Auto

ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധം

ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളായിരിക്കും നിരത്തില്‍ ഓടുക എന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കളള നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ കൊണ്ടുവരുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

രജിസ്‌ട്രേഷന്‍ മാര്‍ക്ക് സൂചിപ്പിക്കുന്ന അടയാളങ്ങള്‍ ഉള്‍പ്പെടുന്ന അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കി കൊണ്ടുളള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നിനോ, അതിന് ശേഷമോ ഉളള ദിവസങ്ങളില്‍ നിര്‍മ്മിച്ച വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം വാഹനനിര്‍മ്മാതാക്കള്‍ക്കാണെന്ന് കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റിനെ അറിയിച്ചു. അതായത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനനിര്‍മ്മാതാക്കള്‍ തന്നെ വിതരണം ചെയ്യണമെന്ന് സാരം.സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഉണ്ടെങ്കില്‍ പഴയ വാഹനങ്ങളിലും അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാം.

അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍ വിദ്യ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും. രജിസ്‌ട്രേഷന്‍ നടത്തുന്ന വാഹനത്തിന്റെ എഞ്ചിന്‍ നമ്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. ഇതുവഴി വ്യാജ നമ്പര്‍ പ്ലേറ്റില്‍ ഓടുന്നതും മോഷണമടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങള്‍ വരുത്താനോ ശ്രമിച്ചാല്‍ ഇവ ഉപയോഗ ശൂന്യമാകുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.