Kerala

കൊച്ചി രാജ്യാന്തര വിമാനത്താവളം; നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ ചെക്ക് ഇന്‍ ആരംഭിച്ചു

രാജ്യാന്തര വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനലില്‍ ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ചെക്ക് ഇന്‍ തുടങ്ങി. ഉച്ചക്ക് 1.05ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരാണ് ടെര്‍മിനല്‍ ഒന്നില്‍ ആദ്യമായി ചെക്ക് ഇന്‍ ചെയ്തത്.


ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയതോടെ ആഭ്യന്തര യാത്രക്കാര്‍ക്കും രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമായി. നാല് എയ്റോ ബ്രിജുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ പകുതിയോടെ മൂന്നെണ്ണം കൂടി സജ്ജമാകും. മൂന്നു റിമോട്ട് ഗേറ്റുകളുമുണ്ട്.

ടെര്‍മിനലിന്റെ താഴത്തെ നിലയിലുള്ള ചെക്ക് ഇന്‍ ഏരിയയില്‍ 56 കൗണ്ടറുകളും 10 സെല്‍ഫ് ചെക്ക് ഇന്‍ കിയോസ്‌ക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ചെക്ക് ഇന്‍ കൗണ്ടറുകളുടെ പുറകില്‍ കേരളത്തിലെ 14 ജില്ലകളെയും പ്രതിനിധാനം ചെയ്യുന്ന കൂറ്റന്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. ചെറിയ ഷോപ്പിങ് ഏരിയ, രണ്ട് വിഐപി മുറികള്‍, മെഡിക്കല്‍ റൂം, എടിഎം എന്നിവയും താഴത്തെ നിലയിലുണ്ട്.

ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ തന്നെ ബാഗുകള്‍ സുരക്ഷാ പരിശോധനയ്ക്കു നിക്ഷേപിക്കാവുന്ന ഇന്‍ലൈന്‍ ബാഗേജ് സംവിധാനവും പൂര്‍ണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഒന്നാം നിലയില്‍ സുരക്ഷാ പരിശോധനയ്ക്ക് ഏഴു യൂണിറ്റുകള്‍ പ്രവര്‍ത്തന നിരതമായിട്ടുണ്ട്. ഇന്നലെ രാവിലെ 9 മണിയോടെ സിഐഎസ്എഫിന്റെ എഎസ്ജി വിഭാഗം ടെര്‍മിനല്‍ ഒന്നിന്റെ പുറപ്പെടല്‍ വിഭാഗത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്തു. 11 മണിയോടെ ചെക്ക് ഇന്‍ പൂര്‍ണമായും രണ്ടാം ടെര്‍മിനലില്‍നിന്ന് ഒന്നിലേക്കു മാറ്റി.

നെടുമ്പാശേരിന്മ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ആസ്വദിക്കാന്‍ സിയാല്‍ ടെര്‍മിനലില്‍ ഇനി ഇടയ്ക്കിടെ നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറും. കേരളത്തിന്റെ തനതു വാസ്തുശില്‍പ ശൈലിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു നവീകരിച്ച ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയതോടനുബന്ധിച്ച് ഇന്നലെ ടെര്‍മിനലിലെ ആര്‍ട് മ്യൂസിയത്തില്‍ കലാവിരുന്ന് ഒരുക്കിയിരുന്നു.

ഏരൂര്‍ വൈകുണ്‌ഠേശ്വരം കഥകളി യോഗത്തിന്റെ അര്‍ജുനവിഷാദവൃത്തം കഥകളിയാണ് അരങ്ങേറിയത്. കോട്ടയ്ക്കല്‍ മധു, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം കൃഷ്ണകുമാര്‍ തുടങ്ങിയ പ്രമുഖര്‍ അരങ്ങിലെത്തി. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, സിഎഫ്ഒ സുനില്‍ ചാക്കോ, ഡിജിഎം (സിവില്‍) ടി.ഐ. ബിനി, എഒസി ചെയര്‍മാന്‍ ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിശ്ചിത ഇടവേളകളില്‍ കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയായി ഇതു മാറ്റാനാണ് ഉദ്ദേശിക്കുന്നത്.