Kerala

കരയിലും വെള്ളത്തിലും ഓടുന്ന വാട്ടര്‍ ബസുകള്‍ ആലപ്പുഴയിലേക്ക്

കരയിലും വെള്ളത്തിലും ഒരുപോലെ സര്‍വീസ് നടത്താവുന്ന വാട്ടര്‍ബസുകള്‍ ആലപ്പുഴയിലേക്ക്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടര്‍ ബസായിരിക്കും ഇത്. വാട്ടര്‍ ബസ് സര്‍വീസ് നടത്തുന്നതിനുള്ള എല്ലാ ശാസ്ത്രീയ പഠനങ്ങളും ജലഗതാഗത വകുപ്പ് പൂര്‍ത്തിയാക്കി.

കുസാറ്റ് യൂണിവേഴ്‌സിറ്റിക്കാണ് പദ്ധതി നിര്‍വഹണത്തിനുള്ള ചുമതല. ചെലവ് കുറച്ച് കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ ബസുകളുടെ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഓടുന്ന അഫീബിയന്‍ ബസുകള്‍ക്ക് 12 കോടി രൂപ വരെ ചെലവ് വരും. എന്നാല്‍, 6 കോടി രൂപ മുതല്‍മുടക്കിലാണ് ആലപ്പുഴയില്‍ വാട്ടര്‍ബസ് ഇറക്കാന്‍ പോകുന്നത്.

വാട്ടര്‍പ്രൂഫ് ടെക്‌നോളജി ഉപയോഗിച്ച് ആധുനിക വോള്‍വോ ബസില്‍ രൂപമാറ്റം വരുത്തിയാണ് വാട്ടര്‍ ബസുകള്‍ ഉണ്ടാക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ബസിന്റെ സര്‍വീസ് ജില്ലയില്‍ പെരുമ്പളം-പാണാവള്ളി റൂട്ടില്‍ കൂടി വൈക്കം, ചേര്‍ത്തല എന്നിവിടങ്ങളിലേക്ക് നടത്താനാണ് തീരുമാനം.

കുസാറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.സുധീര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും. കരയിലും വെള്ളത്തിലും ഒരുപോലെ ഓടുന്നതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും അനുമതി ആവശ്യമാണ്.

ഡ്രൈവര്‍ക്ക് ഒറ്റയ്ക്കു പ്രവര്‍ത്തിപ്പിക്കാനാവുന്ന വിധത്തിലാണ് ബസിന്റെ രൂപകല്പന. ആധുനിക വോള്‍വോ ബസുകളിലുള്ള എ.സി.,ടി.വി,മൊബൈല്‍ റീചാര്‍ജ് സൗകര്യം എന്നിവയെല്ലാം വാട്ടര്‍ ബസിലും ഉണ്ടാകും.