Places to See

അറിയാം തെക്കേ ഇന്ത്യയിലെ ആനവഴികള്‍

മലയാളികള്‍ എന്നും ആനപ്രേമികളാണ് കണ്ണിമ വെട്ടാതെ നമ്മള്‍ ആനയെ നോക്കി നിക്കാറുണ്ട്. വേനലായാല്‍ ആനകളുടെ സഞ്ചാര സമയമാണ്. ഉത്സവത്തിന് നെറ്റിപട്ടമേന്തിയ ഗജവീരന്‍മാരാണ് നമ്മളള്‍ക്ക് എപ്പോഴും പ്രിയപ്പെട്ടവര്‍ എന്നാല്‍ ഉള്‍ക്കാടുകളിലെ ജലാശയങ്ങളെ വേനല്‍ച്ചൂട് വറ്റിക്കുമ്പോള്‍ ദാഹജലം തേടിയിറങ്ങുന്ന കാട്ടാനകളെ നമ്മളള്‍ക്ക് അത്ര പരിചയം കാണില്ലാരിക്കും. അവ ആനത്താരകള്‍ എന്ന തങ്ങളുടെ പൂര്‍വികര്‍ സഞ്ചരിച്ച അതേ വഴികളിലൂടെ ജലവും ആഹാരവും തേടിയിറങ്ങും. അത്തരം ആനസഞ്ചാരങ്ങള്‍ കാണാനുള്ള പാതകള്‍ ഇതാ….

മാട്ടുപ്പെട്ടി പുല്‍മേട്

മൂന്നാറില്‍ പലയിടത്തും ആനകളെക്കാണാം. ഇതില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്തുനിന്നും ആനക്കൂട്ടങ്ങള്‍ പുല്‍മേട്ടില്‍ മേയുന്ന കാഴ്ച കാണണമെങ്കില്‍ മാട്ടുപ്പെട്ടിയിലേക്കു വരാം. ടോപ്‌സ്റ്റേഷനിലേക്കുള്ള വഴിയില്‍ ഇരുവശത്തുമായി കാണാം ആ പുല്‍മേടുകള്‍. പച്ചപ്പു കുറഞ്ഞിട്ടുണ്ടെങ്കിലും ആനകള്‍ നിത്യസന്ദര്‍ശകരാണിവിടെ. റോഡ് ഉയരത്തിലും പുല്‍മേട് താഴെയുമാണ്. അതിനാല്‍ വാഹനം നിര്‍ത്തി കാഴ്ചയാസ്വദിക്കുന്നതില്‍ വലിയ കുഴപ്പങ്ങളുണ്ടാകാറില്ല. അപൂര്‍വമായി മാത്രം വാഹനങ്ങളെ അക്രമിച്ചിട്ടുണ്ട് ഇവിടുത്തെ ആനകള്‍. മൂന്നാറില്‍നിന്നും ഇരുപതുകിലോമീറ്റര്‍ ദൂരം വണ്ടിയോടിച്ചാല്‍ ആനമേയുന്ന മേടുകള്‍ കാണാം. കുണ്ടള ഡാം, മാട്ടുപ്പെട്ടിഡാം എന്നിവയും ആസ്വദിക്കാം.

ആനയിറങ്കല്‍ ഡാം

ആന നീന്തുന്നതു കണ്ടിട്ടുണ്ടോ? മൂന്നാറില്‍നിന്ന് ചിന്നക്കനാല്‍ റൂട്ടിലെ അതിസുന്ദരമായ കാഴ്ചകളിലൊന്നാണ് ആനയിറങ്കല്‍ ഡാം. നേരെ വൈകുന്നതിനു മുന്‍പ് ആനയിറങ്കല്‍ ഡാമിലേക്കു വണ്ടിയോടിച്ചുചെല്ലാം. നിങ്ങള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ ആനക്കൂട്ടത്തെ കാണാം.

മുതുമലൈ കടുവാസങ്കേതത്തില്‍ കയറിയാല്‍ത്തന്നെ ആനകളെ കാണാന്‍പറ്റും. എന്നിരുന്നാലും തെപ്പക്കാടില്‍നിന്നും ഊട്ടിയിലേക്കുള്ള അതിമനോഹരമായ പാത തിരഞ്ഞെടുക്കുക. തീര്‍ച്ചയായും ആനയെ കാണും. മസിനഗുഡിയില്‍നിന്നു മോയാര്‍ ഡാമിലേക്കുള്ള വഴിയിലും അവ കൂട്ടത്തോടെ മേയാനെത്താറുണ്ട്.നിലമ്പൂര്‍-ഗൂഡല്ലൂര്‍- മുതുമലൈ-മസിനഗുഡി 115 km .മസിനഗുഡി വനഗ്രാമം, ഊട്ടി എന്നിവ സന്ദര്‍ശിക്കാം. മുതുമലൈയില്‍ സഫാരി നടത്താം.

ബന്ദിപ്പുര്‍ നാഷനല്‍ പാര്‍ക്കിലൂടെയുള്ള വഴി

മുതുമലയുടെ തുടര്‍ച്ചയാണ് കര്‍ണാടകയുടെ കാടായ ബന്ദിപ്പുര്‍. മൈസൂരിലേക്കുള്ള ഈ വഴി തെന്നിന്ത്യയിലെ ഏറ്റവും വലിയ ആനത്താരകളിലൊന്നാണ്. ഗുണ്ടല്‍പേട്ട് ഗ്രാമം എത്തുന്നതിനു മുന്‍പ് ആനകളെ നിങ്ങള്‍ കണ്ടിരിക്കും. അത്ര അപകടകാരിയല്ല ഇവിടത്തെ ആനകള്‍. നിലമ്പൂര്‍-ഗൂഡല്ലൂര്‍- ഗുണ്ടല്‍പേട്ട് 138 Km .ഗുണ്ടല്‍പേട്ടിലെ ഗ്രാമങ്ങള്‍, ഗോപാല്‍സ്വാമി ബേട്ട അമ്പലം എന്നിവ കാണാം.


വയനാട്ടിലെ ആനത്താരകള്‍

സത്യത്തില്‍ വയനാട്ടില്‍ ആനത്താരകളല്ലാത്ത ഇടങ്ങളുണ്ടോ എന്നു സംശയം തോന്നും. കാടും നാടും അത്രകണ്ട് അടുത്താണല്ലോ ഇവിടെ. എന്നാല്‍ ആനകളെ തീര്‍ച്ചയായും കാണുന്ന ചില വഴികള്‍ വയനാട്ടിലുണ്ട്.

അതിലൊന്നാണ് തിരുനെല്ലിയിലേക്കുള്ള റോഡ്. ബ്രഹ്മഗിരി ആനത്താര എന്നാണിതിനെ വിശേഷിപ്പിക്കേണ്ടത്. ബ്രഹ്മഗിരിമലനിരകള്‍ക്കടിയിലൂടെ കാടുതാണ്ടിയുള്ള യാത്രയില്‍ ആനകളെ കാണാത്തവര്‍ ചുരുക്കം.മാനന്തവാടി-കാട്ടിക്കുളം-തിരുനെല്ലി 32 Km

വയനാട്ടില്‍ മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും എന്നുവേണ്ട ഏതാണ്ട് എല്ലായിടത്തും ആനകളെകാണാമെന്നു പ്രത്യേകം പറയേണ്ടല്ലോ… ? മാനന്തവാടിയില്‍നിന്നു കുട്ടയിലേക്കു പോകുമ്പോഴും ആനകള്‍ കണ്ണിനുവിരുന്നേകാറുണ്ട്.

ഇതെല്ലാം സ്ഥിരമായി ആനകളെ കാണുന്നയിടങ്ങളാണ്. പ്രത്യേകിച്ചു ടിക്കറ്റുകളോ പ്രവേശനഫീസോ ഇല്ലാതെത്തന്നെ ആനകളെ കാണാം.

ആനകളെ കാണുക എന്നത് അപൂര്‍വ കാഴ്ച്ച തന്നെയാണ് എന്നാല്‍ വളരെ അപകടം നിറഞ്ഞത് കൂടെയാണ് ഈ ആനത്താരകളിലൂടയുള്ള യാത്രകള്‍. പ്രത്യേകിച്ചും പോകുന്ന വഴികളില്‍ ആനക്കൂട്ടത്തിനെ കാണുമ്പോള്‍ വാഹനം നിര്‍ത്തി അപകടങ്ങള്‍ ക്ഷണിച്ച് വരുത്താതിരിക്കാന്‍ ശ്രമിക്കണം. ചിത്രങ്ങള്‍ പകര്‍ത്തുന്നതും ആനകള്‍ക്ക് ഭക്ഷണം നല്‍കുന്നതും ഒഴിവാക്കണം.