Kerala

ചക്ക നമ്മുടെ ഔദ്യോഗിക ഫലമായിട്ട് ഇന്ന് ഒരു വര്‍ഷം

ആഘോഷിക്കാന്‍ മറക്കേണ്ട. ചക്ക വെറും ചക്കയല്ലാതായിട്ട് ഒരു വയസ്സ്. തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 ന് നിയമസഭയില്‍ മന്ത്രി വി.എസ്. സുനില്‍കുമാറാണ് പ്രഖ്യാപനം നടത്തിയത്. ഒരു വര്‍ഷം സംസ്ഥാനത്ത് 60 കോടിക്കിടയില്‍ ഉല്‍പാദനമുള്ള ഏറ്റവും വലിയ പഴങ്ങളില്‍ ഒന്നാണ് ചക്ക.

ഇതുവരെ വിഷമേല്‍ക്കാത്ത വിളയും ചക്കയാണ്. വീട്ടുമുറ്റത്തു വെള്ളമോ വളമോ രാസകീടനാശിനികളോ കാര്യമായി നല്‍കാതെ വിളയുന്ന പൂര്‍ണമായും ജൈവമായ ഫലം എന്ന പ്രത്യേകതയുള്ള വിളയാണ് ചക്ക. ഒരുകാലത്ത് അവഗണിക്കപ്പെട്ടു കിടന്ന ചക്കപ്പഴം ഇന്ന് രാജകീയ തിരിച്ച് വരവിന്റെ പാതയിലാണ്. സംസ്ഥാന ഫലമായി ചക്കയെ പ്രഖ്യാപിച്ചതു മുതല്‍ ചക്കയ്ക്ക് ആവശ്യക്കാര്‍ ഏറുകയും വില ഉയരുകയും ചെയ്തു. 10 കിലോ ഭാരമുള്ള ഒരു ചക്കപ്പഴത്തില്‍ നിന്ന് കുറഞ്ഞത് 600 രൂപയുടെ മൂല്യവര്‍ധിത ഉല്‍പന്നം നിര്‍മിക്കാം.

സാധാരണ കാലാവസ്ഥയില്‍ സംഭരിക്കാന്‍ കഴിയുന്നതും വര്‍ഷം മുഴുവനുമുള്ള ലഭ്യതയും ഇതിന്റെ പ്രധാന സവിശേഷതകളാണ്. ചക്കയുടെ ഔഷധ ഗുണങ്ങള്‍ ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും കുടലിലെ കാന്‍സര്‍ തടയാനും സഹായിക്കുമെന്ന പഠനങ്ങള്‍ മുന്നേറുന്നു.

കാല്‍സ്യം, പൊട്ടാസ്യം തുടങ്ങിയ പോഷക ആഹാര ഘടകങ്ങള്‍ ചക്കയിലുണ്ടെന്നതും ഈ ഫലവര്‍ഗ ഉപഭോഗത്തിന്റെ സാധ്യതകള്‍ ഇരട്ടിപ്പിക്കുന്നു. എന്നാല്‍ വനാതിര്‍ത്തി മേഖലകളില്‍ ഉള്ളവര്‍ക്ക് ചക്കയും പ്ലാവും ബാധ്യതയാണ്. ചക്ക തേടി കാട്ടാനകള്‍ അടക്കമുള്ളവ കൂട്ടത്തോടെ എത്തുന്നതിനാല്‍ കര്‍ഷകര്‍ പ്ലാവില്‍ നിന്ന് ചക്ക വിരിഞ്ഞു വരുമ്പോള്‍ തന്നെ വെട്ടിമാറ്റുകയാണ്.