Destinations

യാത്ര കുമരകത്തേക്കാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാല്‍ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്റ്‌സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകര്‍ഷണം ഹൗസ്‌ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികള്‍ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാന്‍ എത്തിച്ചേരാറുണ്ട്. റിസോര്‍ട്ടുകളും തനിനാടന്‍ ഭക്ഷണശാലകളും ഉള്‍പ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമി എന്നു തന്നെ പറയാം.

Kumarakom, Kerala

പ്രകൃതിയുടെ വശ്യത നിറഞ്ഞ ഈ സുന്ദരഭൂമി കാണാന്‍ ആരും കൊതിക്കും. കേരവൃക്ഷങ്ങളുടെ തലയെടുപ്പും നെല്‍വയലുകളും ഒരുക്കുന്ന പച്ചപ്പാണ് കുമരകത്തിന്റെ സൗന്ദര്യം. വേമ്പനാട് കായലിന്റെ പകിട്ടുകൂടി ആകുമ്പോള്‍ സംഗതി ജോറായി. കായല്‍ക്കാറ്റേറ്റ് ഒഴിവു സമയം ചിലവഴിക്കാന്‍ പറ്റിയ ഇടം. മഴക്കാലമത്തെുന്നതോടെ കുമരകത്തെ പച്ചപ്പിന്റെ സൗന്ദര്യം അതിന്റെ പൂര്‍ണതയില്‍ എത്തും.

കുമരകത്തെ പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടിലെ കായല്‍സഞ്ചാരമാണ്. കെട്ടുവള്ളത്തിലൂടെയുള്ള സവാരി ഇഷ്ടമില്ലാത്തവരായി ആരുമില്ല. ആസ്തമയ കാഴ്ചയാണ് മനോഹരം തിരക്കധികവും സൂര്യസ്തമയം ആസ്വദിക്കുവാനുമാണ്. ആലപ്പുഴയില്‍ നിന്നും കെട്ടുവള്ളത്തിലേറി കുമരകത്ത് എത്തിച്ചേരുന്നവരുമുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളുമായി കിടപ്പിടിക്കുന്ന ആധുനികസൗകര്യങ്ങളാണ് ഹൗസ്‌ബോട്ടില്‍ സജ്ജീകരിച്ചിരിക്കുന്നത്. എയര്‍ കണ്ടീഷന്‍ ബെഡ്‌റൂമുകള്‍ ,ടോയ്‌ലെറ്റ്, കിച്ചണ്‍,ബാല്‍ക്കണി,റെസ്റ്റ് ഏരിയ തുടങ്ങി വ്യത്യസ്ത സൗകര്യങ്ങളുള്ള ഹൗസ്‌ബോട്ടുകളില്‍ കോര്‍പ്പറേറ്റ് കോണ്‍ഫറന്‍സുകള്‍ വരെ സംഘടിപ്പിക്കാറുണ്ട്. പഴമയുടെ പ്രൗഢി ഉണര്‍ത്തുന്ന കെട്ടുവള്ളത്തില്‍ നാടന്‍ രുചിമേളം ഒരുക്കുന്ന വിഭവങ്ങളുമുണ്ട്.

  • സീസണ്‍ അനുസരിച്ച് യാത്രക്കൊരുങ്ങാം.
  • ഹൗസ് ബോട്ട് യാത്രയ്ക്കു ഒരു ഫിക്‌സ്ഡ് റേറ്റ് ഇല്ല. അതാത് ദിവസത്തെ തിരക്ക് അനുസരിച്ചും സീസണ്‍ അനുസരിച്ചുമാണ് റേറ്റ് തീരുമാനിക്കുന്നത്.
  • ഹൗസ്‌ബോട്ട് തെരഞ്ഞെടുക്കുമ്പോള്‍ ഓഫറുകള്‍ ഉണ്ടോയെന്ന് ഏജന്‍സിയുമായി ചോദിച്ചു മനസ്സിലാക്കണം
  • കൂട്ടമായി യാത്രയ്‌ക്കൊരുങ്ങാം, ചിലവ് കുറയ്ക്കാന്‍ സഹായകമാകും.
  • കുറഞ്ഞ നിരക്കിലുള്ള ഹൗസ്‌ബോട്ട് സര്‍വീസ് ഉറപ്പാക്കാം
  • ഹൗസ് ബോട്ട് മുന്ന് കാറ്റഗറി ആയി തരം തിരിച്ചിട്ടുണ്ട് ഡീലക്‌സ് പ്രീമിയം ,ലക്ഷ്വറി. അവരവരുടെ സൗകര്യങ്ങള്‍ക്ക് യോജിച്ചവ തെരഞ്ഞെടുക്കാം.
  • കായല്‍സവാരിക്ക് തയാറാകുമ്പോള്‍ അവിടുത്തെ കാലാവസ്ഥ മനസ്സിലാക്കിയതിനു ശേഷം യാത്ര തിരിക്കുന്നതാണ് ഉത്തമം
  • മഴക്കാലത്ത് ഹൗസ്‌ബോട്ട് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
  • ഹൗസ് ബോട്ടില്‍ എന്നതു വെജും നോണ്‍വെജും അടങ്ങിയ ഭക്ഷണമാണ് വിളമ്പുന്നത്. യാത്രകാര്‍ക്ക സ്വന്തമായി മല്‍സ്യം വാങ്ങി പാചകകാരെ കൊണ്ട് വിഭവങ്ങള്‍ തയാറാക്കാനുള്ള അവസരവുമുണ്ട്. ഇത് ചിലവ് കുറയ്ക്കാന്‍ സഹായിക്കും.ബജറ്റിനനുസരിച്ച് ഹോട്ടലുകള്‍ തെരഞ്ഞടുക്കാം

കുമരകം സന്ദര്‍ശിക്കാനുള്ള ഏറ്റവുമുചിതമായ സമയം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് കുമരകം സന്ദര്‍ശിക്കുന്നതിന് ഏറ്റവും മികച്ച സമയം. അന്നേരങ്ങളിലെ കാലാവസ്ഥ ഏറെ സുഖകരമാണ്. മാത്രമല്ല, കുമരകത്തിന്റെ സൗന്ദര്യം നന്നായി ആസ്വദിക്കാന്‍ സാധിക്കുകയും ചെയ്യുക ആ മാസങ്ങളിലാണ്.


എങ്ങനെ എത്താം

റോഡു മാര്‍ഗം

കേരളാ സ്റ്റേറ്റ് ആര്‍.ടി.സി ബസുകള്‍ക്ക് പുറമെ നിരവധി സ്വകാര്യ ബസുകളും കുമരകത്തിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. ബാംഗ്‌ളൂര്‍,ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങി നഗരങ്ങളില്‍ നിന്ന് ഇങ്ങോട് ലക്ഷ്വറി ബസ് സര്‍വീസുകള്‍ ഉണ്ട്.

റെയില്‍ മാര്‍ഗം

കോട്ടയം റെയില്‍വേസ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍ പിന്നിട്ടാല്‍ കുമരകത്ത് എത്തിച്ചേരാം

വിമാനമാര്‍ഗം

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളമാണ് വായുമാര്‍ഗം എത്തുന്നവരുടെ ആശ്രയം. കുമരകത്ത് നിന്ന് 94 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെടുമ്പാശേരിയില്‍ നിന്ന് കുമരകത്തേക്ക് ടാക്‌സി സേവനങ്ങള്‍ ലഭ്യമാണ്.