Middle East

മരുഭൂമിയിലെ കപ്പലോട്ട മത്സരം ആരംഭിച്ചു

കുതിരയോട്ട മത്സരത്തിനു പിന്നാലെ പൈതൃകത്തനിമയോടെ ദുബായില്‍ ‘മരുഭൂമിയിലെ കപ്പലോട്ട’ മത്സരവും. മരുഭൂമിയിലെ കപ്പല്‍ എന്നു വിളിക്കപ്പെടുന്ന ഒട്ടകങ്ങളുടെ മേഖലയിലെ ഏറ്റവും വലിയ ഓട്ട മത്സരം ശനി മുതല്‍ 18 വരെ നടക്കും. 14,000 ഒട്ടകങ്ങള്‍ പങ്കെടുക്കും. അഴകും ആരോഗ്യവും കുലമഹിമയുമുള്ള ഒട്ടകങ്ങളുമായി രാജകുടുംബാംഗങ്ങള്‍, ഗോത്രത്തലവന്‍മാര്‍ എന്നിവരുമെത്തും. പ്രവേശനം സൗജന്യം.


ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരവും മേളയോടനുബന്ധിച്ചുണ്ട്. രാവിലെ 7 മുതല്‍ 10.30വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30വരെയുമാണ് മത്സരങ്ങള്‍. വെള്ളിയാഴ്ച മത്സരമുണ്ടാകില്ല. 3 വയസ്സില്‍ താഴെയുള്ള ഒട്ടകങ്ങളുടെ മത്സരം രാവിലെ ഏഴിനാരംഭിക്കും. 4 കിലോമീറ്ററാണ് ഓടിത്തീര്‍ക്കേണ്ടത്. 8 കിലോമീറ്റര്‍ ഓട്ടത്തില്‍ 6 വയസ്സിനു മുകളിലുള്ള ഒട്ടകങ്ങളാണു പങ്കെടുക്കുക. ആണ്‍, പെണ്‍ ഒട്ടകങ്ങള്‍ അണിനിരക്കുന്ന ഹൂള്‍, സുമൂല്‍ വിഭാഗങ്ങളില്‍ പ്രത്യേക മത്സരങ്ങള്‍ ഉണ്ടാകും. ഒട്ടകങ്ങള്‍ ട്രാക്കിലൂടെ കുതിക്കുമ്പോള്‍ സമീപത്തെ പാതയിലൂടെ ഉടമകള്‍ വാഹനത്തില്‍ പിന്തുടരും.

മറ്റു സന്ദര്‍ശകര്‍ക്കായി സൗജന്യ ബസ് സേവനം ലഭ്യമാണ്. ഡമ്മി ജോക്കികളെ മുകളിലിരുത്തി നിശ്ചിത ട്രാക്കിലൂടെ ഒട്ടകങ്ങളെ ഓടിക്കുന്നതാണു മത്സരരീതി. പണ്ടുകാലങ്ങളില്‍ ജോക്കികളായി കുട്ടികളെ നിയോഗിച്ചിരുന്നെങ്കിലും പിന്നീട് നിരോധിച്ചു. ദുബായ് വേള്‍ഡ് കപ്പില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച പന്തയക്കുതിരകളാണ് മത്സരിക്കുന്നതെങ്കില്‍ അല്‍ മര്‍മൂമില്‍ അറേബ്യന്‍ മേഖലയിലെ മുന്തിയ ഇനങ്ങള്‍ക്കാണു മുന്‍തൂക്കം. ഇത്തവണത്തെ ഒട്ടക മത്സരങ്ങളുടെ സീസണ്‍ ഇതോടെ സമാപിക്കുകയാണ്. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് യുഎഇയിലെ ഒട്ടകമത്സരങ്ങള്‍. ഈ വര്‍ഷം 378 ഒട്ടകയോട്ട മത്സരങ്ങളാണ് നടന്നത്.

വിജയിക്കുന്ന ഒട്ടകങ്ങളെയും ഉടമകളെയും കാത്തിരിക്കുന്നത് ആകര്‍ഷക സമ്മാനങ്ങള്‍. ഒട്ടകത്തെ പരമ്പരാഗതരീതിയിലുള്ള തലപ്പാവ് അണിയിക്കുന്നു. ‘എമിറേറ്റ്‌സ് സ്വോഡ്’ എന്ന രാജകീയ വാളാണ് പ്രധാന സമ്മാനം. ട്രോഫികള്‍, കഠാരകള്‍, തോക്കുകള്‍, വാളുകള്‍, ഒട്ടകപ്പുറത്തെ ഇരിപ്പിടങ്ങള്‍, ആഡംബര വാഹനങ്ങള്‍, പണം എന്നിങ്ങനെ സമ്മാനങ്ങളുടെ പ്രവാഹമായി. കഴിഞ്ഞ വര്‍ഷം 15.3 കോടിയിലേറെ ദിര്‍ഹത്തിന്റെ സമ്മാനമാണ് നല്‍കിയത്. ഈ വര്‍ഷം അതിലും കൂടുതല്‍ പ്രതീക്ഷിക്കാം.