Special

സംഗീത തനിച്ച് യാത്ര നടത്തുന്നു ലക്ഷ്യം ക്ലീന്‍ ഇന്ത്യ

ക്ലീന്‍ ഇന്ത്യ സന്ദേശം ഗ്രാമങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യവുമായി കോയമ്പത്തൂര്‍ സ്വദേശിനിയുടെ സോളോ ഡ്രൈവ്. ഒമാന്‍ മുന്‍ ഇ- ഗവണ്‍മെന്റ് കണ്‍സള്‍ട്ടന്റ് കൂടിയായ സംഗീത ശ്രീധറാണ് തന്റെ 52-ാം വയസില്‍ ഇന്ത്യന്‍ നഗരങ്ങളിലൂടെ തനിച്ച് കാര്‍ യാത്ര നടത്തുന്നത്.

ക്ലീന്‍ ഇന്ത്യ, വൃത്തിയുള്ള ശൗചാലയം തുടങ്ങിയ ആശയങ്ങളുമായി മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ഇന്ത്യാഗേറ്റില്‍ നിന്നാരംഭിച്ച യാത്ര ഇതിനോടകം 300 നഗരങ്ങളിലായി 44,500 കിലോ മീറ്റര്‍ പിന്നിട്ടു. ഓരോ പ്രദേശത്തുമെത്തുന്ന സംഗീത പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിനായി പൊതുശൗചാലയങ്ങളാണ്‍ ഉപയോഗിക്കുന്നത്. ശൗചാലയങ്ങളുടെ വൃത്തി പരിശോധിക്കുകയാണ് യാത്രയുടെ മറ്റൊരു ലക്ഷ്യം.

സ്വച്ഛ് ഭാരത് പദ്ധതി യാഥാര്‍ത്ഥ്യമായതോടെ രാജ്യത്ത് നിരവധി പൊതു ശൗചാലയങ്ങള്‍ സംസ്ഥാന -ദേശീയ പാതകള്‍ക്ക് സമീപം വര്‍ധിച്ചു. പലയിടങ്ങളിലും വൃത്തിയുള്ള ശൗചാലയം കാണാന്‍ കഴിഞ്ഞു. എന്നാല്‍ ചിലയിടങ്ങളില്‍ വൃത്തിഹീനമായ ശൗചാലയങ്ങള്‍ ഉണ്ടെന്നും യാത്രയിലൂടെ ബോധ്യമായി. ചില സ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും ജല ദൗര്‍ലഭ്യം പ്രധാന വെല്ലുവിളിയാണെന്നും സംഗീത തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം തലസ്ഥാനം വൃത്തിയുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നുവെന്നും സംഗീത അഭിപ്രായപ്പെട്ടു.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വനിതകള്‍ക്ക് തനിച്ച് യാത്ര ചെയ്യാന്‍ ഇന്ത്യന്‍ നഗരം സുരക്ഷിതമാണെന്നും സംഗീത അഭിപ്രായപ്പെട്ടു. തലസ്ഥാനത്ത് എത്തിയ സംഗീത കവടിയാര്‍ കൊട്ടാരത്തില്‍ എത്തി അശ്വതി ഗൗരി ബായ് തമ്പുരാട്ടിയുമായി കൂടിക്കാഴ്ച്ച നടത്തി. 21 വരെ തിരുവനന്തപുരത്ത് പര്യടനം നടത്തിയ ഇവര്‍ കുടുംബശ്രീ പ്രവര്‍ത്തകരുമായും സ്‌കൂള്‍- കോളജ് വിദ്യാര്‍ത്ഥികളുമായും കൂടിക്കാഴ്ച്ച നടത്തി ക്ലീന്‍ ഇന്ത്യ ആശയങ്ങള്‍ പങ്കുവെച്ചു.

റ്റാറ്റാ മോട്ടോര്‍ സ്‌പോണ്‍സര്‍ ചെയ്ത ടാറ്റ ഹെക്‌സയിലാണ് സംഗീതയുടെ യാത്ര. ഊണും ഉറക്കവും സ്വന്തം വാഹനത്തില്‍ തന്നെ. ഇതിനായി വാഹനത്തില്‍ പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പകല്‍ മൂന്ന് മണിക്കൂര്‍ യാത്രയും ബാക്കി സമയം പ്രദേശത്തെ സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, ശൗചാലയ നടത്തിപ്പുകാര്‍ എന്നിവരുമായി ആശയങ്ങള്‍ പങ്കുവെക്കുകയാണ് ഇവര്‍. 29 സംസ്ഥാനങ്ങളിലായി 320 ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുകയാണ് സംഗീതയുടെ യാത്രയുടെ ലക്ഷ്യം.