Kerala

ചെറുതോണിയില്‍ പുതിയ പാലം വരുന്നു

ഇടുക്കി ചെറുതോണിയില്‍ പുതിയ പാലത്തിനുള്ള രൂപരേഖ തയ്യാറായി. അന്‍പത് കോടിരൂപ ചെലവില്‍ ഒന്നര വര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പ്രളയകാലത്ത് തകര്‍ന്ന പാലം താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ഗതാഗതയോഗ്യമാക്കിയത്.

മഹാ പ്രളയകാലത്ത് ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്നുള്ള വെള്ളപ്പാച്ചിലില്‍ തകര്‍ന്ന ചെറുതോണി പാലത്തിന് പകരമാണ് പുതിയ പാലം നിര്‍മിക്കുന്നത്. ഇടുക്കി അണക്കെട്ടിനെ ബന്ധിപ്പിക്കുന്ന കുറവന്‍- കുറത്തി മലകളെ സൂചിപ്പിക്കുന്ന,രണ്ടു തൂണുകളിലായി ഉറപ്പിച്ച കേബിളുകളിലായിരിക്കും പാലം.

140 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ രൂപരേഖയാണ് ദേശിയപാത വിഭാഗം തയ്യാറാക്കിയത്. ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനാണ് തൂണുകളുടെ എണ്ണം കുറച്ചുള്ള നിര്‍മാണ രീതി.

പുതിയ പാലത്തിന്റെ ഇരുവശത്തും ജലസംഭരണികള്‍ നിര്‍മിച്ച് ബോട്ടിങ്ങ് സൗകര്യമൊരുക്കും പാലം പണി പൂര്‍ത്തിയാകുന്നതോടെ ചെറുതോണിയിലേയ്ക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.