Kerala

സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി മാനന്തവാടി പഴശ്ശിപാര്‍ക്ക്

ഏറെക്കാലമായി കാടുപിടിച്ചുകിടന്ന പഴശ്ശി പാര്‍ക്ക് നവീകരണത്തിനുശേഷം സഞ്ചാരികള്‍ക്കായി തുറന്നപ്പോള്‍ സന്ദര്‍ശകരുടെ തിരക്ക്. 2519 മുതിര്‍ന്നവരും 815 കുട്ടികളും ഉള്‍പ്പെടെ ഞായറാഴ്ച വരെ പഴശ്ശിപാര്‍ക്കിലെത്തിയത് 3334 പേരാണ്. ഡിസംബര്‍ 27-നാണ് നവീകരണം പൂര്‍ത്തിയാക്കി പാര്‍ക്ക് തുറന്നത്. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനഫീസ് ഈടാക്കുന്നത്.

പെഡല്‍ ബോട്ടുകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. രണ്ട്, നാല് സീറ്റുകളുള്ള ബോട്ട് സന്ദര്‍ശകര്‍ക്ക് സ്വയം ചവിട്ടി കബനി നദിയിലൂടെ ഓടിച്ചുപോകാം. 20 മിനിട്ട് സവാരിക്ക് രണ്ടുസീറ്റുള്ള ബോട്ടിന് 200 രൂപയും നാലുസീറ്റുള്ള ബോട്ടിന് 350 രൂപയുമാണ് ഈടാക്കുന്നത്. സ്റ്റില്‍ ക്യാമറകള്‍ പാര്‍ക്കിനുള്ളില്‍ പ്രവേശിപ്പിക്കണമെങ്കില്‍ 20 രൂപയും വീഡിയോ ക്യാമറകള്‍ക്ക് നൂറുരൂപയും ഫീസ് നല്‍കണം. എല്ലാ ദിവസവും രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെയാണ് പ്രവേശനം നല്‍കുന്നത്.

നവീകരണം പൂര്‍ത്തിയാക്കിയശേഷം 82 പേര്‍ രണ്ടുസീറ്റുള്ള ബോട്ടിലും 164 പേര്‍ നാലുസീറ്റുള്ള ബോട്ടിലും സവാരി ആസ്വദിച്ചു. ഈ ഇനത്തില്‍ 22,550 രൂപ വരുമാനമായി ലഭിച്ചു. 20 സ്റ്റില്‍ ക്യാമറകളും രണ്ട് വീഡിയോ ക്യാമറകളും പാര്‍ക്കിനുള്ളില്‍ പ്രവേശിപ്പിച്ച ഇനത്തില്‍മാത്രം 2340 രൂപ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് വരുമാനമായി ലഭിച്ചു.

കബനി പുഴയോരത്ത് 1994-ലാണ് പഴശ്ശി പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ പാര്‍ക്ക് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ബോട്ടിങ് ഉള്‍പ്പെടെയുള്ളവയില്‍ നിന്നായി ഡി.ടി.പി.സി. ക്ക് നല്ലൊരുതുക വരുമാന ഇനത്തില്‍ ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് നാശത്തിലേക്ക് കൂപ്പുകുത്തിയ പാര്‍ക്ക് വര്‍ഷങ്ങളോളം വവ്വാലുകളുടെ ആവാസകേന്ദ്രമായി.

സംസ്ഥാനടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപയും ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ 38 ലക്ഷം രൂപയും ഉപയോഗിച്ചാണ് പാര്‍ക്ക് നവീകരിച്ചത്. നടപ്പാത, കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ഇടങ്ങള്‍, ഇരിപ്പിടങ്ങള്‍, ഭിന്നശേഷിയുള്ളവര്‍ക്ക് ടോയ്‌ലറ്റ് എന്നിവ നവീകരണത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.