Kerala

ഹര്‍ത്താല്‍രഹിത കേരളം; വ്യാപാരി വ്യവസായ മേഖല പ്രത്യേക കര്‍മ്മ സമിതി രൂപീകരിക്കും

ഹര്‍ത്താലുകളെ നേരിടാന്‍ വ്യാപാരി വ്യവസായ മേഖല പ്രത്യേക കര്‍മ്മ സമിതി രൂപീകരിക്കും. ഇതിനായി നാളെ കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 31 സംഘടനകളുടെ യോഗം നടക്കും. സിപിഎമ്മിനോട് അനുഭാവമുള്ള വ്യാപാരി വ്യവസായി സമിതി ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഹര്‍ത്താലിന്റെ ദുരിതം പേറുന്ന മേഖലകളെ ഒന്നിപ്പിച്ച് ഹര്‍ത്താലിനെ നേരിടുകയാണ് ലക്ഷ്യം. ഓരോ ഹര്‍ത്താലിനും വലിയ നഷ്ടം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സംഘടിത നീക്കം. ഇനി ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ബസ്സ് ഉള്‍പ്പെടെ നിരത്തിലിറക്കാനും യോഗം തീരുമാനിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം അറിയിച്ചു.

യോഗത്തില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ പ്രത്യേക കൂട്ടായ്മക്ക് രൂപം നല്‍കും. നഷ്ടപരിഹാര കേസുകള്‍ ഈ കൂട്ടായ്മയാവും നടത്തുക. ഹോട്ടല്‍ ഉടമകളുടെ സംഘടന, സ്വകാര്യ ബസ് മേഖലയിലെ മൂന്ന് പ്രധാന സംഘടനകള്‍ തുടങ്ങി 31 സംഘടനകളുടെ പ്രതിനിധികള്‍ വ്യാഴാഴ്ചത്തെ യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.