Auto

ഇനി ബൈക്കില്‍ പറക്കാം; സ്പീഡറിന്റെ പ്രീ ബുക്കിങ് തുടങ്ങി

ഫാന്റസി ലോകത്ത് കണ്ട് പരിചയിച്ച പറക്കും ബൈക്കുകള്‍ ഇതാ യാഥാര്‍ഥ്യമാക്കുകയാണ്. കാലിഫോര്‍ണിയന്‍ കമ്പനിയായ ജെറ്റ് പാക്ക് ഏവിയേഷനാണ് ബൈക്ക് പുറത്തിറക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന സ്പീഡര്‍ എന്ന പറക്കും മോട്ടോര്‍ ബൈക്കിന്റെ ടീസര്‍ വീഡിയോയും കമ്പനി പുറത്തുവിട്ടു. ബൈക്ക് വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി പറക്കും ബൈക്കിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചതായി ജെറ്റ് പാക്ക് ഏവിയേഷന്‍ വ്യക്തമാക്കി.

അഞ്ച് മോഡിഫൈഡ് ജെറ്റ് എന്‍ജിനില്‍ നിന്നുള്ള കരുത്ത് ആവാഹിച്ചാണ് സ്പീഡറിന്റെ ആകാശ യാത്ര. ഏകദേശം 380000 ഡോളറാണ് (2.64 കോടി രൂപ) ഇതിന്റെ വില. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിങും സ്പീഡറിന് സാധ്യമാണ്. മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി വേഗത. റൈഡറുടെ ഭാരത്തിന് അനുസൃതമായ ഡീസല്‍ കെറോസീനില്‍ 20 മിനിറ്റ് വരെ യാത്ര ചെയ്യാനും സ്പീഡറിന് സാധിക്കും. 15000 ഫീറ്റ് വരെ ഉയര്‍ന്ന് പറക്കാന്‍ കഴിയുന്ന സ്പീഡര്‍ അടുത്ത വര്‍ഷം അവതരിക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന സൂചന.

വായുവില്‍ പരമാവധി ഉയരത്തില്‍ പറന്നുയരുമ്പോള്‍ റൈഡറുടെ ശ്വസനത്തിനായി ഓക്‌സിജന്‍ കിറ്റും കരുതേണ്ടി വരും. അന്തരീക്ഷത്തില്‍ സ്വയം നിയന്ത്രണത്തിനായി ഫ്‌ളൈ ബൈ വയര്‍ കണ്‍ട്രോള്‍ സംവിധാനവും സ്പീഡറിലുണ്ട്. നാവിഗേഷന്‍, ടൂ വേ റേഡിയോ കമ്മ്യൂണിക്കേഷനായി 12 ഇഞ്ച് ടച്ച് സക്രീന്‍ സിസ്റ്റം വാഹനത്തിലുണ്ട്. സ്വകാര്യ വ്യക്തികള്‍ക്കായി 20 യൂണിറ്റ് സ്പീഡറാണ് ആദ്യം ആകാശത്തേക്കെത്തുക. തുടര്‍ന്ന് കമ്പനി നിര്‍മിക്കുന്നവയെല്ലാം പട്ടാള, ഗവര്‍ണമെന്റ് ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും.

കുറച്ചു വര്‍ഷങ്ങളായി പറക്കും മോട്ടോര്‍ സൈക്കിള്‍ നിര്‍മാണ രംഗത്തുള്ള ജെറ്റ് പാക്ക് ഏവിയേഷന്‍ സ്പീഡറിന് മുമ്പ് നിര്‍മിച്ച പറക്കും ബൈക്കിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയും 10,000 ഫീറ്റ് ഉയരത്തില്‍ വരെ പറക്കാനുള്ള ശേഷിയുമാണുണ്ടായിരുന്നത് നിലവില്‍ പല കമ്പനികളും പറക്കും കാറുകളുടെ പരീക്ഷണത്തിലാണ്. ഇതിനൊപ്പം പറക്കും ബൈക്ക് കൂടി എത്തുന്നതോടെ ഭാവി ഗതാഗത മേഖല വലിയൊരു മാറ്റത്തിലേക്കാണ് ചുവടുവയ്ക്കുന്നത്