News

ഡാര്‍ക്ക് മോഡുമായി വാട്‌സാപ്പ് എത്തുന്നു

വാട്‌സാപ്പ് ഉപഭോക്താക്കള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡാര്‍ക്ക് മോഡ് ഉടനെ വാട്‌സാപ്പിന്റെ ഭാഗമാകുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാര്‍ക്ക് മോഡ് വാട്‌സപ്പില്‍ എത്തുമെന്നാണ് സൂചന. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്.

ആന്‍ഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഡാര്‍ക്ക് മോഡ് എത്തും. രാത്രികാലങ്ങളിലെ വാട്‌സാപ്പിന്റെ ഉപയോഗം സുഗമമാക്കുന്നതും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ്. ബാറ്ററി ഉപയോഗം കുറയ്ക്കുന്നതിനും ഡാര്‍ക്ക് മോഡ് സഹായകമാണ്.

ആന്‍ഡ്രോയിഡ് ഫോണുകളിലെ ഓഎല്‍ഇഡി ഡിസ്പ്ലേകളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. മറ്റ് ഡിസ്പ്ലേകളേക്കാള്‍ മികച്ച രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഓഎല്‍ഇഡി ഡിസ്‌പ്ലെ പാനലുകള്‍ക്കാകും എന്നതിനാലാണ് ഇത്.

ഡാര്‍ക്ക് മോഡുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ ഫീച്ചര്‍ നിര്‍മ്മാണത്തിലാണ്. തല്‍ക്കാലത്തേക്ക് കാത്തിരിക്കൂ,വാബീറ്റാ ഇന്‍ഫോ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ഫെയ്സ്ബുക്ക് മെസഞ്ചറില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം തന്നെ യൂട്യൂബും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടി ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചത്.

മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്സും ഡിജിറ്റല്‍ വമ്പന്മാരായ ഗൂഗിളുമെല്ലാം ഡാര്‍ക്ക് മോഡിനെ പ്രെമോട്ട് ചെയ്തിരുന്നു. ഫോണില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ച ആദ്യ കമ്പനിയാണ് വണ്‍പ്ലസ്സ്.