Adventure Tourism

അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിംഗ് മത്സരത്തിനൊരുങ്ങി വയനാട്

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും വയനാട് ഡി റ്റി പി സിയും സംയുക്തമായി സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇന്റര്‍നാഷണല്‍ മൗണ്ടന്‍ സൈക്ലിംഗ് ഇവന്റ് (MTB Kerala2018) ഡിസംബര്‍ 8ന് വയനാട് മാനന്തവാടി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ നടക്കും. ലോക അഡ്വഞ്ചര്‍ ടൂറിസം മേഖലയ്ക്ക് കേരളത്തിന്റെ ശ്രദ്ധേയമായ പങ്കാളിത്തമാണ് മൗണ്ടന്‍ സൈക്ലിംഗ്.

ഇന്ത്യയ്ക്കു പുറമേ പത്തോളം വിദേശ രാജ്യങ്ങളിലെ സാഹസിക സൈക്ലിംഗ് താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ഇന്റര്‍നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ പുരുഷ വിഭാഗം, നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ പുരുഷ വിഭാഗം, നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ സ്ത്രീ വിഭാഗം എന്നീ വിഭാഗങ്ങളാണുള്ളത്. മത്സരങ്ങള്‍ അന്താരാഷ്ട്ര സാഹസിക ഭൂപടത്തിലേക്ക് കേരളത്തിന്റെ പ്രശസ്തിയെ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ് ക്രമീകരിച്ചിട്ടുള്ളത്.

അന്താരാഷ്ട്ര മത്സരമായ എം റ്റി ബി കേരളയുടെ ആദ്യ എഡിഷന്‍ 2012ല്‍
കൊല്ലം ജില്ലയിലെ തെന്‍മലയിലും, തിരുവനന്തപുരം ജില്ലയിലെ കോവളത്തുമായിരുന്നു. രണ്ടാമത്തെയും, മൂന്നാമത്തെയും എം റ്റി ബി കേരള വയനാട് പൊഴുതന ഹാരിസണ്‍ ടീ എസ്റ്റേറ്റിലും, മാനന്തവാടി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിലുമായാണ് നടന്നത്. എം റ്റി ബി കേരളയുടെ നാലാം എഡിഷന്‍ തിരുവനന്തപുരം ജില്ലയിലെ പാങ്കാവ്, കോട്ടൂരാണ് നടന്നത്. ടൂറിസം രംഗത്ത് വളരെ മുന്നിട്ടു നില്‍ക്കുന്ന വയനാട് ജില്ലയുടെ അഡ്വഞ്ചര്‍ ടൂറിസം മേഖലയ്ക്ക് എം റ്റി ബി കേരള 2018 ഒരു മുതല്‍കൂട്ടായിരിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സജ്ജീകരണങ്ങളോടുകൂടിയ അഞ്ച് കിലോമീറ്റര്‍
ദൈര്‍ഘ്യമുള്ള സര്‍ക്ക്യൂട്ട് ട്രാക്കാണ് എം റ്റി ബി കേരളയ്ക്കുവേണ്ടി തയ്യാറാക്കുന്നത്. കേരളത്തില്‍ അഡ്വഞ്ചര്‍ ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ മലയോര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകും.

വയനാട്ടിലെ അനുഗ്രഹീതമായ കുന്നിന്‍ ചെരിവും, ഉറച്ച പ്രതലവും ഈ മത്സരങ്ങള്‍ക്ക് അന്യോജ്യമാണ്. ഈ അന്താരാഷ്ട്ര മത്സരം കാണാന്‍ ആയിരകണക്കിന് തദ്ദേശീയരും, വിദേശികളും, കായിക പ്രേമികളും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരം വീക്ഷിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് സംസ്ഥാന ടൂറിസം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ലോകമെമ്പാടുമുള്ള സാഹസികരായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക മാത്രമല്ല, പുതുതലമുറയിലേക്കു കൂടി സാഹസികതയെ പകര്‍ത്തുക എന്ന ലക്ഷ്യം കൂടി ഇത്തരം അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം നയത്തില്‍ പ്രാധാന്യം നല്‍കുന്ന അഡ്വഞ്ചര്‍ ടൂറിസത്തിനു മുതല്‍ കൂട്ടാകും എം റ്റി ബി കേരളയുടെ അഞ്ചാം എഡിഷന്‍ .