Middle East

സഞ്ചാരികളെ ദുബൈയിലേക്ക് ക്ഷണിച്ച് കിംഗ് ഖാന്‍

ഇന്ത്യയുടെ രാജ്യാന്തര മുഖമാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. മുംബൈ പോലെ തന്നെ ഷാരൂഖിന് ഏറെ പ്രിയപ്പെട്ട മറ്റൊരിടമാണ് ദുബൈ. ദുബൈയിയോടുള്ള തന്റെ ഇഷ്ടം ഷാരൂഖ് പ്രകടിപ്പിച്ചിട്ടുള്ളത്, ആ നാട് തന്റെ രണ്ടാം ഭവനമാണെന്നു പറഞ്ഞു കൊണ്ടാണ്. അറബ് നാടിന്റെ സൗന്ദര്യം മുഴുവന്‍ വെളിപ്പെടുത്തുന്ന, ദുബൈ വിനോദസഞ്ചാരത്തിന്റെ ഒരു വീഡിയോയിലൂടെ സഞ്ചാരികളെ തനിക്കേറ്റവും പ്രിയപ്പെട്ട ആ നാട്ടിലേയ്ക്കു ക്ഷണിക്കുകയാണ് ബോളിവുഡിന്റെ ഈ സൂപ്പര്‍ സ്റ്റാര്‍.

ദുബൈ വിനോദസഞ്ചാരത്തിന്റെ ഈ ക്യാമ്പയ്നിന്റെ പേര് ബി മൈ ഗസ്റ്റ് എന്നാണ്. ദുബൈയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന ഹൃസ്വചിത്രങ്ങളിലൂടെയാണ് ഷാരൂഖ് ആ നാട്ടിലെ കാഴ്ചകളിലേയ്ക്കു യാത്രാപ്രിയരെ ക്ഷണിക്കുന്നത്. ദുബൈ നഗരത്തിന്റെ വശ്യതയും പ്രകൃതിയുടെ മനോഹാരിതയുമെല്ലാം മിനിറ്റുകള്‍ മാത്രം നീളുന്ന ചിത്രത്തില്‍ കാണാം.

ആ നാടിന്റെ സൗന്ദര്യം കാണാന്‍ സഞ്ചാരികളെ വിളിക്കുന്നതിനൊപ്പം കാഴ്ചകള്‍ ആസ്വദിക്കുന്നവര്‍ക്കൊപ്പം യാത്ര ചെയ്തും ഷാരൂഖ് അതിഥികള്‍ക്കു സ്വാഗതമോതുന്നു. ദുബൈയിലെ പ്രധാന കേന്ദ്രങ്ങളായ ദുബായ് മാള്‍, ഡൗണ്‍ ടൗണ്‍, ബുര്‍ജ് ഖലീഫ, ദുബൈ പാര്‍ക്ക്, കടലിന്റെ അഗാധതയിലെ കാഴ്ചകള്‍, സാഹസിക വിനോദങ്ങള്‍, ഹത്തയിലെ മോഹിപ്പിക്കുന്ന പ്രകൃതി തുടങ്ങി നിരവധി ദൃശ്യങ്ങളിലൂടെയാണ് ആ നാടിന്റെ സൗന്ദരം സഞ്ചാരികള്‍ക്കായി വിവരിക്കുന്നത്.

ഏതു പ്രായത്തില്‍പ്പെട്ട യാത്രികരായിരുന്നാലും ഏതു തരത്തിലുള്ള കാഴ്ചകള്‍ കാണണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നാലും അവരെയെല്ലാം തൃപ്തിപ്പെടുത്തും ദുബൈ എന്ന രീതിയിലാണ് ഹൃസ്വചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ആറു ഭാഗങ്ങളായിട്ടാണ് ചിത്രങ്ങള്‍ പുറത്തിറങ്ങുക. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ കബീര്‍ ഖാനാണ് സംവിധായകന്‍.