Auto

ഓട്ടോറിക്ഷയ്ക്ക് പകരമാവാന്‍ ക്യൂട്ട്; വില പ്രഖ്യാപിച്ച് ബജാജ്

വാണിജ്യാടിസ്ഥാനത്തിലുള്ള വില്‍പ്പന ആരംഭിക്കുന്നതിനു മുന്നോടിയായി ബജാജ് ഓട്ടോ ലിമിറ്റഡ് ക്വാഡ്രിസൈക്കിളായ ക്യൂട്ടിന്റെ വില പ്രഖ്യാപിച്ചു. 2.63 ലക്ഷം രൂപ വിലയിട്ട ക്യൂട്ടിന്റെ സിഎന്‍ജി വകഭേദത്തിനു 2.83 ലക്ഷം രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില. സ്വകാര്യ ആവശ്യത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള ക്യൂട്ടിന്റെ വിലയില്‍ വ്യത്യാസമില്ലെന്നും ബജാജ് ഓട്ടോ വ്യക്തമാക്കുന്നു.

കഴിഞ്ഞ നവംബറിലാണു ക്വാഡ്രിസൈക്കിളിനെ കേന്ദ്ര റോഡ്, ഗതാഗത ഹൈവേ മന്ത്രാലയം നോണ്‍ ട്രാന്‍സ്‌പോര്‍ട് വാഹന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതുവരെ ക്വാഡ്രി സൈക്കിളുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. നിലവില്‍ രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ വാണിജ്യ ഉപയോഗത്തിനായി ‘ക്യൂട്ട്’ റജിസ്റ്റര്‍ ചെയ്യാം; 15 സംസ്ഥാനങ്ങളില്‍ സ്വകാര്യ ആവശ്യത്തിനും ‘ക്യൂട്ടി’ന് റജിസ്‌ട്രേഷന്‍ അനുവദിക്കും. കൂടുതല്‍ സംസ്ഥാനങ്ങളിലേക്കു ‘ക്യൂട്ട്’ റജിസ്‌ട്രേഷന്‍ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്നും ബജാജ് ഓട്ടോ അറിയിച്ചു.

കാഴ്ചയില്‍ കാറിനോടു സാമ്യം തോന്നാമെങ്കിലും ‘ക്യൂട്ട്’ കാര്‍ അല്ലെന്നതാണു വസ്തുത. 216 സി സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡി ടി എസ് ഐ എന്‍ജിന്‍ കരുത്തേകുന്ന ‘ക്യൂട്ടി’ന് 452 കിലോഗ്രാമാണു ഭാരം. 5,500 ആര്‍ പി എമ്മില്‍ 13.1 ബി എച്ച് പി വരെ കരുത്തും 4,000 ആര്‍ പി എമ്മില്‍ 18.9 എന്‍ എം ടോര്‍ക്കുമാണ് ഈ പെട്രോള്‍ എന്‍ജിന്‍ സൃഷ്ടിക്കുക. ഇന്ധനം സി എന്‍ ജിയാവുന്നതോടെ പരമാവധി കരുത്ത് 5,500 ആര്‍ പി എമ്മില്‍ 10.9 ബി എച്ച് പിയായും ടോര്‍ക്ക് 4,000 ആര്‍ പിഎമ്മില്‍ 16.1 എന്‍ എമ്മായും കുറയും. അഞ്ചു സ്പീഡ് സീക്വന്‍ഷ്യല്‍ മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. ‘ക്യൂട്ടി’ന്റെ പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വാഹനം എക്‌സ്പ്രസ്വേ പോലുള്ള അതിവേഗ പാതകളില്‍ ഉപയോഗിക്കരുതെന്നും ബജാജ് മുന്നറിയിപ്പ് നല്‍കുന്നു.

ഡ്രം ബ്രേക്കോടെ എത്തുന്ന ‘ക്യൂട്ടി’ന്റെ വാതിലുകള്‍ ലോഹത്തിനു പകരം ഫൈബറില്‍ നിര്‍മിച്ചവയാണ്; അതുകൊണ്ടുതന്നെ ‘ക്യൂട്ടി’ല്‍ എയര്‍ കണ്ടീഷനിങ്ങും ലഭ്യമല്ല. കുറഞ്ഞ പ്രവര്‍ത്തന ചെലവും നഗരവീഥികള്‍ക്ക് അനുയോജ്യമായ ഒരുങ്ങിയ ആകൃതിയുമാണു ‘ക്യൂട്ടി’ന്റെ പ്രധാന സവിശേഷതയായി ബജാജ് അവതരിപ്പിക്കുന്നത്. സി എന്‍ ജി ഇന്ധനമാക്കുന്ന ‘ക്യൂട്ട്’ ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 1.53 രൂപയാണു ചെലവെന്നും ബജാജ് അവകാശപ്പെടുന്നു; മോട്ടോര്‍ സൈക്കിളുകള്‍ ഒരു കിലോമീറ്റര്‍ ഓടാന്‍ 2.06 രൂപ ചെലവു വരുമെന്നും കമ്പനി ഓര്‍മിപ്പിക്കുന്നു.