവര്‍ കണ്ടിരിക്കേണ്ട ഇടമാണ് വടക്കന്‍ ഗോവയിലെ ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനം. പനാജിയില്‍ നിന്നും 57 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇതിനുള്ളിലെ കാഴ്ചകള്‍ കണ്ടറിയേണ്ടതു തന്നെയാണ്.

ഗോവയിലെ ഏറ്റവും വലുത്

പശ്ചിമഘട്ടത്തിന്റെ ഭാഗമായി കിടക്കുന്ന ഈ ദേശീയോദ്യാനം 240 ചതുരശ്ര കിലോമീറ്ററിലാണ് വ്യാപിച്ചു കിടക്കുന്നത്. ഗോവയിലെ ഇന്നുള്ളതില്‍ ഏറ്റവും വലിയ സംരക്ഷിത പ്രദേശം കൂടിയാണിത്. ആദ്യ കാലങ്ങളില്‍ ഈ സംരക്ഷിത പ്രദേശം മോല്ലം ഗെയിം സാങ്ച്വറി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1969 ല്‍ ഒരു ഒരു വന്യജീവി സങ്കേതമായി ഉയര്‍ത്തപ്പെട്ടതിനു ശേഷമാണ് ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേതമെന്ന് ഇത് അറിയപ്പെടുവാന്‍ തുടങ്ങിയത്. ഇതില്‍ 107 ചതുരശ്ര കിലോമീറ്റര്‍ ഇടം ഇതിന്റെ കോര്‍ ഏരിയ ആയാണ് പരിഗണിക്കപ്പെടുന്നത്. ഇതിനെ മോല്ലം നാഷണല്‍ പാര്‍ക്ക് എന്നാണ് വിളിക്കുന്നത്. 1978 ലാണ് ഇത് നിലവില്‍ വരുന്നത്.
അപൂര്‍വ്വ ജൈവവൈവിധ്യം

അത്യപൂര്‍വ്വമായ ജൈവവൈവിധ്യ കലവറ കൂടിയാണ് ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേതം. ഇലപൊഴിയും വനങ്ങളും നിത്യഹരിതവനങ്ങളും ചേര്‍ന്നതാണിവിടുത്തെ പ്രകൃതി. കരിമ്പുലി മുതല്‍ കടുവ, കരടി, പറക്കുംഅണ്ണാന്‍, വ്യത്യസ്ത ഇനത്തിലുള്ള പക്ഷികള്‍, പൂമ്പാറ്റകള്‍, തുടങ്ങിയവയെ ഇവിടെ കാണാം.

തുംഡി മഹാദേവ ക്ഷേത്രം

12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട തുംഡി മഹാദേവ ക്ഷേത്രം ഇതിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്. കഡംബ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ഇവിടെ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒന്നാണ്. ഐഹോളെ ക്ഷേത്രങ്ങളോട് സാദൃശ്യമുള്ള ഈ ക്ഷേത്രത്തില്‍ ശിവലിംഗ മാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

ധൂത് സാഗര്‍ വെള്ളച്ചാട്ടം

ഗോവയില്‍ കര്‍ണാടകയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേതത്തിലാണ് ഈ വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. മാഡ്ഗാവോണ്‍ – ബെല്‍ഗാം റെയില്‍പാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാല്‍ ഈ പാതയിലൂടെ യാത്ര ചെയ്താല്‍ ധൂത് സാഗര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം. ധൂത് സാഗര്‍ വെള്ളച്ചാട്ടം കാണാന്‍ ആളുകള്‍ ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താറുണ്ട്. ധൂത് സാഗറിലേക്ക് ഒന്നിലധികം ട്രെക്കിംഗ് ട്രെയിലുകള്‍ ഉണ്ട്

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്.

പ്രവേശിക്കുവാന്‍

മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 5 രൂപയുമാണ് പ്രവേശന ചാര്‍ജ്. സ്റ്റില്‍ ക്യാമറയ്ക്ക് 30 രൂപയും വീഡിയോ ക്യാമറയ്ക്ക് 150 രൂപയും ഫീസ് നല്കണം.

എത്തിച്ചേരുവാന്‍

ഗോവയിലെ സാന്‍ഗ്വേം താലൂക്കില്‍ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നാണ് ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 80 കിലോമീറ്റര്‍ അകലെയുള്ള ഡബോലിം വിമാനത്താവളമാണ് ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ആറ് കിലോമീറ്റര്‍ അകലെയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനായ കോലെം റെയില്‍വേ സ്റ്റേഷനുള്ളത്.