Kerala

അനന്തപുരി ഒരുങ്ങുന്നു; ‘വസന്തോത്സവം 2019’ ജനുവരി 11 മുതൽ കനകക്കുന്നിൽ

തലസ്ഥാന നഗരിക്ക് വർണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കുന്ന വസന്തോത്സവം 2019 മേളയ്ക്ക് ജനുവരി 11ന് കനകക്കുന്നിൽ തിരിതെളിയും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നടക്കമുള്ള പതിനായിരത്തിലധികം ഇനം പൂക്കളുടെ മഹോത്സവമാകും ജനുവരി 20 വരെ നഗരത്തിൽ നടക്കുക. രുചിയുടെ മേളപ്പെരുക്കവുമായി ഭക്ഷ്യമേളയും വസന്തോത്സവത്തിന് ചാരുതയേകും.

ജനുവരി 11ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ വസന്തോത്സവത്തിന് തിരിതെളിക്കും. കനകക്കുന്ന് കൊട്ടാരത്തിനു മുൻവശം നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പൂർണമായി ഹരിതചട്ടം പാലിച്ചു നടത്തുന്ന വസന്തോത്സവത്തിന്റെ ചെലവ് സ്‌പോൺസർഷിപ്പ്, വിവിധ സ്റ്റാളുകൾ, ടിക്കറ്റ് എന്നിവ വഴിയാണു കണ്ടെത്തുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയുടെ 10 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്കു സംഭാവനയായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റ്, മ്യൂസിയം – മൃഗശാല, കാർഷിക കോളജ്, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ, വിക്രം സാരാഭായ് സ്‌പേസ് സെന്റർ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കേരള വന ഗവേഷണ കേന്ദ്രം, കിർത്താഡ്‌സ്, നിയമസഭാ മന്ദിരം, കേരള സർവകലാശാല ബോട്ടണി വിഭാഗം, പൂജപ്പുര ആയൂർവേദ ഗവേഷണ കേന്ദ്രം തുടങ്ങി 12 ഓളം സ്ഥാപനങ്ങളും പത്തോളം നഴ്‌സറികളും വ്യക്തികളും വസന്തോത്സവത്തിൽ സ്റ്റാളുകൾ ഒരുക്കും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള സിംപീഡിയം ചെടികളുടെ ശേഖരം, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്ന വനക്കാഴ്ചകൾ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ തയാറാക്കുന്ന ജലസസ്യങ്ങൾ, ടെറേറിയം എന്നിവയുടെ അപൂർവ കാഴ്ചകൾ, കിർത്താഡ്‌സ് ഒരുക്കുന്ന വംശീയ പാരമ്പര്യ വൈദ്യ സ്റ്റാളുകൾ, ഗോത്രവർഗക്കാരുടെ തനത് ഭക്ഷ്യവിഭവങ്ങൾ, ഔഷധ സസ്യ ശേഖരം, വനവകുപ്പിന്റെ കാടിന്റെ പുനഃസൃഷ്ടി, വന ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കായുള്ള വനശ്രീ സ്റ്റാൾ, ഹോർട്ടി കോർപ്പിന്റെ തേൻകൂട്, കാർഷികോത്പന്നങ്ങളുടെ വലിയ നിരയൊരുക്കുന്ന കൃഷി വകുപ്പ് സ്റ്റാളുകൾ എന്നിവ ഇത്തവണത്തെ വസന്തോത്സവത്തിന്റെ സവിശേഷതകളാണ്. മുൻ വർഷത്തെ അപേക്ഷിച്ച് പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ഇത്തവണ വലിയ വർധനവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിവിധതരം ജ്യൂസുകൾ, മധുര പലഹാരങ്ങൾ, ഉത്തരേന്ത്യൻ വിഭവങ്ങൾ, ദക്ഷിണേന്ത്യൻ വിഭവങ്ങൾ, മലബാർ, കുട്ടനാടൻ രുചികൾ, കെ.ടി.ഡി.സി. ഒരുക്കുന്ന രാമശേരി ഇഡ്‌ലി മേള എന്നിങ്ങനെയുള്ള ഭക്ഷ്യമേളയും വസന്തോത്സവത്തിനു മാറ്റുകൂട്ടും. സൂര്യകാന്തിയിലാണ് ഭക്ഷ്യമേള നടക്കുന്നത്. സർക്കാർ സ്റ്റാളുകൾക്കു പുറമേ വ്യാപാര സംബന്ധമായ സ്റ്റാളുകളും സർഗാലയയുടെ ക്രാഫ്റ്റ് വില്ലേജിന്റെ പ്രത്യേക സ്റ്റാളും ഉണ്ടാകും.

വസന്തോത്സവത്തിനായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കുന്ന മീഡിയ സെന്റർ ജനുവരി 11 മുതൽ 20 വരെ കനകക്കുന്നിൽ പ്രവർത്തിക്കും. മികച്ച റിപ്പോർട്ടിങ്ങിനുള്ള മാധ്യമ പുരസ്‌കാരവും ഇത്തവണ നൽകുന്നുണ്ട്. മികച്ച പത്ര മാധ്യമ റിപ്പോർട്ടിങ്, ദൃശ്യ മാധ്യമ റിപ്പോർട്ടിങ്, റേഡിയോ, മികച്ച ന്യൂസ് ഫോട്ടോഗ്രഫി എന്നീ ഇനങ്ങളിലാണു പുരസ്‌കാരങ്ങൾ നൽകുന്നത്.

പി.ആർ. ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ എന്നിവരും പങ്കെടുത്തു.

വസന്തോത്സവത്തിന്റെ പ്രവേശന ടിക്കറ്റുകൾ കനകക്കുന്നിന്റെ പ്രധാന കവാടത്തിന് അടുത്തായി കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് ഒരുക്കുന്ന പ്രത്യേക കൗണ്ടറുകളിൽനിന്നു ലഭിക്കും. കോ-ഓപ്പറേറ്റിവ് ബാങ്കിന്റെ നഗരത്തിലെ ഒമ്പതു ശാഖകൾ വഴിയും ടിക്കറ്റ് വിൽപ്പനയുണ്ട്.

അഞ്ചു വയസിനു താഴെ പ്രായമുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. അഞ്ചു മുതൽ 12 വയസ് വരെയുള്ളവർക്ക് 20 രൂപയും 12നു മേൽ പ്രായുള്ളവർക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 50 പേർ അടങ്ങുന്ന സ്‌കൂൾ കുട്ടികളുടെ സംഘത്തിന് 500 രൂപ നൽകിയാൽ മതി. രാവിലെ 10 മുതൽ രാത്രി എട്ടു വരെയാണു മേളയിലേക്കു പ്രവേശനം അനുവദിക്കുന്നത്.

സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ സി.സി.ടി.വി. ക്യാമറ ഉൾപ്പെടെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ കനകക്കുന്നിലും സൂര്യകാന്തിയിലുമായി ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു