Kerala

ഹൈറേഞ്ചിന്റെ മൊഞ്ചത്തി വിളിക്കുന്നു, ഇടുക്കിയുടെ ആഴപ്പരപ്പിലേക്ക്

വേനലവധി പിറന്നതോടെ സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇടുക്കിയുടെ സൗന്ദര്യമായ കാല്‍വരിമൗണ്ട്. നിറഞ്ഞുതുളുമ്പുന്ന ഇടുക്കി ജലാശയത്തിന്റെ ദൃശ്യവിസ്മയമാണ് ഹൈറേഞ്ചിന്റെ മൊഞ്ചത്തിയായ കാല്‍വരി മൗണ്ടിനെ കൂടുതല്‍ ആകര്‍ഷണമാക്കുന്നത്. ഉച്ചസമയത്തുപോലും സഞ്ചാരികളെ തലോടിയെത്തുന്ന കുളിര്‍ക്കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. ഇടുക്കിയുടെ ഭംഗി ആസ്വദിക്കാന്‍ എത്തുന്നവര്‍ക്കായി ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.


വേനലവധിയായതോടെ കാല്‍വരിമൗണ്ടില്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ദിവസവും ശരാശരി ആയിരത്തോളം സഞ്ചാരികളാണ് എത്തുന്നത്. ഇരുപത് രൂപയാണ് പ്രവേശന ഫീസ്. പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവേശനസമയം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ദിവസം 2500 രൂപ നിരക്കില്‍ വനംവകുപ്പിന്റെ അഞ്ച് പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള രണ്ട് ചെറിയ കോട്ടേജുകളും ലഭ്യമാണ്.

ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനായി പുതിയ കെട്ടിടം നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുറന്ന് പ്രവര്‍ത്തിക്കാനായിട്ടില്ല. വെള്ളത്തിന്റെ പരിമിതിയും പാര്‍ക്കിങ്ങ് സൗകര്യവും ഇല്ലാത്തതാണ് പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള വെല്ലുവിളി.

വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന വനം സംരക്ഷണ സമിതിയുടെ തേതൃത്വത്തിലാണ് കാല്‍വരിമൗണ്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സഞ്ചാരികളുടെ പറുദീസയായിരുന്ന കാല്‍വരി മൗണ്ട് പ്രളയം ഉയര്‍ത്തിയ വെല്ലുവിളി നേരിട്ട് തിരിച്ചുവരികയാണ്