Kerala

ഇരപിടിയൻ ചെടികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വസന്തോത്സവ നഗരിയിലേക്കു വരൂ…

സസ്യലോകത്തെ അത്ഭുതമായ ഇരപിടിയൻ ചെടികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കനകക്കുന്നിലെ വസന്തോത്സവ നഗരിയിലേക്കു വരൂ. ചെറുകീടങ്ങളെ ആകർഷിച്ചു ഭക്ഷണമാക്കുന്ന നെപ്പന്തസ് വിഭാഗത്തിൽപ്പെട്ട കീടഭോജിസസ്യങ്ങളെ നേരിൽക്കാണാം. കൊതുകിനെയും വണ്ടിനെയുമൊക്കെ കുടംപോലുള്ള പിറ്റ്ചർ എന്ന കെണിയിൽ വീഴ്ത്തി വിഴുങ്ങുന്ന നെപ്പന്തസ് ചെടികൾ വസന്തോത്സവത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്.

പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിലാണ് കീടഭോജി സസ്യങ്ങളുടെ പ്രദർശനം. നെപ്പന്തസ് ചെടികളുടെ രണ്ട് ഇനങ്ങളാണ് വസന്തോത്സവത്തിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ലോകത്തെ ഇരപിടിയൻ സസ്യങ്ങളിലെ പ്രധാന ഇനത്തിലൊന്നാണ് നെപ്പന്തസ് ചെടികൾ. ഇലയുടെ അഗ്രത്തിൽ മധ്യഭാഗത്തുനിന്ന് ഊർന്നിറങ്ങി കിടക്കുന്ന സഞ്ചിയുടെ ആകൃതിയിൽ രൂപപ്പെട്ടിരിക്കുന്ന പിറ്റ്ചറിലേക്കു പ്രാണികളെ ആകർഷിച്ചാണു കെണിയിൽപ്പെടുത്തുന്നത്. സഞ്ചിയുടെ ഉൾഭാഗം മെഴുകുരൂപത്തിലുള്ളതായതിനാൽ കെണിയിൽപ്പെട്ടുപോകുന്ന ഇരകൾക്ക് രക്ഷപ്പെടുക പ്രയാസം. സഞ്ചിക്കുള്ളിൽ സ്രവിപ്പിക്കുന്ന ദഹനരസങ്ങളുപയോഗിച്ച് ഇരയെ ദഹിപ്പിച്ച് ആഹാരമാക്കി ഭക്ഷിക്കും.

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ കനകക്കുന്ന് കൊട്ടാരത്തിനോടു ചേർന്നു തയാറാക്കിയിട്ടുള്ള ഓർക്കിഡുകളുടെ അതിമനോഹര സ്റ്റാളിനുള്ളിലാണ് നെപ്പന്തസ് ചെടികളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

വസന്തോത്സവം 2019ൽ വർണം വിതറി സിക്കിമിൽ നിന്നുള്ള ഓർക്കിഡുകൾ. നിറത്തിലും വലിപ്പത്തിലും ആരെയും ആകർഷിക്കുന്ന സിമ്പിഡിയം ഇനത്തിൽപ്പെട്ട് ഓർക്കിഡുകളാണ് പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കനകക്കുന്നിൽ എത്തിച്ചിരിക്കുന്നത്. തണുത്ത കാലാവസ്ഥയിൽ മാത്രം പുഷ്പിക്കുന്ന വിചിത്രയിനം ഓർക്കിഡുകളാണിവ. കൂടുതൽ ദിവസം കേടുകൂടാതെ നിൽക്കുമെന്നതും പ്രത്യേകതയാണ്.

ഓർക്കിഡ് പുഷ്പങ്ങളിൽ ലോകത്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്നത് സിമ്പിഡിയം കുടുംബത്തിൽപ്പെട്ട വിവിധയിനം ഓർക്കിഡുകളാണ്. ഒരൊറ്റ പൂക്കുല ഒരു പൂച്ചെണ്ടായി ഉപയോഗിക്കാവുന്ന വിധം പുഷ്പ സമ്പന്നമാണെന്നത് പുഷ്പാലങ്കാര മേഖലയിൽ സിമ്പിഡിയത്തിന് പ്രചാരമേറ്റുന്നു. ഒരു പുഷ്പത്തിന് മാത്രം 150 രൂപയ്ക്കു മുകളിലാണ് ഇവയുടെ വില.

റ്റി.ബി.ജി.ആർ.ഐയിൽ നിന്നും പ്രദർശനത്തിനെത്തിച്ചിട്ടുള്ള മൊക്കാറാ കുടുംബത്തിൽപ്പെട്ട ഓർക്കിഡുകളും ഡാൻസിംഗ് ഗേൾ ഫലനോപ്‌സിസ് വിഭാഗത്തിൽപ്പെട്ട ഓർക്കിഡുകളും സന്ദർശകശ്രദ്ധ ആകർഷിക്കുന്നവയാണ്. തായ്‌ലന്റിൽ നിന്നും എത്തിയിട്ടുള്ള ഓർക്കിഡ് ചെടികളും സ്റ്റാളിലുണ്ട്.

വസന്തോത്സവം 2019നോടനുബന്ധിച്ച് പുഷ്പാലങ്കാര സമ്പ്രദായങ്ങളുടെ കൗതുകക്കാഴ്ചയായി മാറുകയാണ് കനകക്കുന്ന് കൊട്ടാരത്തിന്റെ അകത്തളം. ബാംഗ്ലൂരിൽ നിന്നെത്തിച്ച വിവിധയിനം പുഷ്പങ്ങൾ ഉപയോഗിച്ചാണ് ബൊക്കെകൾ, ഫ്‌ളവർ പോട്ടുകൾ തുടങ്ങിയ പുഷ്പാലങ്കാര മാതൃകകൾ പ്രദർശിപ്പിച്ചിരിക്കുന്നത്.

ലില്ലി, റോസ്, കാർണേഷ്യം, ഹെലിക്കോണിയ, ക്രിസാന്തിമം, ഓർക്കിഡ്, ഗ്ലാഡിയോല തുടങ്ങി അതിമനോഹരമായ പുഷ്പങ്ങൾ വർണ മനോഹരമായി അലങ്കരിച്ചിരിക്കുന്ന കാഴ്ചയാണ് കാണാനാവുക. ആയിരക്കണക്കിന് ആസ്വാദകരാണ് കൊട്ടാരത്തിലെ ഈ പുഷ്പാലങ്കാരം കാണാൻ എത്തുന്നത്.