Kerala

ഹർത്താലിനെതിരെ ടൂറിസം മേഖല

നാളത്തെ ഹർത്താലിനെതിരെ ടൂറിസം മേഖല രംഗത്ത്. ടൂറിസം രംഗത്ത് പ്രവർത്തനം സാധാരണ നിലയിൽ നടക്കുമെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് (അറ്റോയ് ) അറിയിച്ചു.

തുടരെ നടക്കുന്ന ഹർത്താലുകൾ വിനോദ സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നൂറോളം ഹർത്താലുകളാണ് നടന്നത്. നിപ്പ വൈറസ് ബാധയും പിന്നീടെത്തിയ പ്രളയവും സംസ്ഥാനത്തെ ടൂറിസം മേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു. ഇതിൽ നിന്ന് കരകയറാൻ ടൂറിസം മേഖല പെടാപ്പാട് പെടുന്നതിനിടെയാണ് അടുത്ത ഹർത്താൽ വരുന്നത്.

ടൂറിസം മേഖലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന സർവകക്ഷി യോഗത്തിലെ പ്രഖ്യാപനവും നടപ്പായിട്ടില്ല. വളരെ മുൻകൂട്ടി തീരുമാനിക്കുന്ന ടൂർ പ്ലാനുമായി വിനോദ സഞ്ചാരികൾ കേരളത്തിലെത്തുമ്പോൾ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കും വിധം ഹർത്താൽ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

ഹർത്താലുകൾക്ക് ആധാരമായി ഉന്നയിക്കുന്ന വിഷയങ്ങളോട് അറ്റോയ്ക്ക് വിയോജിപ്പില്ല. വിയോജിപ്പ് വഴി മുടക്കുന്ന സമര രീതിയോടാണ്.

ഈ സാഹചര്യത്തിൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുകയും ടൂറിസം പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് അറ്റോയ് പ്രസിഡന്റ് വിനോദ് സി എസും സെക്രട്ടറി പി വി മനുവും ആവശ്യപ്പെട്ടു.