Kerala

കനകക്കുന്നില്‍ വസന്തോത്സവം ജനുവരി 11 മുതല്‍ 20 വരെ

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയായ വസന്തോത്സവം 2019 ജനുവരി 11 മുതല്‍ 20 വരെ സംഘടിപ്പിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, വി.എസ് സുനില്‍കുമാറും പങ്കെടുത്ത യോഗമാണ് വസന്തോത്സവം കൂടുതല്‍ ആകര്‍ഷണീയമായി കനകക്കുന്നില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം കനകക്കുന്നില്‍ സംഘടിപ്പിച്ച വസന്തോത്സവം കാണുന്നതിന് ഒന്നര ലക്ഷത്തോളം ആളുകളെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് പണച്ചെലവില്ലാതെ സംഘടിപ്പിച്ച മേളയെന്ന രീതിയില്‍ പ്രശംസ പിടിച്ചുപറ്റിയതാണ് വസന്തോത്സവം.

കഴിഞ്ഞ വസന്തോത്സവത്തില്‍ 12 ലക്ഷത്തോളം രൂപ നീക്കിയിരുപ്പുമുണ്ടായി. സ്പോണ്‍സര്‍ഷിപ്പും ടിക്കറ്റ് വില്‍പ്പനയും വഴിയാണ് വസന്തോത്സവം സംഘടിപ്പിക്കുന്നതിന് പണം കണ്ടെത്തിയിരുന്നത്. അതിനാല്‍ മറ്റ് മേളകള്‍ക്ക് സര്‍ക്കാര്‍ പ്രളയ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വസന്തോത്സവത്തിന് തടസമാകില്ല.