Festival and Events

കലയുടെ വസന്തമൊരുക്കി ആര്‍ട്ട് ദുബൈ ഇന്ന് ആരംഭിക്കും

കലയുടെ വിവിധഭാവങ്ങള്‍ വിരിയുന്ന ആര്‍ട്ട് ദുബൈ 2019 ഇന്ന് തുടങ്ങും. പ്രാദേശിക-അന്താരാഷ്ട്ര കലാകാരന്മാരെ ഒരുമിപ്പിക്കുന്ന മേളയുടെ 13-ാം പതിപ്പ് ഒട്ടേറെ പുതുമകളുമായാണ് അരങ്ങേറുന്നത്.

അബുദാബി, ദുബൈ, ഷാര്‍ജ എന്നീ മൂന്ന് എമിറേറ്റുകളിലെ 80-ഓളം വേദികളിലായാണ് കലാവാരം ആഘോഷിക്കപ്പെടുന്നത്. 41 രാജ്യങ്ങളില്‍നിന്നുള്ള 90 പ്രശസ്ത ഗാലറികള്‍ പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 500-ലധികം കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും.
സമകാലിക-ആധുനിക കലകളെ ബന്ധപ്പെടുത്തുന്ന വിവരണങ്ങളും ചര്‍ച്ചകളും പരിപാടികളുമായി നടക്കുന്ന ഗ്ലോബല്‍ ആര്‍ട്ട് ഫോറം കുട്ടികള്‍ക്കും കലാപ്രേമികള്‍ക്കും പ്രയോജനപ്പെടും. യു.എ.ഇ. നൗ, റെസിഡന്റ്സ് എന്നീ വിഭാഗങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദീനത്ത് ജുമേരയില്‍ നടക്കുന്ന പ്രദര്‍ശനത്തിലെ ഗാലറി വിഭാഗത്തില്‍ മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 20 -ാം നൂറ്റാണ്ടിലെ പ്രമുഖരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. യു.എ.ഇ.യില്‍ നിന്നുള്ള കലാകാരന്മാരുടെയും ഓണ്‍ലൈന്‍ കൂട്ടായ്മകളുടേയും സൃഷ്ടികളാണ് യു.എ.ഇ. നൗ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ശേഖരത്തിലുള്ള സഹിഷ്ണുതയുടെ ചരിത്രം പറയുന്ന 1960 മുതല്‍ 70 വരെയുള്ള യു.എ.ഇ.യുടെ ചിത്രങ്ങളും ആര്‍ട്ട് ദുബൈയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബി.എം.ഡബ്ള്യുവിന്റെ ആര്‍ട്ട് കാര്‍ തുടങ്ങി വ്യത്യസ്തമായ കലാസൃഷ്ടികളും പ്രദര്‍ശനത്തില്‍ അണിനിരക്കും. കലാപ്രദര്‍ശനം എന്നതിലുപരി വിവിധ സംസ്‌കാരങ്ങള്‍ അറിയാനും പഠിക്കാനും പറ്റുന്ന ഒരു വേദിയാകും ആര്‍ട്ട് ദുബൈ എന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ശനിയാഴ്ച വരെ നീളുന്ന മേളയില്‍ കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈന്‍ വഴി 60 ദിര്‍ഹത്തിന് ടിക്കറ്റ് ലഭിക്കും. വേദിയിലെത്തി നേരിട്ട് എടുക്കുകയാണെങ്കില്‍ 90 ദിര്‍ഹമാണ് നിരക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി ഒന്‍പത് മണി വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി ഒന്‍പത് മണി വരേയും ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് ആറ് മണി വരെയുമാണ് സന്ദര്‍ശനസമയം.