Food

സ്വാദൂറും ഇളനീര്‍ പായസം തയ്യാറാക്കാം

ഇളനീര്‍ അല്ലെങ്കില്‍ കരിക്കിന്റെ സ്വാദ് ഏവര്‍ക്കും ഇഷ്ടമാണ്. രുചിയുള്ള കാമ്പും മധുരമുള്ള വെള്ളവും മാത്രമല്ല രുചികരമായ പായസവും ഇളനീരുകൊണ്ട് തയാറാക്കാം.

ചേരുവകള്‍

01. ഇളനീര്‍ – ഒരു കപ്പ്
02. കരിക്ക് കാമ്പ് / കരിക്ക് – ഒരു കപ്പ്
03. കണ്ടന്‍സഡ് മില്‍ക്ക് – അര കപ്പ്
04. പാല്‍ – രണ്ടു കപ്പ്
05. പഞ്ചസാര – കാല്‍ കപ്പ്
06. ഏലക്കായ് പൊടിച്ചത് – അര ടീസ്പൂണ്‍
07. കശുവണ്ടി അരിഞ്ഞത് – അര കപ്പ്

പാകം ചെയ്യുന്ന വിധം

പകുതി കരിക്ക് കാമ്പ് / കരിക്കിനോടൊപ്പം ഇളനീരും മിക്‌സിയിലേക്ക് പകര്‍ന്ന് നന്നായി അടിച്ചെടുക്കുക / അരച്ചെടുക്കുക. നന്നായി അരഞ്ഞ ചേരുവ മാറ്റിവയ്ക്കുക. പാന്‍ ചൂടാക്കി അതിലേക്ക് പാല്‍ ഒഴിക്കുക. അതിനോടൊപ്പം കണ്ടന്‍സഡ് മില്‍ക്കും പഞ്ചസാരയും ചേര്‍ത്തിളക്കുക. ചേരുവകള്‍ കുറുകി പകുതിയാകുന്നത് വരെ ഒരു വശത്തേയ്ക്ക് മാത്രം നന്നായി ഇളക്കുക. ചേരുവകള്‍ നന്നായി കുറുകി കഴിയുമ്പോള്‍ അതിലേക്ക് മിക്‌സിയില്‍ അരച്ചെടുത്ത കരിക്ക് കാമ്പ് ഇളനീര്‍ മിശ്രിതം ചേര്‍ക്കുക. നന്നായി കുറുകി വരുമ്പോള്‍ മാറ്റിവച്ചിരിക്കുന്ന കരിക്ക് കാമ്പ് ചേര്‍ത്തിളക്കുക. ഏലക്കായ് പൊടിച്ചതും കശുവണ്ടി അരിഞ്ഞതും ഒരു പാത്രത്തില്‍ നന്നായി ചേര്‍ത്തിളക്കി പായസത്തിനു മുകളില്‍ തൂവി നന്നായി ഇളക്കുക. ചൂടായിട്ടോ തണുപ്പിച്ചോ പായസം വിളമ്പാം.