Kerala

കാര്‍ഷിക ടൂറിസത്തിന്റെ വിപുലീകരണത്തിനായി വയനാട്

വയനാട് ജില്ലയിലെ കാര്‍ഷിക ടൂറിസത്തിന്റെ സാധ്യതകളെ കൂടുതല്‍ ഉപയോഗപ്പെടുത്തണം എന്ന ആവശ്യം ശക്തമാകുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് ജില്ലയിലെ കാര്‍ഷിക മേഖലയെ ടൂറിസത്തിന്റെ ഭാഗമാക്കുന്നതിനായി കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് ആവശ്യം.


വിദേശികളടങ്ങുന്ന നിരവധി സംഘങ്ങള്‍ വര്‍ഷം തോറും ജില്ലയിലെ ആദിവാസി വിഭാഗത്തിന്റെ കൃഷി-ഭക്ഷണ രീതികള്‍ അറിയാനും പഠിക്കാനും എത്തുന്നുണ്ട്. എന്നാല്‍ ഇങ്ങനെ എത്തുന്നവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. കൂടുതല്‍ പ്രധാന്യം നല്‍കി ജില്ലയിലെ കാര്‍ഷിക സാംസ്‌കാരവും കാര്‍ഷിക രീതികളുമെല്ലാം ടൂറിസത്തിന്റെ ഭാഗമാക്കുന്നത് വിനോദ സഞ്ചാര മേഖലയില്‍ മികച്ച നേട്ടമാകും.

കാര്‍ഷി ടൂറിസത്തിന്റെ ഭാഗമാക്കാന്‍ കൂടുതല്‍ സാധ്യതയുള്ള അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കാര്‍ഷിക ടൂറിസം പ്രോല്‍സാഹിപ്പിക്കുമെന്ന് മുന്‍പ് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും അതിനും തുടര്‍ പ്രവര്‍ത്തനങ്ങളുണ്ടായില്ല. നിലവില്‍ ജില്ലയിലെ മുളയുല്‍പന്നങ്ങളുടെ കേന്ദ്രമായ ഉറവ്, പരാമ്പരഗത കര്‍ഷകര്‍, മത്സ്യ-വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നവര്‍ എന്നിവിടങ്ങളിലെല്ലാം കൃഷിയും അതിന്റെ സംസ്‌കാരവുമറിയാന്‍ ഒട്ടേറെ വിദേശ സഞ്ചാരികള്‍ എത്തുന്നുണ്ട്.

കൂടാതെ ജില്ലയിലേക്ക് എത്തുന്നവരെ ടൂറിസ്റ്റ് ഗൈഡുമാരുടെ നേതൃത്വത്തില്‍ സഞ്ചാരികളുടെ താല്‍പര്യത്തിനനുസരിച്ച് വിവിധ കൃഷിയിടങ്ങളിലേക്ക് കൊണ്ടു പോകുന്നതും പതിവാണ്. വിദേശ സഞ്ചാരികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ജില്ലയെ കൃഷി രീതികളെ അവരുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ കൃത്യമായ സംവിധാനം ഡിടിപിസി, ടൂറിസം വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഉണ്ടാകേണ്ടതുണ്ട്. സഞ്ചാരികളുടെ താല്‍പര്യം തിരിച്ചറിഞ്ഞ് സ്വകാര്യ റിസോര്‍ട്ടുകളിലും വില്ലകളിലുമെല്ലാം ചെറിയ ഔഷധ തോട്ടങ്ങള്‍ വരെ പലരും ഒരുക്കിയത് കാര്‍ഷിക ടൂറിസത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടാണ്.