Festival and Events

കാട് കാണാം, കനകക്കുന്നിലേക്കു വരൂ…

ആന, കാട്ടുപോത്ത്, മാന്‍, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ജീവസുറ്റ രൂപങ്ങള്‍കൊണ്ടു വിസ്മയം തീര്‍ക്കുകയാണ് വസന്തോത്സവത്തിലെ വനം വകുപ്പ് സ്റ്റാള്‍. മൃഗങ്ങളുടെ ശബ്ദത്തിനൊപ്പം പ്രകാശ വിന്യാസവും കൂടിയാകുമ്പോള്‍ കണ്‍മുന്നില്‍ കൊടും കാട് കാണാം. നിബിഡവനത്തിന്റെ വന്യ പ്രതീതിയോട് കൂടിയാണ് സ്റ്റാളിന്റെ ക്രമീകരണം. വനം സംരക്ഷിക്കുകയെന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍ട്ടിസ്റ്റ് ജിനനാണ് വനക്കാഴ്ചയ്ക്കു പിന്നില്‍.

പ്രളയം ബാധിച്ച വനത്തിലെ ആരും കാണാത്ത ചിത്രങ്ങളും വനം വകുപ്പ് സ്റ്റാളില്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. ദുര്‍ഘടമായ ഉള്‍വനത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രങ്ങള്‍. അപൂര്‍വ വനവിഭവങ്ങളുടെ വില്‍പ്പനയും ഇതോടൊപ്പമുണ്ട്.

രാവിലെ പത്തു മുതലാണു വസന്തോത്സവ വേദിയായ കനകക്കുന്നിലേക്കു പ്രവേശനം അനുവദിക്കുന്നത്. ടിക്കറ്റ്മുഖേനയാണു പ്രവേശനം. അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്കു ടിക്കറ്റ് വേണ്ട. അഞ്ചു മുതല്‍ 12 വരെ പ്രായമുള്ളവര്‍ക്ക് 20രൂപയും 12നു മേല്‍ പ്രായമുള്ളവര്‍ക്ക് 50 രൂപ യുമാണു ടിക്കറ്റ് നിരക്ക്. കനകക്കുന്നിന്റെ പ്രവേശന കവാടത്തിനു സമീപം സംസ്ഥാന സഹകരണ ബാങ്കിന്റെ കൗണ്ടറുകളില്‍നിന്നു ടിക്കറ്റുകള്‍ ലഭിക്കും. സംസ്ഥാന സഹകരണ ബാങ്കിന്റെ നഗരത്തിലെ ഒമ്പതു ശാഖകള്‍ മുഖേനയും ടിക്കറ്റ് ലഭിക്കും.