Kerala

സഞ്ചാരികള്‍ക്ക് പുത്തന്‍ വിനോദവുമായി മലരിക്കല്‍ ടൂറിസം

അപ്പര്‍ കുട്ടനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ പുത്തന്‍ വിനോദങ്ങളൊരുക്കി മലരിക്കല്‍ ടൂറിസം കേന്ദ്രം. നെല്‍കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞപ്പോള്‍ കായല്‍ പ്രതീതിയുണര്‍ത്തുന്ന സൗന്ദര്യക്കാഴ്ചയാണ് പ്രകൃതി സമ്മാനിക്കുന്നത്.

തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ പ്രദേശത്തുള്ള ഒമ്പതിനായിരം- തിരുവായ്ക്കരി 1800 ഏക്കര്‍ പാടശേഖരത്തിലെ ഓളപ്പരപ്പില്‍ വള്ളംതുഴഞ്ഞ് നടക്കാനും സൂര്യാസ്തമനം വീക്ഷിക്കാനുമാണ് ഇപ്പോള്‍ അവസരം ഒരുങ്ങുന്നത്. നാടന്‍വള്ളങ്ങള്‍ തുഴയാന്‍ പഠിക്കണമെങ്കില്‍ ഇവിടെ അതിനും അവസരം ലഭിക്കുമെന്ന് ടൂറിസം സൊസൈറ്റി പ്രസിഡന്റ് പി.എം.മണി, സെക്രട്ടറി ഷാജി വട്ടപ്പള്ളി എന്നിവര്‍ അറിയിച്ചു.

ആഴംകുറഞ്ഞ പാടശേഖരത്തില്‍ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയാണ് തിരുവാര്‍പ്പ് മലരിക്കല്‍ ടൂറിസം സൊസൈറ്റി സഞ്ചാരികളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്. സാധാരണക്കാര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുംവിധം തുച്ഛമായ സര്‍വീസ് ചാര്‍ജ് മാത്രമാണ് സൊസൈറ്റി ഈടാക്കുന്നത്. മീനച്ചിലാര്‍ -മീനന്തറയാര്‍ -കൊടൂരാര്‍ പുനഃസംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലരിക്കല്‍ ടൂറിസം കേന്ദ്രത്തിലാണ് പുതിയ പദ്ധതിക്കും തുടക്കംകുറിക്കുന്നത്.