Kerala

സ്‌മൈല്‍ പദ്ധതിയില്‍ തിളങ്ങി കാസര്‍കോഡ് ജില്ല

ടൂറിസം രംഗത്ത് വര്‍ഷങ്ങളായി പിന്നില്‍ നില്‍ക്കുന്ന കാസര്‍കോഡ് ജില്ലയില്‍ ഈ വര്‍ഷം ഗണ്യമായ മാറ്റം. സംസ്ഥാന ടൂറിസം വകുപ്പിന്റെ 2018ലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 269% വളര്‍ച്ച നേടി കാസര്‍ഗോഡ് ജില്ല ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള കൊല്ലം ജില്ലയിലെ വളര്‍ച്ചാ നിരക്ക് 45% ആണ്. 2017ല്‍ 1115 വിദേശ ടൂറിസ്റ്റുകളായിരുന്നു കാസര്‍കോഡ് ജില്ലയില്‍ എത്തിയിരുന്നത്. 2018ല്‍ ഇത് 4122 ആയി വര്‍ദ്ധിച്ചു.

2018ല്‍ 2472 വിദേശ ടൂറിസ്റ്റുകളാണ് ‘സ്‌മൈല്‍’ സംരംഭങ്ങളിലൂടെ കാസര്‍ഗോഡ് ജില്ലയിലെത്തിയത്. ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിന്യസിപ്പിച്ചു കൊണ്ടുള്ള ബിആര്‍ഡിസിയുടെ ടൂറിസം വികസന തന്ത്രമാണ് ഫലം കാണിച്ചത്. പ്രാഥമികമായും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സ്‌മൈല്‍ പദ്ധതിയിലൂടെ ഇതിന് വേണ്ടി സംരംഭകര്‍ക്കുള്ള പരിശീലനം, വിപണനത്തിനുള്ള സഹായക പദ്ധതികള്‍ മുതലായ സേവനങ്ങളാണ് ബി.ആര്‍.ഡി.സി നല്‍കി വരുന്നത്. ഇതിന്റെ ഭാഗമായി ടൂറിസ്റ്റുകളെയും സംരംഭകരെയും ആകര്‍ഷകങ്ങളെയും ബന്ധിപ്പിക്കുന്നതിന് ബിആര്‍ഡിസി രൂപകല്പന ചെയ്ത SMILE വെര്‍ച്ച്വല്‍ ടൂര്‍ ഗൈഡും പുറത്തിറക്കിയിരുന്നു.

കാസര്‍കോഡ് ജില്ലയില്‍ 57 സംരംഭകര്‍ നടത്തുന്ന 27 സ്‌മൈല്‍ സംരംഭങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വഴി പ്രതിദിനം 200-ല്‍ പരം ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള റൂമുകളാണ് ജില്ലയിലെ ടൂറിസം മേഖലയില്‍ ലഭ്യമായിരിക്കുന്നത്. നേരിട്ടും അല്ലാതെയും നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതും എടുത്തു പറയേണ്ട നേട്ടമാണ്.

വിദേശ ടൂറിസ്റ്റുകളുടെ വളര്‍ച്ചാ നിരക്കില്‍ ഈ വര്‍ഷം ഒന്നാമതെത്തിയെങ്കിലും ആഭ്യന്തര ടൂറിസ്റ്റുകളുടെ വളര്‍ച്ച 5% മാത്രമാണ്. ഇത് മറികടക്കാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ശ്രമം നടത്തുമെന്ന് ബി.ആര്‍.ഡി.സി മാനേജിംഗ് ഡയരക്ടര്‍ പറഞ്ഞു.