Festival and Events

ചിത്രാപൗര്‍ണമിക്കൊരുങ്ങി മംഗളാദേവി

മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം വെള്ളിയാഴ്ച നടക്കും. പെരിയാര്‍ വന്യജീവിസങ്കേതത്തിന്റെ കാതല്‍ മേഖലയിലാണ് ക്ഷേത്രം. ഇടുക്കി, തേനി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 5.30 മുതല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ നിന്നും തീര്‍ഥാടകര്‍ക്ക് പാസ് ലഭിക്കും. രാവിലെ ആറുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ട്രിപ്പ് ജീപ്പുകള്‍ സര്‍വീസ് നടത്തും. കുമളിയില്‍ നിന്ന് ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള തീര്‍ഥാടക യാത്രാനിരക്ക് ഒരാള്‍ക്ക് ഒരു വശത്തേക്ക് 100 രൂപയാണ്. ടാക്‌സിയുടെ നിരക്ക് 2000 രൂപയാണ്. മോട്ടോര്‍വാഹന വകുപ്പിന്റെ പാസുള്ള വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ.

വനമേഖലയായതിനാല്‍ ഉച്ചഭാഷിണിയോ ലൗഡ് സ്പീക്കറുകളോ അനുവദനീയമല്ല. പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമുണ്ട്. ഭക്ഷണം കൊണ്ടുവരുന്നവര്‍ ഇലയിലോ കടലാസിലോ ആയിരിക്കണം. വനമേഖലയില്‍ ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി എന്നിവ അനുവദനീയമല്ല. പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുപോകാന്‍ പാടില്ല. അഞ്ച് ലിറ്റര്‍ ക്യാനുകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാം.

ഉത്സവദിവസം വിവിധ സ്ഥലങ്ങളില്‍ ആംബുലന്‍സ് സംവിധാനം ഉള്‍പ്പെടെ ആരോഗ്യവകുപ്പ് സജ്ജമാക്കും. മംഗളാദേവി ക്ഷേത്രപരിസരത്തും കരടിക്കവലയിലുമായി വനം വകുപ്പിന്റെ ആംബുലന്‍സും ലഭ്യമായിരിക്കും. കുമളി മുതല്‍ മംഗളാദേവി വരെ വിവിധ പോയിന്റുകളില്‍ കേരള, തമിഴ്‌നാട് പോലീസിന്റെ പരിശോധനകള്‍ ഉണ്ടായിരിക്കുന്നതാണ്. വനംവകുപ്പിന്റെ പട്രോളിങ് യൂണിറ്റുകളും രംഗത്തുണ്ടാവും. തീര്‍ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ പറഞ്ഞു.