Kerala

സാഹസികരെ കാത്ത് കര്‍ലാട് തടാകം

വയനാട് എന്നും സഞ്ചാരികള്‍ക്കൊരു വിസ്മയമാണ്. വയനാട്ടില്‍ അധികം ആരും കേട്ടിട്ടില്ലാത്ത ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കര്‍ലാട്. പൂക്കോട് തടാകത്തിന്റെ അത്ര വലുപ്പമില്ലെങ്കിലും ഏഴു ഏക്കറില്‍ നില കൊള്ളുന്ന തടാകം സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്.


വയനാട്ടിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് കര്‍ലാട്. 2016 മാര്‍ച്ചില്‍ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തി ഇരുന്നൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധ ജല തടാകമാണ്.

ആഴ്ചയില്‍ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ പ്രവേശന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ്. മുതിര്‍ന്നവര്‍ക്ക് മുപ്പത് രൂപയും കുട്ടികള്‍ക്ക് പത്ത് രൂപയുമാണ് പ്രവേശന ഫീസ്. പ്രൊഫഷണല്‍ സ്റ്റില്‍ കേമറകള്‍ക്ക് നൂറു രൂപയും വീഡിയോ കാമറകള്‍ക്ക് ഇരുന്നൂറ് രൂപയും നല്‍കണം. സഞ്ചാരികള്‍ വരുന്ന വാഹനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ചുറ്റുമതിലിനുള്ളിലേക്ക് പ്രവേശനമില്ല. എന്നാല്‍ കേന്ദ്രത്തിന് പുറത്ത് റോഡരികില്‍ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

കര്‍ലാട് വിനോദ സഞ്ചാര കേന്ദ്രത്തിലെ പ്രധാന ആകര്‍ഷണം ബോട്ടിങ്ങാണ്. രണ്ടു പേര്‍ക്ക് സ്വയം ചവിട്ടി പോകാവുന്ന പെഡല്‍ ബോട്ട്, ഏഴുപേര്‍ക്ക് സഞ്ചരിക്കാവുന്ന തുഴക്കാരനോട് കൂടിയ തുഴ വഞ്ചി, ഒറ്റക്കും രണ്ടു പേര്‍ക്കുമൊക്കെയായി തുഴഞ്ഞ് പോകാവുന്ന കയാക്കിങ് ബോട്ട് എന്നിവയൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.

ബോട്ടിങ്ങിന് പ്രത്യേകം ഫീസേര്‍പ്പെടുത്തിയിട്ടുണ്ട്. സിപ് ലൈനാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഇരുന്നൂറ്റി എഴുപത് മീററര്‍ നീളമുള്ള സിപ് ലൈന്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏററവും വലിപ്പമേറിയതാണ്. തടാകത്തിന് കുറുകെയുള്ള ഈ സിപ് ലൈന്‍ യാത്ര സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ആര്‍ക്കും തന്നെ മാറ്റി നിര്‍ത്താന്‍ കഴിയില്ല.

കോഴിക്കോട് മാനന്തവാടി റോഡില്‍ പടിഞ്ഞാറേത്തറയില്‍ സ്ഥിതി ചെയ്യുന്ന കര്‍ലാട് തടാകം കല്‍പറ്റയില്‍ നിന്നും വെറും പതിനാറ് കിലോമീററര്‍ അകലെയാണ്. ഒറ്റ ദിവസത്തെ ഔട്ടിങ്ങ് എന്നതിലുപരി സഞ്ചാരികള്‍ക്ക് ഒന്നോ രണ്ടോ ദിവസം താമസിച്ച് തടാകത്തിന്റെ സൗന്ദര്യവും അവിടുത്തെ സാഹസിക വിനോദങ്ങളുമെല്ലാം ആവോളം ആസ്വദിക്കാനുള്ള സൗകര്യമുണ്ട്. തടാകത്തിനഭിമുഖമായി നിര്‍മ്മിച്ച ടെന്റുകളിലെ അന്തിയുറക്കം സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭവങ്ങള്‍ സമ്മാനിക്കുമെന്നത് തീര്‍ച്ച. താമസവും ഭക്ഷണവുമെല്ലാം ഒന്നിച്ചും അല്ലാതെയുമുള്ള പാക്കേജുകള്‍ ഇവിടെ ലഭ്യമാണ്.

സീസണ്‍ അനുസരിച്ച് മൂന്ന് പേരടങ്ങിയ ഒരു കുടുംബത്തിന് വരുന്ന പാക്കേജ് ചാര്‍ജ് രണ്ടായിരത്തി അഞ്ഞൂറ് രൂപ മുതല്‍ നാലായിരം രൂപ വരെയാണ്. രാത്രിയില്‍ താമസിച്ചു കൊണ്ടാസ്വദിക്കാവുന്ന വയനാട്ടിലെ ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് കര്‍ലാട്. കുട്ടി സഞ്ചാരികളുടെ മനം കവരാന്‍ എന്തൊക്കെ വേണമോ അതെല്ലാം വളരെ നല്ല രീതിയില്‍ തന്നെ സജ്ജീകരിച്ചിട്ടുള്ള ഒരു പാര്‍ക്കും ടെന്റുകള്‍ക്ക് സമീപം ഒരുക്കിയിട്ടുണ്ട്.

വയനാട്ടിലൂടെ ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ സഞ്ചാരികള്‍ തീര്‍ച്ചയായും മനസ്സില്‍ കോറിയിടേണ്ട ഒരു പേരാണ് കര്‍ലാട് കാരണം തടാകത്തിന്റെ മാറിലൂടെ വഞ്ചി തുഴഞ്ഞുള്ള യാത്ര അവര്‍ക്കൊരു വ്യത്യസ്ത അനുഭവമാകും നല്‍കുക.