Festival and Events

പൂക്കാലം കാണാൻ പൂരത്തിരക്ക്

വസന്തം നിറച്ചാർത്തൊരുക്കുന്ന കനക്കുന്നിന്റെ വഴികളിൽ ആഘോഷത്തിന്റെ ഉത്സവത്തിമിർപ്പ്. വസന്തോത്സവക്കാഴ്ച കാണാൻ തലസ്ഥാനത്തേക്കു വൻ ജനപ്രവാഹം. അവധിദിനമായ ഇന്നലെ പതിനായിരക്കണക്കിന് ആളുകളാണു പുഷ്പമേള ആസ്വദിക്കാനെത്തിയത്. പൂക്കളും പൂച്ചെടികളും ചേരുന്ന സസ്യലോകത്തിന്റെ മാസ്മരിക കാഴ്ചകൾക്കൊപ്പം കൊതിയൂറുന്ന ഭക്ഷ്യമേളയും വസന്തോത്സവത്തിലുണ്ട്. വലിയ തിരക്കാണ് ഭക്ഷ്യമേളയുടെ സ്റ്റാളുകളിൽ അനുഭവപ്പെടുന്നത്.

കനകക്കുന്നിന്റെ നടവഴി അവസാനിക്കുന്ന സൂര്യകാന്തിയിലാണ് നാവിൽ വെള്ളമൂറുന്ന ഭക്ഷ്യമേള അരങ്ങേറുന്നത്. കുടുംബശ്രീയും കെ.റ്റി.ഡി.സിയും സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ രുചിയുടെ മേളപ്പെരുക്കം തീർത്ത് ഇവിടെ നിറഞ്ഞു നിൽക്കുന്നു. സസ്യ, സസ്യേതര ഇനങ്ങളിലായി ഉത്തര – ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ നീണ്ട നിരയാണ് സ്റ്റാളുകളിലെല്ലാം. കൂടാതെ നാടൻ-കുട്ടനാടൻ-മലബാറി രുചികളും ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നു.

രാമശേരി ഇഡ്‌ലിയും കുംഭകോണം കോഫിയും

കെ.ടി.റ്റി.സിയുടെ രാമശേരി ഇഡ്‌ലി മേളയാണ് ഭക്ഷ്യമേളയുടെ മുഖ്യ ആകർഷണം. പൊന്നിയരിയും ഉഴുന്നും ആട്ടിയുണ്ടാക്കുന്ന രാമശേരി ഇഡ്‌ലിയുടെ രുചി ഒട്ടും ചോരാതെ കനകക്കുന്നിലെ സ്റ്റാളിൽ കിട്ടും. ഒരു സെറ്റിന് 90 രൂപയാണ് കെ.റ്റി.ഡി.സിയുടെ സ്റ്റാളിലെ വില. വെങ്കായ – തക്കാളി ഊത്തപ്പം, മസാലദോശ, പ്ലെയിൻ ദോശ എന്നിവയും കെ.റ്റി.ഡി.സിയുടെ സ്റ്റാളിലുണ്ട്. സൗത്ത് ഇന്ത്യൻ കാപ്പിയിൽ പ്രശസ്തമായ കുംഭകോണം കോഫിയും ഇവിടെയുണ്ട്. 25 രൂപയാണു വില.

നീലേശ്വരം ചിക്കൻകറിയും പാൽറൊട്ടിയും

സ്വാദൂറുന്ന രുചിവിഭവങ്ങളുമായി കഫെ കുടുംബശ്രീയുടെ വിപുലമായ സ്റ്റാളുകളും ഭക്ഷ്യമേളയുടെ രുചിക്കാഴ്ചയാണ്. ചിക്കൻ വിഭവങ്ങളും മലബാറിന്റെ തനതു പലഹാരങ്ങളുമൊക്കെയാണ് കഫെ കുടുംബശ്രീ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.

മലപ്പുറം ന്യൂ സ്റ്റാർ കുടുംബശ്രീ യൂണിറ്റിന്റെ സ്റ്റാളിലെ പ്രധാന താരം സ്റ്റഫ്ഡ് ചിക്കനാണ്. കൊത്തമല്ലിയും വറ്റൽമുളകുമൊക്കെ ചേരുവയാകുന്ന സ്റ്റഫ്ഡ് ചിക്കന് ആവശ്യക്കാർ ഏറെ. ചിക്കൻ കുരുമുളക്, കപ്പയും മീൻകറിയും, മലബാറിന്റെ തനത് പലഹാരങ്ങളായ ഉന്നക്കായ, പഴംനിറച്ചത്, ചട്ടിപ്പത്തിരി എന്നിവയും ഇവരുടെ സ്റ്റാളിലുണ്ട്.

വെളുത്തുള്ളി ചിക്കൻകറി, ചിക്കൻ തവയിൽ പൊള്ളിച്ചത്, ചിക്കൻ ചുക്ക എന്നിവയാണ് കാസർകോഡുനിന്നുള്ള ശ്രീലക്ഷ്മി കാറ്റേഴ്‌സ് കുടുംബശ്രീ യൂണിറ്റിന്റെ പ്രധാന ഇനങ്ങൾ. ഇവരുടെ പാൽറൊട്ടിയും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. പയറും പപ്പടവും അച്ചാറും ചേർത്തുള്ള കഞ്ഞിയും ഈ സ്റ്റാളിൽ കിട്ടും.

തിരുവനന്തപുരം സാംജീസിന്റെ ദോശ മേളയും കഫെ കുടുംബശ്രീ സ്റ്റാളിന്റെ ആകർഷണമാണ്. മുട്ട ദോശ, മസാലദോശ, കുട്ടിദോശ, കാരറ്റ് ദോശ, സവാള ദോശ എന്നിങ്ങനെ നീളുന്നു ചൂടുള്ള ദോശ ഇനങ്ങൾ.

പച്ചമാങ്ങ ജ്യൂസും ഉറുമാമ്പഴ സർബത്തും

കൊതിയൂറുന്ന ശീതള പാനീയങ്ങളും ഭക്ഷ്യമേളയിൽ തയാർ. പച്ചമാങ്ങ ജ്യൂസ്, പാൽ സർബത്ത്, അവൽ മിൽക്ക്, ഫ്രഷ് ലൈം, ഉറുമാമ്പഴ സർബത്ത്, കുലുക്കി സർബത്ത് എന്നിവയാണ് ശീതളപാനീയ സ്റ്റാളുകളിലെ താരങ്ങൾ. വിവിധ ഫ്‌ളേവറുകളിലുള്ള ഐസ്‌ക്രീമുകളുമായി മിൽമയുടെ തിരുവനന്തപുരം ഡെയറിയും വസന്തോത്സവ നഗരിയെ സജീവമാക്കുന്നു. പൂക്കൾ നിരത്തിയിരിക്കുന്ന വഴിയോരങ്ങളിൽ ഇടയ്ക്കിയ്ക്ക് മിൽമയുടെ സ്റ്റാളുകളുണ്ട്.