Kerala

കുങ്കിച്ചിറ പൈതൃക മ്യൂസിയം; നവീകരണം അവസാന ഘട്ടത്തിലേക്ക്

മ്യൂസിയം വകുപ്പ് മാനന്തവാടി നിയോജക മണ്ഡലത്തിലെ കുങ്കിച്ചിറയില്‍ നിര്‍മിക്കുന്ന കുങ്കിച്ചിറ പൈതൃക മ്യൂസിയം നവീകരണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. മ്യൂസിയത്തിന്റെ 95 ശതമാനം ജോലികളും പൂര്‍ത്തിയായതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

മ്യൂസിയത്തിലേക്ക് ലഭ്യമായ വസ്തുക്കള്‍ സജ്ജീകരിക്കുന്നതിനായി നോഡല്‍ ഏജന്‍സിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. മുന്നിലെ ചിറ നവീകരിച്ച് കുങ്കിയമ്മയുടെ പ്രതീകാത്മക പ്രതിമ ചിറയില്‍ സ്ഥാപിച്ചു.

മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ ആധുനികരീതിയിലുള്ള ശുചിമുറികള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി തടസമില്ലാതെ ലഭ്യമാകുന്നതിനായി ട്രാന്‍സ്ഫോര്‍മര്‍, ജനറേറ്റര്‍ എന്നിവയും സ്ഥാപിച്ചു. മ്യൂസിയത്തിന്റെ ചുറ്റുമതിലിന്റെ നിര്‍മാണം പൂര്‍ത്തിയായി.

ചിറയുടെ സംരക്ഷണ ഭിത്തികളുടേയും നടപ്പാതകളുടെയും പണി പൂര്‍ത്തിയാക്കാന്‍ ഉണ്ട്. നിലവില്‍ ഒരു സൂപ്പര്‍ വൈസറി ഉദ്യോഗസ്ഥന്‍, നാല് ഉദ്യാനപരിപാലകര്‍, ഒരു സ്വീപ്പര്‍ എന്നിവരടക്കം ആറ് ജീവനക്കാരാണ് ഉള്ളത്.

മ്യൂസിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ പ്രീ-ഫാബ് ലിമിറ്റഡും, ചിറയുടെ നവീകരണം സംസ്ഥാനസര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ് ലിമിറ്റഡുമാണ് ഏറ്റെടുത്തിട്ടുള്ളത്. എല്ലാ ജോലികളും പൂര്‍ത്തികരിച്ച് പുതുവര്‍ ത്തില്‍ മ്യൂസിയം തുറന്നു കൊടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഒ ആര്‍ കേളു എംഎല്‍എ പറഞ്ഞു.