Kerala

ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ അവതരിപ്പിച്ച് ടൂറിസം ഫ്രട്ടേണിറ്റി മീറ്റ് സംഘടിപ്പിച്ചു

ഉത്തര മലബാറില്‍ വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതയ്ക്ക് അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ആവശ്യകത പങ്കിട്ട് ടൂറിസം ഫ്രട്ടേണിറ്റി മീറ്റ്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡും (കിയാല്‍) ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും (ബിആര്‍ഡിസി) ചേര്‍ന്നാണ് ഫ്രറ്റേണിറ്റി മീറ്റ് സംഘടിപ്പിച്ചത്. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ ഒരുക്കിയ ഫ്രട്ടേണിറ്റി മീറ്റ് ടൂറിസത്തിന്റെ ഉയര്‍ച്ചയിലേക്കുള്ള ദിശാസൂചകമായി മാറി.

മലബാറിന്റെ ഇനിയും തിരിച്ചറിയപ്പെടാത്ത ടൂറിസം, സംരംഭ സാധ്യതകള്‍ ഫ്രട്ടേണിറ്റി മീറ്റില്‍ ഉയര്‍ന്നുവന്നു. ടൂറിസം മേഖലയിലെ വികസനം വേഗത്തിലാക്കാനും കൂടുതല്‍ വിമാനയാത്രികരെ ആകര്‍ഷിക്കാനും വിമാനത്താവളത്തില്‍ ടൂറിസം വില്ലേജ് വേഗത്തിലാക്കുമെന്ന് കിയാല്‍ എം ഡി പറഞ്ഞു. വിമാനത്താവളം യാഥാര്‍ത്യമായതോടെ മലബാര്‍ ടൂറിസം മേഖല കുതിപ്പിലാണ്. വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ വിദേശയാത്രക്കാരാവും കൂടുതലുണ്ടാവുകയെന്ന് കരുതിയത് എന്നാല്‍ ആഭ്യന്ത്ര യാത്രക്കാരാണ് ഇപ്പോള്‍ കൂടുതല്ലെന്നും അദ്ദേഹം പറഞ്ഞു.

മലബാറിന്റെ തനതായ തെയ്യം, കൈത്തറി എന്നിവയ്ക്ക് പുറമെ സംസ്‌കാരംതന്നെ വിദേശസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണെന്ന് ‘ആയിഷ മന്‍സില്‍’ എന്ന സംരംഭംകൊണ്ട് അന്തര്‍ദേശീയതലത്തിലേക്ക് ബിസിനസ് ഉയര്‍ത്തിയ സി പി മൂസ വിവരിച്ചു. ‘ടൂറിസത്തില്‍ സ്വയംസംരംഭ വികസനവും സ്‌മൈല്‍ പ്രൊജക്ടും’എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ രാജ്യങ്ങളില്‍ മലബാര്‍ തനത് വിഭവങ്ങളുമായി ഭക്ഷ്യോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. തലശ്ശേരി കറുത്ത കുരുമുളക്, മലബാര്‍ മണ്‍സൂണ്‍ കോഫി എന്നിവ വിദേശരാജ്യങ്ങളില്‍ ബ്രാന്‍ഡായി ലഭിക്കും. ഇങ്ങനെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുന്നതെല്ലാം വിദേശസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താന്‍ സാധിച്ചാല്‍ പുതുവഴി തുറക്കാന്‍ മലബാറിനാകുമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

മലബാര്‍ ക്രൂസ് പദ്ധതിയും തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയും വടക്കന്‍ കേരളത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുമെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. തലശ്ശേരിക്കു മാത്രമല്ല വയനാടിനും ഇതിന്റെ പ്രയോജനം ലഭിക്കും. ബിആര്‍ഡിസി മാനേജിങ് ഡയറക്ടര്‍ ടി.കെ.മന്‍സൂര്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വിനോദ് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

കടല്‍ത്തീരവും മലയോരവും സാംസ്‌കാരിക വൈവിധ്യവും ചരിത്രപ്രാധാന്യവും കൃഷിയും ഭക്ഷണവും ആയുര്‍വേദവുമെല്ലാമായി ലോകത്തെ മറ്റേതൊരു വിനോദസഞ്ചാര കേന്ദ്രത്തിന് അവകാശപ്പെടാനുള്ളതിലും ഏറെ പ്രത്യേകതകളുണ്ട് മലബാറിനെന്ന് ബേബി മാത്യു സോമതീരം പറഞ്ഞു. ‘ബ്രാന്‍ഡിങ് ആന്‍ഡ് ടൂറിസം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം റിസോഴ്‌സ് മാപ്പിങ് നടത്തി മലബാറിനെ പ്രത്യേക ബ്രാന്‍ഡായി അവതരിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ പാക്കേജുകള്‍, സര്‍ക്യൂട്ടുകള്‍, ടൂറിസം മേഖലയിലെ സംരംഭകത്വ വികസനം, ‘സ്‌മൈല്‍’ പദ്ധതി, റിവര്‍ ക്രൂസ് പദ്ധതി, ആയുര്‍വേദ ടൂറിസം, ഉത്തര മലബാറിന്റെ തനത് ഉല്‍പന്നങ്ങള്‍, സാംസ്‌കാരിക ടൂറിസം എന്നിവയെല്ലാം സംഗമത്തില്‍ ചര്‍ച്ചയായി. താമസ സൗകര്യങ്ങള്‍, അടിസ്ഥാനസൗകര്യം, ഗുണമേന്മ എന്നിവ ഉറപ്പാക്കണമെന്നു നിര്‍ദേശമുയര്‍ന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുണ്ടാക്കി സഞ്ചാരികളെ കാത്തിരിക്കുക എന്നതല്ല, നമ്മുടെ നാടിന്റെ പ്രത്യേകതകള്‍ അനുഭവിച്ചറിയാന്‍ അവരെ അതിഥികളായി സ്വീകരിക്കാനായിരിക്കണം പദ്ധതികളുടെ ലക്ഷ്യമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

കേരള ടൂറിസം മാര്‍ട്ട് (കെടിഎം), അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഓഫ് ഇന്ത്യ (അറ്റോയി), കേരള ആയുര്‍വേദ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, കോണ്‍ഫെഡറേഷന്‍ ഓഫ് അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള, അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, വയനാട്, കുര്‍ഗ്, മൈസൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, കൂര്‍ഗ് ഹോട്ടല്‍സ് റിസോര്‍ട്ട്‌സ് അസോസിയേഷന്‍, കൂര്‍ഗ് ട്രാവല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.