Middle East

സഞ്ചാരികള്‍ക്കായി ഐന്‍ ദുബൈ അടുത്ത വര്‍ഷം മിഴി തുറക്കും

കടലിനോടു ചേര്‍ന്നുകിടക്കുന്ന ദുബൈയുടെ മനോഹരമായ നഗരക്കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിച്ച് ഐന്‍ ദുബൈ അടുത്ത വര്‍ഷം മിഴി തുറക്കും. ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഒബ്സര്‍വേഷന്‍ വീലാണ് ഐന്‍ ദുബൈ.

ഐന്‍’ എന്നാല്‍ അറബിയില്‍ കണ്ണ് എന്നാണര്‍ഥം. ഇതിനോടകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബ്ലൂവാട്ടേഴ്സ് ഐലന്‍ഡ് എന്ന മനുഷ്യനിര്‍മിത ദ്വീപിലാണ് ഐന്‍ ദുബൈ ഉയരുന്നത്. ഐന്‍ ദുബൈയുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും അടുത്തവര്‍ഷം ഇത് സന്ദര്‍ശകര്‍ക്കായി തുറക്കുമെന്നും പദ്ധതിയുടെ നിര്‍മാതാക്കളായ മീറാസ് അറിയിച്ചു. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു.എ.ഇ. കാത്തിരിക്കുന്ന എക്സ്‌പോ 2020-ന് മുന്‍പായി ഐന്‍ ദുബൈ കറങ്ങിത്തുടങ്ങുമെന്നാണ് കരുതുന്നത്.

എട്ടു റിമ്മുകളുള്ള ഘടനയാണ് ചക്രത്തിനു നല്‍കിയിരിക്കുന്നത്. 16 എയര്‍ബസ് എ 380 സൂപ്പര്‍ജംമ്പോ വിമാനങ്ങളുടെ ഭാരം വരും ഇതിന്. ഘടന പൂര്‍ത്തിയാക്കാന്‍ 9000 ടണ്‍ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് ഈഫല്‍ ടവര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചതിലും ഏകദേശം 25 ശതമാനം അധികം. 192 കേബിള്‍ വയറുകളും ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ മൊത്തം നീളം കണക്കാക്കുകയാണെങ്കില്‍ ഏകദേശം 2400 കിലോമീറ്റര്‍ വരും-ഏകദേശം ദുബായില്‍നിന്ന് കെയ്റോയിലേക്കുള്ള ദൂരം. നിര്‍മാണം പൂര്‍ത്തിയായാല്‍ ദുബായിയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന വിനോദ കേന്ദ്രമാകും ഐന്‍ ദുബൈ. ലാസ് വേഗാസിലെ ഹൈ റോളറിനെയും ന്യൂയോര്‍ക്ക് സിറ്റി വീലിനെയും പിന്നിലാക്കി 250 മീറ്റര്‍ പൊക്കത്തിലാണ് ഐന്‍ ദുബൈ പണിതുയരുന്നത്. 2016-ലാണ് നിര്‍മാണം തുടങ്ങിയത്.